അറബ് മേഖലയില്‍ ഇറാന്റെ ഇടപെടലുകളും ഖുദ്‌സിനെ ഇസ്രായില്‍ തലസ്ഥാനമാക്കിയുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനവും വരുത്തിവെച്ച രാഷ്ട്രീയ പ്രതിസന്ധികളുടെ അണയാത്ത ജ്വാലകളിലൂടെയാണ് അറബ് ലോകം 2018 ലേക്ക് ചുവടു വെക്കുന്നത്.
ഇറാഖിലും സിറിയയിലും വേരുന്നിയ ഐ.എസ് തീവ്രവാദികള്‍ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാതെ തോറ്റു പിന്‍മാറേണ്ടി വന്നതും തീവ്രവാദി ആക്രമണങ്ങളുടെ ശക്തി കുറഞ്ഞതും പോയ വര്‍ഷത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ അറബ് ലോകത്തിന് ഉള്‍പ്പെടുത്താം. സിറിയയിലും ലിബിയയിലും സോമാലിയയിലും രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് ഇപ്പോഴും ശമനമില്ലാതെ തുടരുകയും ചെയ്യുന്നു.
അറബ് ലോക നേതാക്കളുടെ വാക്കുകള്‍ക്ക് വില കല്‍പിക്കാതെ, പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ചരമഗീതം പാടിയാണ് ഡിസംബര്‍ ആറിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖുദ്‌സിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതും അമേരിക്കന്‍ എംബസി അങ്ങോട്ട് മാറ്റാന്‍ നിര്‍ദേശിച്ചതും. താന്‍ തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കന്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെന്നാണ് ട്രംപ് ഇതിനെ കുറിച്ച് വിശദീകരിച്ചത്. അറബ് ലോകത്തെ പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ച് നിര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യമെന്ന് അറബ് രാഷ്ട്ര നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു. പിന്നീട് ഫലസ്തീന്റെ നേതൃത്വത്തില്‍ യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചത് അക്കാര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതായി.
അറബ് ലോകത്ത് ഇറാന്റെ ഇടപെടലാണ് ഈ വര്‍ഷം മുഖ്യ വിഷയമായത്. ഇറാന്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്നുവെന്നും അത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും സൗദി അറേബ്യയും ബഹ്‌റൈനും ലബനാനും യെമനുമൊക്കെ ആവശ്യപ്പെട്ടു. യെമനിലാണ് ഇറാന്റെ ഇടപെടല്‍ അതിരൂക്ഷമായി ആരോപിക്കപ്പെട്ടത്. മൂന്നു വര്‍ഷം മുമ്പ് നിലവില്‍ വന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയയുടെ നേതൃത്വത്തിലുള്ള നിയമാനുസൃത ഗവണ്‍മെന്റിനെ ഇറാന്‍ പിന്തുണയുള്ള ശിയാ മിലീഷ്യകളായ ഹൂത്തികളും മുന്‍ പ്രസിഡന്റ് അലി സ്വാലിഹിന്റെ അനുകൂലികളും ചേര്‍ന്ന് ആയുധ ബലത്തിലൂടെ അട്ടിമറിക്കുകയായിരുന്നു.
നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി 2015 മാര്‍ച്ച് അവസാനത്തില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ ഇടപെടുകയും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്ത് പ്രസിഡന്റ് അബ്ദുറബ്ബിനെ ഏല്‍പ്പിക്കുയും ചെയ്തു. എന്നാല്‍ സന്‍ആ അടക്കമുള്ള പ്രദേശങ്ങള്‍ കയ്യടക്കിയ ഹൂത്തികള്‍ യെമന്‍ സര്‍ക്കാറിനെതിരെയും സഖ്യസേനക്കെതിരെയും നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. അതിനിടെ കൂറുമാറിയ മുന്‍പ്രസിഡന്റും ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് നേതാവുമായ അലി അബ്ദുല്ല അല്‍സാലിഹിനെ 2017 ഡിസംബര്‍ നാലിന് ഹൂതി സൈന്യം വെടിവെച്ചുകൊന്നു. സന്‍ആയില്‍ നിന്ന് യെമന്റെ മറ്റൊരു പ്രദേശമായ സന്‍ഹാനിലേക്കുള്ള യാത്രമധ്യേ ഇരുപതോളം ഹൂത്തി സൈന്യം പിന്തുടര്‍ന്നെത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഇത് യെമന്റെ രാഷ്ട്രീയ ഗതിയെ തന്നെ മാറ്റിമറിച്ചു. ഹൂത്തികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരും അലി സ്വാലിഹിന്റെ അനുകൂലികളും ഒന്നിച്ചുള്ള പോരാട്ടത്തിനാണ് പുതിയ വര്‍ഷം വേദിയാകുന്നത്.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വിഛേദിച്ചത്. ഇറാനുമായുള്ള ഖത്തറിന്റെ ബന്ധവും തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നതുമായിരുന്നു ഈ രാജ്യങ്ങളെ ചൊടിപ്പിച്ചത്. നിരവധി പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഖത്തര്‍ അതു ചെവിക്കൊണ്ടില്ലെന്നും അതിനാലാണ് ബന്ധം വിഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തേണ്ടിവന്നതെന്നും നാലു രാജ്യങ്ങളും വിശദീകരിച്ചു.
