Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത് 57 പേരിൽ-മന്ത്രി വീണ ജോർജ്

തിരുവനന്തപുരം- മെയ് 31 വരെയുള്ള കണക്കനുസരിച്ച് കൊവിഡ് ബാധിതരായ 57 പേരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകർമൈകോസിസ്) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഇതിൽ നാലുപേർ തമിഴ്‌നാട് സ്വദേശികളാണ്. കൊവിഡ് ബാധിതരല്ലാത്ത ആറു പേരിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ടുപേർ തമിഴ്‌നാട് സ്വദേശികളാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസ് രോഗത്തെപ്പറ്റി വിശദമായ പഠനം നടത്താൻ വിവിധ മേഖലകളിലെ ആരോഗ്യവിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലായി ഉണ്ടായത് 21 മുതൽ 30 വയസ് വരെയുള്ളവരിലാണ്. 261232 പേർക്കാണ് രോഗം ബാധിച്ചത്. 31 വയസ് മുതൽ 40 വയസ് വരെയുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗ്യ ബാധിച്ചിട്ടുണ്ട്. രണ്ടാം വ്യാപനം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമാണ് ബാധിക്കപ്പെട്ടത്. മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതൽ 90 വയസുവരെയുള്ളവരിലാണ്. ഈ പ്രായക്കാരിൽ 17105 പേർക്ക് രോഗം ബാധിക്കുകയും 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെയുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെയുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്കെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
 

Latest News