Sorry, you need to enable JavaScript to visit this website.

കർപ്പൂരവള്ളി എങ്ങാനും കിട്ടാനുണ്ടോ?

ഞാൻ കണ്ടിട്ടില്ല. കണ്ടവരാരെങ്കിലും തിരിച്ചറിയാൻ വയ്യാത്ത കർപ്പൂരവള്ളി വളരുന്ന കുന്ന് മുഴുവൻ പൊക്കിക്കൊണ്ടുവരാൻ പുതിയൊരു ഹനുമാനെ ചട്ടം കെട്ടിയതായി കേട്ടറിവില്ല.  ലാവൻഡർ എന്ന ഇംഗ്ലീഷ് സസ്യനാമത്തിന്റെ മലയാളം തേടിപ്പോയതായിരുന്നു. അതത്രേ കർപ്പൂരവള്ളി. കർപ്പൂരം മണക്കുകയോ രുചിക്കുകയോ ചെയ്യുന്ന, തേടിപ്പോയാലും കാലിൽ ചുറ്റാത്ത വള്ളി എന്നാകുമോ ആവോ അർഥം? 

അത്ഭുതങ്ങൾ ഉള്ളിലൊതുക്കുന്ന ലാവൻഡറിനെപ്പറ്റി കേൾക്കുന്നത് ഈയിടെ, അത്ഭുതങ്ങൾ കാണുന്ന കണ്ണു മങ്ങാൻ തുടങ്ങിയ കാലത്തായിരുന്നു. ലാവൻഡറിന്റെ അദ്ഭുത സിദ്ധികളെപ്പറ്റി ഒരു ടി.വി ഡോക്ടർ വെളിപാടേറ്റ ദിവ്യനെപ്പോലെ സംസാരിക്കുന്നതായി കേട്ടു. കാരണവും കാര്യവുമില്ലാത്ത ഒരു രോഗത്തിന്റെ ഊഹം മാത്രമായ പരിഹാരത്തെപ്പറ്റിയായിരുന്നു വെള്ളിത്തിരയിലെ വൈദ്യന്റെ ഗീർവാണം. ആയുസ്സിന്റെ അധിപനല്ല വൈദ്യൻ (ന വൈദ്യോ പ്രഭുരായുഷ:) എന്ന പ്രമാണമൊന്നും മൂപ്പർക്കു ബാധകമല്ല. ലാവൻഡർ സോപ്പ് കിടപ്പു വിരിയിൽ ഇട്ടാൽ രോഗം ശമിക്കുമെന്നും ഉറക്കം വരുമെന്നുമാണ് സിദ്ധാന്തം.

ആദ്യം രോഗത്തെപ്പറ്റി. കാലിളക്കം എന്നു നമുക്ക് ചുളുവിൽ വിളിക്കാവുന്ന റെസ്റ്റ്‌ലസ് ലെഗ് സിൻഡ്രം ആണ് മഹാന്മാർ പതിറ്റാണ്ടുകൾ മെനക്കെട്ടിട്ടും മനസ്സിലാക്കാൻ കഴിയാത്ത വൈഷമ്യം. രണ്ടു കാര്യം ഉറപ്പായിരിക്കുന്നു. ഒന്ന്, രോഗകാരണം എന്തെന്നറിയില്ല. രണ്ട്, പരിഹാരമില്ല. ചുമ്മാ ഇരിക്കുമ്പോൾ, അല്ലെങ്കിൽ, കിടക്കുമ്പോൾ കാൽമുട്ടിനു താഴെ എവിടെ നിന്നോ അവൻ തുളച്ചുകേറി വരുന്നു -വേദന. വൈകുന്നേരം അവന്റെ സഞ്ചാരം കൂടിയിരിക്കും. പെരുപ്പ് ആണോ, തരിപ്പ് ആണോ, വരിഞ്ഞുമുറുക്കം ആണോ എന്നൊന്നും തീർത്തു പറയാൻ വയ്യ. ഓരോരുത്തർക്കും ഓരോ താളത്തിലാണ് വേദനയുടെ അനുഭവം. 

കാൽ തൂക്കിയിട്ടിരുന്നാലും കിടന്നാലും അവൻ മിന്നൽ പോലെ കയറി വരും, വന്ന പോലെ പോകും. തൂക്കിയിടാതെ, നീട്ടിവെച്ചു കിടക്കാതെ, നടക്കുകയോ കാൽ പൊക്കി വെക്കുകയോ ചെയ്തു വേദന മറി കടന്നുകൂടേ? കാലിളക്കം സഹിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു രസികൻ മറുചോദ്യം എടുത്തിട്ടു: കാൽ ആകാശങ്ങളെ ഭേദിക്കാനുള്ളതല്ല, ഭൂമിയിൽ ഊന്നി നടക്കാനുള്ളതാണ്. അതെങ്ങനെ എപ്പോഴും ദിശ താഴോട്ടാക്കി നിർത്തും? നിൽക്കുന്ന മനുഷ്യൻ, സിറ്റിംഗ് ജഡ്ജിയിൽനിന്നു വ്യത്യസ്തനായി, ശങ്കരാചാര്യർ ചൂണ്ടിക്കാട്ടിയ വന്ധ്യാസുതനെപ്പോലെ, ഒരസാധ്യതയായിരിക്കും. 

