തൃശൂര്‍- കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മരാജന്‍ ഏഴ് ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിനെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനുമായി 24 സെക്കന്‍ഡ് സംസാരിച്ചതായും പോലീസ് കണ്ടെത്തി.
കൊടകര ഉള്‍പ്പെടുന്ന പ്രദേശം എ. നാഗേഷിന്റെ പ്രവര്‍ത്തന മണ്ഡലമാണ്. തൃശൂരില്‍ കെ. സുരേന്ദ്രന്റെ വലംകൈ കൂടിയാണ് നാഗേഷ്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് അന്വേഷണം പുരോഗിക്കുന്നത്. ധര്‍മരാജന്റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോള്‍ ആദ്യം വിളിച്ചത് നാഗേഷിനെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാഗേഷ് ഫോണ്‍ എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
നാഗേഷിനെ വിളിച്ച ശേഷം സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെയാണ് ധര്‍മരാജന്‍ ബന്ധപ്പെട്ടത്. ഇയാളുമായി 24 സെക്കന്‍ഡ് സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇത് കൂടാതെ കോന്നിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി സി. രഘുനാഥിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരികൃഷ്ണനുമുണ്ടായിരുന്നുവെന്നാണ് വിവരം. ധര്‍മരാജന്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുള്ള ഏഴ് പേരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.