ആലപ്പുഴ- സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍കൂടി പിടിയിലായി. പതിനെട്ടാം പ്രതിയായ മലപ്പുറം പൊന്നാനി ഈഴുവതിരുത്തി കളപ്പരത്തിക്കല്‍ വീട്ടില്‍ ധനീഷ് (അപ്പു-31), പത്തൊന്‍പതാം പ്രതി മലപ്പുറം പൊന്നാനി ഈഴുവതിരുത്തി ഇളയാട്ടി പറമ്പില്‍ വീട്ടില്‍ അജയകുമാര്‍(28), 21 പ്രതി തൃശൂര്‍ ചാവക്കാട് എടക്കഴിയുര്‍ വലിയപുരക്കല്‍ മകന്‍ മുഹമ്മദ് ഫയാസ്(42) എന്നിവരെയാണ് പൊന്നാനി ഭാഗത്തും തൃപ്രയാര്‍നിന്നും പിടികൂടിയത്.
ഗള്‍ഫില്‍നിന്നെത്തിയ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസം വീട്ടില്‍ ബിന്ദുവിനെ സ്വര്‍ണക്കടത്തു സംഘം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റ്. മുഹമ്മദ് ഫയാസ് ആണ് പ്രാദേശിക ഗുണ്ടാ സംഘത്തെ ബന്ധപ്പെടുത്തി കൊടുത്തത്. തട്ടിക്കൊണ്ടു പോയി നെ•ാറയില്‍ ഒളിപ്പിച്ചിരുന്ന ബിന്ദുവിനെ വടക്കഞ്ചേരിക്കടുത്ത് മോടപ്പല്ലുര്‍ എന്ന സ്ഥലത്തു കൊണ്ടുവന്നു റോഡില്‍ ഉപേക്ഷിച്ചത് ധനീഷ്, അജയകുമാര്‍ എന്നിവരായിരുന്നു.
ഇന്‍സ്‌പെക്ടര്‍ എസ്. ന്യൂമാന്റെ നേതൃത്വത്തില്‍ എസ്.ഐ. ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒ റിയാസ്, സി.പി.ഒ മാരായ വിഷ്ണുപ്രസാദ്, സിദ്ദിഖുല്‍ അക്ബര്‍ എന്നിവര്‍ ചേര്‍ന്ന് ആണ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 17 ആയി. ബാക്കിയുള്ള പ്രതികളെയും താമസിയാതെ അറസ്റ്റ് ചെയ്യുമെന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഡോ. ആര്‍. ജോസ് പറഞ്ഞു.