കാലിളക്കത്തിന് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്ന് ചിലതുണ്ട്. അതിന്റെ ഫലശ്രുതി തൽക്കാലം സൗകര്യം പോലെ ഒഴിവാക്കാം. മരുന്നിനോടൊപ്പം അവരും മറ്റു ചില സർവജ്ഞരും പറഞ്ഞുപോകുന്ന പ്രതിവിധികളിൽ ഒന്നാകും വെള്ളത്തിൽ കുറെ നേരം കാൽ മുക്കിയിടുന്നതും  വേദന എല്ലു പൊളിക്കുമ്പോൾ എഴുന്നേറ്റു നടക്കുന്നതും. പിന്നെ നടത്തവും. നമ്മുടെ ആർഷ വൈദ്യന്മാർ പണ്ടേ കണ്ടിരുന്നതാണ് നടത്തത്തിന്റെ നന്മ. അവർ അരുളിച്ചെയ്തു: ചരൈവേതി, ചരൈവേതി. നടപ്പിൻ, നടപ്പിൻ. പക്ഷേ എപ്പോഴും നടന്നുകൊണ്ടിരുന്നാൽ മതിയോ? നടക്കാതെയും കാര്യം നടക്കണമല്ലോ.

വിശേഷിച്ചൊരു കാരണവുമില്ലാതെ കാൽ കോച്ചുന്നതു പോലെ. അപ്പോൾ സ്ഥലം മാറ്റിവെക്കുക. ഉടനെ പഴേടത്തേക്കു തന്നെ കൊണ്ടുപോവുക. പാദം ഒന്നിനു മുകളിൽ മറ്റൊന്നു വെച്ചുനോക്കുക. അങ്ങനെ 'മാറ്റുവിൻ ചട്ടങ്ങളേ' എന്ന നിബന്ധനയനുസരിച്ച് കാൽ ഇളക്കിക്കൊണ്ടിരിക്കുക. കാൽ ഇളകിക്കൊണ്ടിരിക്കുന്നതുകൊണ്ട് കൂമ്പുന്ന കണ്ണ് വിടരുന്നു, ഉറക്കം വിടുന്നു. ഉറക്കം മുടങ്ങുന്നതുകൊണ്ട് മുഷിയുന്നു. പരിഭ്രമമാകുന്നു. അതു പിന്നെ ഓരോരോ വിഷമമായി മാറുന്നു. അതാണ് പ്രശ്‌നം.  അതിനുള്ള പരിഹാരമാണ് ഒരു ടെലിവിഷൻ ഡോക്ടർ നിർദേശിക്കുന്ന ലാവൻഡർ സോപ്പ്.  
വിരിപ്പിനുള്ളിൽ സോപ്പ് തിരുകിവെക്കുക. രോഗം പമ്പയും ഭാരതപ്പുഴയും കടക്കുമത്രേ. അതിന്റെ വാസനയിൽ വിറളി എടുക്കുന്ന ഞരമ്പുകൾ അടങ്ങിയൊതുങ്ങിക്കഴിയുമെന്നാണ്  ആപ്തവാക്യം. സിരാമുഖങ്ങൾ ശാന്തമാകും. വൈദ്യവിശാരദന്മാർക്ക് മെരുക്കാൻ കഴിയാത്ത കാലിളക്കം കർപ്പൂരവള്ളിക്ക് കീഴടങ്ങുന്നു. തടസ്സപ്പെടുന്ന ഉറക്കം, ഇതാ,  ആടിക്കുഴഞ്ഞു വഴങ്ങി വരുന്നു. സംശയിക്കുന്ന തോമസുമാരും അർജുനന്മാരും കണ്ടേക്കാം. അവർ എന്നും എവിടെയുമുണ്ടായിരുന്നു. 
കർപ്പൂരവള്ളിയുടെ കഥ  കേട്ട പാതി, കേൾക്കാത്ത പാതി, മാതൃസ്‌നേഹം മൂത്ത മകൾ അമ്മക്കും അച്ഛനും  വേണ്ടി ഒരു പാക്കറ്റ് ആവശ്യപ്പെടുന്നു.  സോപ്പായും എണ്ണയായും ചെറുകുപ്പികളിൽ കർപ്പൂരവള്ളി വരവായി. സർവരോഗഹരൌഷധമായ ലാവൻഡർ. കർപ്പൂരവള്ളി. ഒരു കുപ്പിയിലെ തൈലത്തിന് ഭാവനാശാലിയായ ഭൈഷജ്യരത്‌നാകരൻ കൊടുത്തിരിക്കുന്ന പേർ ഇങ്ങനെ:  ആത്മപുഷ്പം, അഥവാ സോൾ ഫഌർ. കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമൻ നേരിട്ട വിഷമമൊന്നും അനുഭവിക്കാതെ എന്റെ കൈയിലെത്തിയ ആത്മപുഷ്പം വിടരട്ടെ, വാസന വികിരണം ചെയ്യട്ടെ!
