Sorry, you need to enable JavaScript to visit this website.

കോടികളുടെ ലഹരി വേട്ട: പ്രതിയുടെ ഫ്‌ളാറ്റില്‍ മയക്കുമരുന്നും ഹാഷിഷും

കൊച്ചി- അങ്കമാലിയില്‍ കഴിഞ്ഞ ദിവസം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ രണ്ടു പ്രതികളിലില്‍ ഒരാളായ ആബിദ് താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നു മയക്കു മരുന്നും ഹാഷിഷ് ഓയിലും പോലിസ് പിടിച്ചെടുത്തു. തൃക്കാക്കര ഭാരതമാതാ കോളജിന് സമീപമുള്ള ഫ്ളാറ്റില്‍നിന്നുമാണ് 70 മില്ലിഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം എം.ഡി.എം.എ എന്നിവ പോലിസ് കണ്ടെടുത്തത്.  
കേസ് അന്വേഷിക്കുന്ന ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്ക് തയാറാക്കി വച്ചിരുന്ന മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ഫ്ളാറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് ഫ്ളാറ്റ് ഇയാള്‍ വാടകക്കെടുത്തത്.
ചെന്നൈയില്‍നിന്നു പിക്ക്അപ് വാനില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന രണ്ടു കിലോ എം.ഡി.എം.എയാണ് അങ്കമാലി കറുകുറ്റിയില്‍ എറണാകുളം റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടിയത്.
സംഭവത്തില്‍ തളിപ്പറമ്പ് മന്ന സി.കെ ഹൗസില്‍ ആബിദ്, ചേര്‍ത്തല  വാരനാട് വടക്കേവിള ശിവപ്രസാദ് എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്നതാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് പോലീസ് പിടികൂടുന്നത്. മയക്കുമരുന്ന് പ്രത്യേകം പാക്ക് ചെയ്ത് പിക്കപ്പ് വാനില്‍ തയാറാക്കിയ അറയിലാണ് സൂക്ഷിച്ചിരുന്നത്. എസ്.പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലാകുന്നത്.

 

Latest News