Sorry, you need to enable JavaScript to visit this website.

സമുദായ സൗഹാർദവും സംവരണ നയവും


കേരളത്തിലെ പ്രബല വിഭാഗങ്ങളായ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ അവിശ്വാസത്തിന്റെ നിഴൽ പരത്താനുള്ള ചില ശ്രമങ്ങൾ നടന്നുവരുന്നുവെന്ന സത്യം കാണാതിരുന്നുകൂടാ. ഇത്തരമൊരു സാഹചര്യം പ്രകടമായും ദൃശ്യമാകുന്നത് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽക്കാണെങ്കിലും ചില സാമൂഹിക നിരീക്ഷകർ നേരത്തെ തന്നെ ചില സൂചനകൾ പൊതുസമൂഹത്തിന് നൽകിയിട്ടുണ്ടായിരുന്നു. അവയെല്ലാം പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയുകയാണ് ചെയ്തത്, വിശേഷിച്ചും മുസ്‌ലിം സമൂഹം.
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ എന്നീ മൂന്ന് പ്രബല മതങ്ങളുടെ പോറ്റില്ലമായ മലയാള ഭൂമിയിൽ പരസ്പരം ശങ്കിച്ചും അവിശ്വസിച്ചും കഴിയാൻ തുടങ്ങിയാൽ വിവേകാനന്ദൻ വിളിച്ച ഭ്രാന്താലയമായി കേരളം മാറാൻ അധികകാലം വേണ്ടിവരില്ല. അതിനാൽ, വസ്തുതകളുടെ പിൻബലത്തിൽ ഈ വിഷയത്തിൽ നിഷ്പക്ഷമായ ഒരപഗ്രഥനം നടത്താനും തിരുത്തലുകൾ ആവശ്യമെങ്കിൽ അത് വരുത്താനും ബന്ധപ്പെട്ടവർ തയാറാവണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുവരുന്ന എല്ലാ സംവാദങ്ങളും തൽക്ഷണം അവസാനിപ്പിക്കുകയും ഇരുസമുദായങ്ങളുടെയും നേതാക്കൾ ഒരു മേശക്ക് ചുറ്റുമിരുന്ന് ആശയവിനിമയം നടത്തുകയും വേണം. അതിനുള്ള ആർജവമാണ് ഇരുഭാഗത്തുമുള്ള നേതാക്കളോട് കാലം ആവശ്യപ്പെടുന്നത്. 


ഗോകർണം മുതൽ കന്യാകുമാരി വരെ ഒരു സമൂഹം ഇവിടെ നൂറ്റാണ്ടായി സൗഹാർദത്തിൽ ജീവിക്കുകയാണ്. ഇവരുടെ ദേശത്തിന്റെ പേര് കേരളമെന്നാണ്. ഒരു പക്ഷേ ഖൈറുള്ള എന്ന അറബി പദത്തിൽനിന്നും അറേബ്യൻ കച്ചവടക്കാരിലൂടെ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ലഭിച്ചതാകാം ഈ പേര്. ചുരുങ്ങിയത് മുവ്വായിരം വർഷമായി ലോകത്തിന്റെ പ്രാമുഖ്യമുള്ള ലക്ഷ്യസ്ഥാനമാണ് ഈ കൊച്ചുപ്രദേശം. അറബ്യയും ചൈനയും മധ്യേഷ്യയും യൂറോപ്പുമടങ്ങുന്ന വാണിജ്യ വ്യൂഹങ്ങളെല്ലാം കേരള തീരത്തിന്റെ അഞ്ചിലധികം വരുന്ന തുറമുഖ പട്ടണങ്ങളിൽ നങ്കൂരമിട്ട്  സുഗന്ധവ്യഞ്ജനങ്ങളും അമൂല്യരത്‌നങ്ങളും പട്ടും ഇരുമ്പുമടക്കം പത്തേമാരികൾ നിറച്ച് ലോകവിപണിയിൽ പ്രൗഢി വിളിച്ചോതിയിട്ടുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് തോമാശ്ലീഹ പുണൃവാളനിലൂടെ ക്രിസ്തുമതവും ഒരു സഹസ്രാബ്ദം മുമ്പ് മാലിക് ബിൻ ദീനാറിലൂടെ ഇസ്ലാമും ഇക്കര പുൽകിയതായാണ് ചരിത്രം.    


പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഈ തീരങ്ങളിൽ വീശിയടിച്ച കാറ്റിനു പോലും പറയാനുള്ളത് നവോത്ഥാനത്തിന്റെ കഥകളാണ്. എല്ലാ വിഭാഗങ്ങൾക്കുമുണ്ട് ആവേശം വിതറുന്ന തനത് നവോത്ഥാന പാരമ്പര്യം. അന്നു മുതലിന്ന് വരെ ചിത്തവിക്ഷേപങ്ങൾക്കടിപ്പെടാതെ ഇരു സമുദായങ്ങളും സൗഭ്രാത്രം കാത്തുസൂക്ഷിച്ചു. എല്ലാറ്റിലും ഹൈന്ദവ സമൂഹവും ഒന്നുചേർന്ന് ഊടും പാവും നെയ്തതിന്റെ അനുഗൃഹീത ചരിതമാണ് ഈ മണ്ണിന്റെ മനസ്സ്. അതൊക്കെയും ഒഴുകിയെത്തുന്നത് ബഹുസ്വര സമൂഹ സൃഷ്ടിയിലാണ്. വിഭാഗീയതയുടെ വിഷവിത്തുകൾ ഇന്ത്യയുടെ ഇടനെഞ്ച് കീറിമുറിക്കുമ്പോഴും കേരളം ഈ വിഭാഗീയ രാഷ്ട്രീയത്തെയും ദർശനത്തെയും സ്വീകരിക്കാതെ അകലം പാലിക്കുകയാണ് ചെയ്യുന്നത്. ഇവിടം ശ്രീനാരായണ ഗുരുദേവന്റെ സോദരത്വേന ചിന്തകൾ വിളയിച്ചെടുത്ത പൂവാടികയാണ്.

സ്‌നേഹ പാശത്തിൽ കോർത്തതാണ് നമ്മുടെ പാരമ്പര്യം. വേദങ്ങളിലെ വരികൾ, ഉപനിഷത്തുകളിലെ വാക്യങ്ങൾ, സ്മൃതികളിലെ സംഗീതം, ബൈബിളിന്റെ സ്‌നേഹം, ഖുർആന്റെ മുന്നറിയിപ്പ്... എല്ലാം പരസ്പരം ആലിംഗനം ചെയ്താണ് നിലകൊള്ളുന്നത്. പിന്നെയെന്തുകൊണ്ടാണ് ഇപ്പോൾ പൊടുന്നനെ ഒരു കോലാഹലം? അതെന്താണ് കൂടിക്കൂടി വരാൻ ഹേതു? ആരോപണങ്ങളുടെ അമ്പുമാരികളാൽ മുഖരിതമാണ് അന്തരീക്ഷം. വെളിച്ചം മെല്ലെ അസ്തമിക്കുകയാണോ, ഇരുൾ മുറ്റിയ കാർമേഘ മേലാപ്പിലേക്ക് ചേക്കേറുകയാണോ നമ്മളെല്ലാം? ജലപാതം കണക്കെ കൂലംകുത്തി പ്രവഹിക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾ കാഴ്ചയെ പാടെ മറയ്ക്കുന്നു. പരവാദം പരിഗണിക്കാതെ തങ്ങളുടെ വാദഗതി ജയിക്കുവാൻ സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നു. അങ്ങനെ സംവദിക്കുക എന്ന ആശയത്തെപ്പോലും ദുർജനം വധിച്ചുകഴിഞ്ഞു ഇതിനോടകം.

ഈ കൗശലം തുടരരുത്. ഇരുപക്ഷത്തുമുള്ള സ്‌നേഹമയികളായ നേതാക്കൾ ഇടപെടണം. പണ്ടാരപ്പിള്ളരെ പോരിന് വിട്ട് അങ്കം കാണുന്നവരാവരുത് സമാരാധ്യരായ നേതാക്കളും പണ്ഡിതരും മതസംഘടനകളും. തീക്കൊള്ളി ചുഴറ്റുമ്പോൾ കാണുന്ന അലാതചക്രം കാഴ്ചക്ക് ഹരമാണെങ്കിലും അതൊരു കൈവിട്ട കളിയാകും. കാരണം തീവ്രമായ വെറുപ്പിന്റെ ഇന്ധനത്തിൽ ചവിട്ടിയാണ് ഇപ്പഴത്തെ നിൽപ്. ഒരു പൊരിവീണാൽ എല്ലാം ചാമ്പലാകും. ഇന്നിന്റെ ദൗത്യം നിറവേറ്റുന്നതിൽ അമാന്തമോ ആലസ്യമോ അരുതെന്ന് ആവർത്തിക്കുന്നതിൽ ക്ഷമിക്കുക.
ഇന്ത്യാ രാജ്യത്തെ ഇരുപത് കോടിയോളം വരുന്ന മുസ്‌ലിംകളിൽ കേരളത്തിലെ അഞ്ച് ശതമാനത്തെ മാറ്റിനിർത്തിയാൽ ലോകത്തിലെ തന്നെ ഏറ്റവും അവശത പേറുന്നവരാണ് ഇന്ത്യൻ  മുസ്‌ലിംകളെന്ന് കാണാൻ കഴിയും. ദളിതുകൾക്കും താഴെയാണ് അവരുടെ നിലവാരം. ഹിന്ദു, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കൊപ്പം നവോത്ഥാന പ്രക്രിയയിൽ ഭാഗഭാക്കാവുക നിമിത്തം കേരളത്തിലവർ പാടേ പിന്തള്ളപ്പെട്ടില്ല. എന്നിരുന്നാലും ഈ രണ്ടു മതങ്ങൾക്കും എത്രയോ പിറകിലായിരുന്നു തുടക്കത്തിൽ മുസ്ലിം സമൂഹം. കോട്ടയത്ത് സി.എം.എസ് കോളേജ് ആരംഭിക്കുന്നത് 1815 ലാണ്. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളേജ് തുടങ്ങിയത് 1866 ലാണ്. എറണാകുളത്ത് മഹാരാജാസ് കോളേജാവട്ടെ 1875 ലും. അപ്പോഴൊന്നും വിജ്ഞാനത്തിന്റെ വെട്ടം മുസ് ലിംകളുടെ ആസ്ഥാന ഭൂമികയായ മലബാറിൽ എത്തിയിട്ടുണ്ടായിരുന്നില്ല. 


തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട് കേരള ചരിത്രത്തിലെ ആദ്യത്തേതും സുപ്രധാനവുമായ മുന്നേറ്റമായി അടയാളപ്പെടുത്തപ്പെട്ടതാണല്ലോ മലയാളി മെമ്മോറിയൽ. നമ്പൂതിരി ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട 10,028 വ്യക്തികളാണ് തിരുവിതാംകൂർ മഹാരാജാവിന് 1891 ൽ സമർപ്പിച്ച ഈ നിവേദനത്തിൽ ഒപ്പിട്ടിരുന്നത്. അതിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരേയൊരു കീഴാളവിഭാഗം മുസ്‌ലിംകളായിരുന്നു. അതിന് പറയപ്പെട്ട കാരണം, ജോലി ചെയ്യാൻ യോഗ്യതയുള്ള ഒരാളും അഥവാ പഠിപ്പുള്ളവർ മുസ്‌ലിംകളിൽ ഇല്ലെന്നതായിരുന്നു. ഇതായിരുന്നു തിരുവിതാംകൂർ മഹാരാജായുടെ കീഴിലെ മുസ്‌ലിംകളുടെ അവസ്ഥയെങ്കിൽ മലബാർ മാപ്പിളമാരുടെ സ്ഥിതിയെക്കുറിച്ച് മറിച്ചൊന്നും പറയേണ്ടതില്ലല്ലോ.
ബ്രിട്ടീഷുകാരുടെയും ഫ്യുഡൽ മാടമ്പിമാരുടെയും കീഴിൽ ജന്മി-കാണ-കുടിയാൻ വ്യവസ്ഥയിൽ ആരാന്റെ വിറകുവെട്ടികളും വെള്ളംകോരികളുമായി നൂറ്റാണ്ടുകൾ തള്ളിനീക്കിക്കൊണ്ടിരിക്കവേയാണ് ഖിലാഫത്ത് പ്രക്ഷോഭം 1921 ൽ പൊട്ടിപ്പുറപ്പെട്ടത്. സാമ്രാജ്യ ശക്തിക്കെതിരെയുള്ള ഈ പ്രക്ഷോഭത്തിൽ  ഇന്നത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉൾപ്പെടുന്ന ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ പെട്ട പതിനായിരത്തോളം മുസ്‌ലിംകളാണ് വധിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം പേരെ ആൻഡമാനിലേക്ക് നാടുകടത്തുകയും മറ്റൊരു മുപ്പതിനായിരം ആളുകളെ വിവിധ ജയിലുകളിലായി തടവിലിടുകയും ചെയ്തതോടെ ശുദ്ധശൂന്യതയിലേക്കും ദൈന്യതയിലേക്കും പരാശ്രയത്വത്തിലേക്കും സമുദായം ഒന്നടങ്കം കൂപ്പുകുത്തി.