ടെലിവിഷനിൽ കർപ്പൂരവള്ളിയുടെ മാഹാത്മ്യം കേട്ടു മയങ്ങുന്നതിനു മുമ്പേ അത്ഭുതൗഷധങ്ങൾ എന്നെ ഭ്രമിപ്പിച്ചിരുന്നു.  കാലിളക്കത്തിന് തന്നെ വിനീതയായ ഒരു വൈദ്യ പരിഹാരം പറയുകയുണ്ടായി: മുരിങ്ങയുടെ നീര് പത്തു മിനിറ്റ്  തേച്ചുപിടിപ്പിക്കുക. വേരരച്ചിടുക മാത്രമല്ല, കായ വേവിച്ചു വിഴുങ്ങുകയും ചെയ്യാം, കാലിളക്കം ശമിക്കുമെങ്കിൽ.  എത്ര കാലം വേണമാവോ കർപ്പൂരത്തിന്റെയും മുരിങ്ങയുടെയും അത്ഭുതം വിരിഞ്ഞുവരാൻ, അത്ര കാലം കാത്തിരിക്കുക തന്നെ.
ഓരോരുത്തർ ഓരോ പേരിട്ട് അതിനെ സഹസ്രനാമൻ ആക്കിയിരിക്കുന്നു. ആസ്ഥാന വൈദ്യന്മാർക്കും ഔഷധാചാര്യന്മാർക്കും ധാരണയില്ലാത്ത രോഗങ്ങളും പ്രതിവിധികളും അവർക്ക് എളുപ്പം വഴങ്ങുന്നു. എന്ത്, എന്തിനു, എന്തുകൊണ്ട് എന്നൊന്നും ചോദിക്കരുത്.  കഥയില്ലായ്മയിൽ ചോദ്യമില്ല.  കർപ്പൂരവള്ളി ചുറ്റിയതിനുമുമ്പും ഗൃഹചികിത്സ പരിചിതമായിരുന്നു. ഫലിച്ചാലും ഇല്ലെങ്കിലും കർപ്പൂരത്തിനു ശേഷവും അത് നിലനിൽക്കും. പഴകിയ ഓർമ ചികഞ്ഞുനോക്കിയാൽ   വള്ളിക്കുന്നിലെ കാടുപിടിച്ച കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയും മുഖം കഴുകയും ചെയ്ത രണ്ടു കുട്ടികൾക്ക് കാഴ്ച കിട്ടി പോലും! നിഴലും വെളിച്ചവും പശുക്കൾക്കേകാറുള്ള കിഴവൻ അശ്വത്ഥത്തെ പ്രദക്ഷിണം ചെയ്തവരുടെ തളർന്ന കാലിന് സ്വാധീനം തിരിച്ചു കിട്ടിയത്രേ. കൊല വിളിച്ചുനിൽക്കുന്ന ആനയുടെ മസ്തകത്തിൽ തോളിലിട്ട ഈറൻ മുണ്ട് അമർത്തിപ്പിടിച്ച് അഷ്ടവൈദ്യൻ സമാധാനം പുനഃസ്ഥാപിക്കുകയുണ്ടായി. കൈവിട്ടുപോയ കുട്ടിക്ക് ധന്വന്തരിയെ ധ്യാനിച്ചു കൊടുത്ത ദിവ്യഗുളിക കൊണ്ട് ബാലൻ വൈദ്യർ അത്ഭുതം ചമച്ചു. അതു സംസാരിക്കുന്നവർക്കിടയിൽ പച്ചവെള്ളം മുന്തിരിച്ചാറാക്കി മാറ്റിയ അത്ഭുതൗഷധം എളുപ്പം പ്രചരിച്ചു.  
അൽപം കൂടി പുതുമയുണ്ട് കഷണ്ടിയുടെ കഥാസരിത്സാഗരത്തിന്. കഷണ്ടി മാറ്റുന്ന വിദ്യയുടെ കഥ കേൾക്കാൻ രാജനും തോമസ് വർഗീസും ഞാനും നേരിയൊരു ഓളം കേറി പോയതായിരുന്നു. തന്റെ പേരുകൊണ്ട് ഘോഷമുണ്ടാക്കുന്ന ഭൃങ്ഗാ എന്ന കയ്യോന്നി കലർത്തിയ എണ്ണ തേച്ചാൽ നര കറുക്കുകയും ഊഷരമായ പ്രതലത്തിൽ രോമം വളരുകയും ചെയ്യുമെന്നു ഞാൻ വിജ്ഞാനം വിളമ്പിയപ്പോൾ ശാസ്ത്രജ്ഞൻ  ക്ഷുഭിതനായി. ചുമരു പോലെയുള്ള തലയിലും ഇടംവലം ചാടുന്ന പൂച്ചയുടെ പുറത്തും നമ്മുടെ രോമോൽപന്നം മുടി വളർത്തുമോ എന്ന ചോദ്യം കൂടി കേട്ടപ്പോൾ അകത്താക്കിയ ദ്രാവകം ഒന്നു കൂടി മൂത്തു. 