റിയാദില്‍ നടന്ന, ഖത്തര്‍ അമീര്‍ കൂടി പങ്കെടുത്ത അമേരിക്കന്‍ - ഇസ്്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ ഉപരോധ പ്രഖ്യാപനമുണ്ടായത്. ഖത്തറുമായുള്ള അതിര്‍ത്തി സൗദി അറേബ്യ അടച്ചതോടെ ഇറാനും തുര്‍ക്കിയും ഖത്തറിനെ സഹായിക്കാനെത്തി വിഷയം കൂടുതല്‍ സജീവമാക്കി നിര്‍ത്തി. അതിനിടെ കുവൈത്തിന്റെ നേതൃത്വത്തില്‍ ഐക്യാഹ്വാന ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാല്‍ ഹജ്ജ് സീസണില്‍ സൗദി അതിര്‍ത്തി വഴി എത്തുന്ന എല്ലാ ഖത്തരികള്‍ക്കും സൗജന്യമായി ഹജ്ജും ഉംറയും ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. ഇറാനുമായുള്ള ബന്ധം കുറക്കുക, തീവ്രവാദികളെ സഹായിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, ഇതര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉപരോധം പിന്‍വലിക്കുന്നതിന് നാലു രാജ്യങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നത്. പക്ഷേ ഖത്തര്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചതോടെ ഉപരോധവും ജിസിസി പ്രതിസന്ധിയും പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. ഖത്തര്‍ പ്രശ്‌നം പര്‍വതീകരിച്ച് കാണേണ്ടതില്ലെന്നാണ് സൗദി നിലപാടെടുത്തിരിക്കുന്നത്.
തനിക്കെതിരെ ഇറാന്‍ നീക്കങ്ങളാരംഭിച്ചുവെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ച് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുന്നതായി ലബനാന്‍ പ്രധാനമന്ത്രി സഅദുല്‍ ഹരീരി കഴിഞ്ഞ നവംബര്‍ നാലിനാണ് റിയാദില്‍ പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ ഇറാനെതിരെ വിവിധ മുസ്ലിം രാഷ്ട്രങ്ങള്‍ പ്രതിഷേധിക്കുകയും ഒടുവില്‍ ഹരീരി ലബനാനിലെത്തി ചില ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. ലിബിയയിലും ടുനീഷ്യയിലും അള്‍ജീരിയയിലുമെല്ലാം നേരിയ തോതില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.
ഐ.എസിന് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാത്ത വര്‍ഷമായിരുന്നു 2017. ഡിസംബര്‍ ഒമ്പതിന് ഐ.എസില്‍ നിന്ന് മൊസൂള്‍ മോചിപ്പിച്ച് മൂന്നു വര്‍ഷം നീണ്ട ഐഎസ് ഭീകരത ഇല്ലാതാക്കിയതായി ഇറാഖി പ്രസിഡന്റ് ഹൈദര്‍ അബ്ബാദി പ്രഖ്യാപിച്ചു. എന്നാല്‍ ഐ.എസ് പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്ന് പിന്നീട് ഇറാഖി സൈന്യം വ്യക്തമാക്കിയെങ്കിലും ഐ.എസിന്റെ മാതൃഭൂമിയില്‍ തിരിച്ചടിയുണ്ടായെന്ന് അവരും സമ്മതിക്കുന്നുണ്ട്. സിറിയയിലും ഐ.എസിന് വന്‍തിരിച്ചടികളാണ് നേരിട്ടത്. അവര്‍ കയ്യടക്കിയിരുന്ന റഖയടക്കം നിരവധി പ്രദേശങ്ങള്‍ സിറിയന്‍ ഭരണകൂടം പിടിച്ചെടുത്തു. അവരുടെ കൈവശമുണ്ടായിരുന്ന ഏക പ്രദേശമായ ഇദ്‌ലിബ് ഡിസംബര്‍ ആദ്യത്തിലാണ് റഷ്യയുടെ സഹായത്തോടെ സിറിയ തിരിച്ചുപിടിച്ചത്.
സൗദി അറേബ്യയിലും ഇക്കാലയളവിനുള്ളില്‍ കാര്യമായ സാമൂഹിക മാറ്റങ്ങളുടെ പരമ്പരക്ക് തന്നെ തുടക്കമിട്ടു. വനിതകള്‍ക്ക് വാഹനമോടിക്കാനും സിനിമ ശാലകള്‍ തുറക്കാനും അനുമതി നല്‍കിക്കൊണ്ടുള്ള രാജാവിന്റെ നിര്‍ദേശമുണ്ടായി. ലബനാനിലെ ക്രിസ്ത്യന്‍ പാതിരിക്ക് റിയാദില്‍ സ്വീകരണമൊരുക്കി. കുടുംബങ്ങള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ വിവിധ രാജ്യങ്ങളിലെ ഗായികമാരും നടീ നടന്മാരും പങ്കെടുത്തു. മാത്രമല്ല അഴിമതി വിരുദ്ധ സമിതിക്ക് രൂപം നല്‍കി രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ബിസിനസുകാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതും പോയ വര്‍ഷത്തിലെ സ്മരണീയ സംഭവമാണ്. വന്‍തുക സര്‍ക്കാര്‍ ഖജനാവിലേക്ക് അടച്ചാണ് പലരും തടവില്‍ നിന്നു മോചിതരായത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുതുവര്‍ഷം അറബ് ലോകത്തിന് അനുഗ്രഹങ്ങളുടെ വര്‍ഷമായിരിക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടിയ ആവേശത്തിലാണ് സൗദിയും ഈജിപ്തും മൊറോക്കോയും ടൂനീഷ്യയും. എണ്ണേതര വരുമാനങ്ങളുടെ സ്രോതസ്സുകള്‍ തിരിച്ചറിഞ്ഞ് അവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മികച്ച സാമ്പത്തികാടിത്തറ അറബ് രാജ്യങ്ങള്‍ക്ക് കൈവരാനിരിക്കുന്നതും ഈ വര്‍ഷമാണ്.