മാപ്പിളയെ കണ്മുമ്പിൽ കണ്ടാൽ വെടിവെച്ചു കൊല്ലാനുള്ള പ്രത്യേക അനുമതിയാണ് മാപ്പിള ഔട്ട്‌റേജസ് ആക്റ്റ് വഴി പോലീസിന് ലഭിച്ചത്. മാപ്പിളമാരുടെ വിദ്യാഭ്യാസ കണക്കെടുത്താൽ പരമദയനീയമായിരുന്നു അവസ്ഥ. 1930 കളിൽ മദ്രാസ് ഗവണ്മെന്റ് ബ്രിട്ടീഷ് മലബാറിലെ വിദ്യാർത്ഥികളുടെ എണ്ണമെടുത്തപ്പോൾ കെ.ജി തലംതൊട്ട് പി.ജി തലം വരെ ആയിരത്തിനടുത്ത് മുസ്‌ലിം കുട്ടികൾ പോലും പഠിക്കുന്നുണ്ടായിരുന്നില്ല. അന്നത്തെ മലബാർ ജില്ലയെന്നത് ഇന്നത്തെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളായിരുന്നു. അവർക്ക് പിന്നീടൊരു പരഗതി ഉണ്ടാകുന്നത് 1967 ൽ മുസ്‌ലിം ലീഗ് സപ്തകക്ഷി മുന്നണിയിൽ പങ്കാളികളാകുന്നതോട് കൂടിയാണ്. സപ്തകക്ഷി മുന്നണിയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സി.എച്ച്. മുഹമ്മദ് കോയ മലബാറിലെ എല്ലാ ഓണംകേറാ മൂലയിലും പ്രാഥമിക വിദ്യാലയങ്ങൾ അനുവദിച്ചുകൊണ്ട് നടത്തിയ വിദ്യാഭ്യാസ വിപ്ലവമാണ് മുസ്‌ലിംകളെ മറ്റു സമുദായങ്ങളോട് മത്സരിക്കുന്നതിന് അൽപമെങ്കിലും പ്രാപ്തമാക്കിയത്. ഇതൊരു ഒളിച്ചുകടത്തലായിരുന്നില്ല, അവശതയിലാണ്ട ഒരു വിഭാഗത്തെ പ്രത്യേകം പരിഗണിക്കുക വഴി സമൂഹത്തിന്റെ മൊത്തം ഉന്നമനം ഉറപ്പു വരുത്തുകയായിരുന്നു.  

അർഹമല്ലാത്ത വല്ലതും കൈക്കലാക്കുന്ന നിലവാരത്തകർച്ചയിലേക്ക് ഈ സമുദായത്തിലെ നേതാക്കൾ മുൻകാലങ്ങളിലോ ഇപ്പോഴോ പോയിട്ടില്ലെന്നുറപ്പാണ്. കോട്ടാൽ ഉപ്പി സാഹിബ് മദ്രാസ് അസംബ്ലിയിൽ കുടിയാന്മാർക്ക് കൃഷിഭൂമി ലഭിക്കുന്നതിനു വേണ്ടി ഭൂപരിഷ്‌കരണത്തിനായി ബില്ലവതരിപ്പിച്ച് വാദിച്ച ജന്മിയായ സാമാജികനായിരുന്നു. നൂറുകണക്കിന് ഹെക്ടർ ഭൂസ്വത്തുള്ള തറവാട്ടിൽനിന്ന് വരുന്ന, ഭൂനയം വന്നാൽ അവയൊക്കെ വിട്ടുകൊടുക്കേണ്ടി വരുമെന്നുറപ്പുള്ള താങ്കളെന്തിനാണ് കുടിയാന്മാർക്ക് വേണ്ടി വാദിക്കുന്നതെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, 'ഞാൻ എന്റെ തറവാടിന്റെ പ്രതിനിധിയായിട്ടല്ല തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, പാവപ്പെട്ട കർഷകരുടെയും കുടിയാന്മാരുടെയും പ്രതിനിധിയായാണ്' എന്നാണ്. എക്കാലവും മുസ്‌ലിം നേതാക്കളുടെ നിലപാട് ഇതു തന്നെയായിരുന്നു.

'എന്റെ സമുദായത്തിന്റെ അവകാശങ്ങളിൽ തലനാരിഴ ഞാൻ വിട്ടു കൊടുക്കില്ല, അന്യ സമുദായങ്ങളുടെ അവകാശങ്ങളിൽ നിന്ന് ഒരു മുടിനാരിഴ ഞാൻ പിടിച്ചെടുക്കുകയുമില്ല'. ഇതിഹാസ തുല്യനായ സി.എച്ച്. മുഹമ്മദ് കോയയുടെ ഈ വാക്കുകൾ തന്നെയാണ് അദ്ദേഹത്തിന്റെ പിന്മുറക്കാർക്കും പറയാനുള്ളത്.  സംവരണത്തിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രാതിനിധ്യത്തിലടക്കം കേരളത്തിലെ ഓരോ സമുദായങ്ങളും എന്തെല്ലാം നേടിയെന്നും അതിലെ തിരുത്തേണ്ട കാര്യങ്ങളെന്തെന്നും ഒരു ധവളപത്രം സർക്കാർ ഇറക്കട്ടെ. മുസ്‌ലിംകൾ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇതാണ് മുസ്‌ലിം സമൂഹത്തിന്റെ നയമെന്ന് സഭാ നേതൃത്വം മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Latest News