പക്ഷേ മരുപ്പച്ചയും മുയൽക്കൊമ്പും കണ്ടതു പോലെയായി ജനം.  കേട്ടവർ കേട്ടവർ സ്തംഭിച്ചുനിന്നു. പരീക്ഷണത്തിനും പ്രയോഗത്തിനുമായി പുതിയ ഔഷധം തേടി നടന്നു. വിശ്രമത്തിനും വിചിന്തനത്തിനുമായി പൂങ്കാവനത്തിലേക്ക് ഉല്ലാസ യാത്ര നടത്തി. അവിടത്തെ ഒരു ചെടി കണ്ടപ്പോൾ ടിയാൻ വിജൃംഭിതനായി.  അദ്ദേഹം മൊഴിഞ്ഞു: 'എഴുതിയെടുക്കൂ ഗവേഷണ ബിരുദം. എന്റെ പേരു മാത്രം പറഞ്ഞാൽ പോരും.' ചെടിയിൽ കൈതയുടെ മുള്ളു പോലെ സത്യം തുടിച്ചുനിന്നു. പണ്ടാർക്കോ കരിച്ച കൈതയോല എരുമ നെയ്യിൽ ചാലിച്ചു കൊടുത്താൽ ചർമരോഗം മാറുമെന്ന് ഒരു വൈദ്യശിരോമണിയോ ശിരസ്സറ്റ മണിയോ ഉപദേശം നൽകിയതായി കേട്ടിരുന്നു.  അവർ, അത്ഭുതൗഷധങ്ങൾ നിർമിക്കുന്നവർ, അവകാശ വിപ്ലവം നിർത്താറില്ല. 

നാട്ടറിവായും കേട്ടറിവായും അതു പടരുന്നു, ബ്രഹ്മാണ്ഡത്തിന്റെ അകം വരെ നീളുന്നു. പാരമ്പര്യം വഴി ഒഴുകുന്നു.  തടുക്കുന്നവരെയും തടയുന്നവരെയും അത്ഭുതപരതന്ത്രരാക്കുന്നു. അതിലൊരു ഭംഗി കാണാം.  ഇല്ലായ്മയിലും അസാധ്യതയിലും തിളങ്ങി വിടരുന്ന അത്ഭുത ഭംഗി. ആ ഭംഗി കാണാതെ കടന്നു പോയിക്കൂടാ. ആയുധമില്ലാതെ അടരാടുന്ന വായ്‌പോരാളികളാണ് അതിന്റെ നിർമാതാക്കൾ. ഗോത്രങ്ങളിലൂടെ, തലമുറകളിലൂടെ, കൈമാറി വരുന്ന വിശ്വാസമെന്ന വിജ്ഞാനം കണ്ണടച്ചു തള്ളിക്കളയാനുള്ളതല്ല. അങ്ങനെ തള്ളിക്കളയുന്ന 'നാവെനിക്കവിശ്വാസ്യം' എന്ന് കവി മൂളിയേക്കും. പക്ഷേ എത്ര കർപ്പൂരവള്ളി ആർക്കൊക്കെ എന്തെല്ലാം ചെയ്തുവെച്ചു എന്നു കൂടി അന്വേഷിക്കണം. അതില്ലെങ്കിൽ ചൊറി കുത്തിയിരിക്കുമ്പോൾ പണം പിടുങ്ങുന്ന വടിവേലുമാരെ തുണയ്ക്കലായിരിക്കും ഫലം. 

Latest News