റിയാദ് - ഒരു മാസമായി ശുമൈസി മോർച്ചറിയിൽ അനാഥമായി കിടന്ന മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രത്ന കുമാറിന്റെ മൃതദേഹമാണ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലിൽ തിരിച്ചറിഞ്ഞത്. ഓൾഡ് സനാഇയ്യയിലെ റൂമിൽ ഇദ്ദേഹം മരിച്ചുകിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത് ഒരു പാകിസ്താൻ പൗരനായിരുന്നു. പ്രമേഹരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ കാലിൽ മുറിവുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. റൂം തുറക്കാതെയായപ്പോഴാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ത്യക്കാരനായതിനാൽ പോലീസ് അഡ്രസ് ഇന്ത്യൻ എംബസിക്ക് കൈമാറി. എംബസിയാണ് സിദ്ദീഖ് തുവ്വൂരിനെ ബന്ധുക്കളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയത്. തുടർന്ന് സിദ്ദീഖ് ചിറയിൻകീഴ് മുസ്ലിം ലീഗ് നേതാവ് ഷഹീറുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് ബന്ധുക്കളെ കുറിച്ച് വിവരം നൽകിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ഭാര്യ: മോളി കുമാർ. മക്കൾ: സോനു, സാനു. 19 വർഷമായി നാട്ടിൽ പോയിട്ടില്ല. 13 വർഷമായി ഇഖാമ പുതുക്കിയിട്ടുമില്ല.