തൃശൂർ- കള്ളപ്പണ കേസിൽ പ്രതിസന്ധിയിലായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പുതിയ കുരുക്ക് മുറുകുന്നു. സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണനെ പോലീസ് ചോദ്യം ചെയ്തു. കള്ളപ്പണ കേസിൽ പിടിയിലായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതോടെ സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണ്. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 22 വയസ് പ്രായമുള്ള വിദ്യാർഥിയാണ് ഹരികൃഷ്ണൻ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ ധർമരാജനുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോന്നിയിൽ വെച്ച് ഹരികൃഷ്ണനും ധർമ്മരാജനും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.