തിരുവനന്തപുരം- കൊടകര കുഴല്‍പ്പണക്കേസില്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കവേ ബി.ജെ.പി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോ? നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു അതാണ് ഗുരുതരമായ പ്രശ്‌നമെന്നും സതീശന്‍ പറഞ്ഞു.
കുഴല്‍പ്പണക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നു. എത്ര തുകയാണ് കൊണ്ടുവന്നത്. ഒമ്പതര കോടിയെന്ന് വാര്‍ത്ത. ആറ് കോടി മറ്റ് ജില്ലയില്‍ പോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര പണം കണ്ടെടുത്തു. ധര്‍മ്മരാജന്‍ 25 ലക്ഷം മാത്രം തട്ടിയെടുത്തെന്നാണ് പരാതി പറഞ്ഞത്. അറിയപ്പെടുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് ഇയാള്‍.
അയാളുടെ കൈയില്‍ 25 ലക്ഷമല്ല ഉണ്ടായിരുന്നത്. മൂന്നരക്കോടി വണ്ടിയിലുണ്ടായിരുന്നു എന്ന് മൊഴി കിട്ടിയിട്ടും അത് എവിടെനിന്ന് വന്നു, സോഴ്‌സ് ഉള്ളതാണോ എന്നിട്ട് അയാള്‍ പ്രതിയായോ? ധര്‍മ്മരാജനെ വിളിച്ച ഓഫീസ് സെക്രട്ടറി, സംഘടനാ സെക്രട്ടറി, മുറി ബുക്ക് ചെയ്തുകൊടുത്തവര്‍. പണം വരുന്നത് കാത്തുനിന്ന ആലപ്പുഴയിലെ ബി.ജെ.പി ട്രഷറര്‍, സംസ്ഥാന അധ്യക്ഷന്റെ സെക്രട്ടറി, ഡ്രൈവര്‍ ഇവരെയെല്ലാം ചോദ്യം ചെയ്തു.
എത്ര കോടി രൂപ ഈ തെരഞ്ഞെടുപ്പില്‍ ആളുകളെ സ്വാധീനിക്കുന്നതിനായി ചിലവഴിക്കപ്പെട്ടു. ബി.ജെ.പി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ കുഴല്‍പ്പണം എത്തിച്ച സംഭവം നടന്നത്.
പണത്തിന്റെ സോഴ്‌സ് അന്വേഷിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോ. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷന്‍ 54 എഫ് പ്രകാരം ഇത് സംസ്ഥാന പോലീസ് എന്‍ഫോഴ്‌സെമ്ന്റ് ഡയറക്ടറേറ്റിന് റഫര്‍ ചെയ്യേണ്ടേ. അഞ്ച് കോടിയില്‍ താഴെയായതുകൊണ്ട് ഞങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇത് അഞ്ച് കോടിയല്ല അതില്‍ കൂടുതലുണ്ട് എന്ന് പറഞ്ഞ് പോലീസിന് അവരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാം.
ഐ.പി.എസ് റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥ അന്വേഷിച്ച കേസ് അന്വേഷിക്കാന്‍ ഇപ്പോള്‍ പ്രത്യേക സംഘത്തെ വച്ചിരിക്കുന്നു. അതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നാകുമെന്നും സതീശന്‍ പറഞ്ഞു.