Sorry, you need to enable JavaScript to visit this website.

അടുക്കത്ത്ബയലിൽ ആയിരം കുട്ടികൾ  ആയിരം വൃക്ഷത്തൈകൾ നട്ടു

അടുക്കത്ത്ബയൽ ജി.യു.പി സ്‌കൂൾ വിദ്യാർഥിനി വീട്ടിൽ വൃക്ഷത്തൈ നടുന്നു.

കാസർകോട്- ആവാസ വ്യവസ്ഥകൾ തിരിച്ചുപിടിക്കാൻ അടുക്കത്ത്ബയൽ സ്‌കൂൾ വിദ്യാർഥികൾ വീട്ടിൽ വൃക്ഷത്തൈ നട്ടു. ആയിരം കുട്ടികൾ ആയിരം വൃക്ഷത്തൈകളാണ് നട്ടത്. അണ്ണാറക്കണ്ണനുംപൂവാലൻ തുമ്പിയും വയലും വയലേലകളും കാടും തോടും പുഴകളും മലയും മഴയും കുളിർമയും ഇന്നിന്റെ ജീവജാലങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറാൻ പ്രതിജ്ഞയെടുത്തു കൊണ്ടാണ് അടുക്കത്ത് ബയൽ ജി.യു.പി സ്‌കൂൾ പരിസ്ഥിതി ക്ലബ് ഈ വർഷത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചത്. പുതിയ കാലത്തെ ആവശ്യങ്ങൾ മനസ്സിലാക്കി ഈ പരിസ്ഥിതി ദിനാഘോഷത്തിന്റെ ആശയങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനായി വേറിട്ട ചടങ്ങുകളാണ് പരിസ്ഥിതി ക്ലബ് ആസൂത്രണം ചെയ്തത്. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡണ്ട് കെ.സുരേന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗം ഹരീഷ് എന്നിവർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്‌കൂളിലെ ആയിരത്തോളം കുട്ടികൾ ആയിരത്തോളം വൃക്ഷത്തൈകൾ അവരവരുടെ വീടുകളിൽ നട്ടുപിടിപ്പിക്കുകയും അത് പരിപാലിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. നട്ട വൃക്ഷങ്ങളുടെ ഓരോ ഘട്ടങ്ങളിലുമുള്ള വളർച്ച നിരീക്ഷിക്കാനും രേഖപ്പെടുത്താനും അതാത് ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. രക്ഷിതാക്കൾ വീടുകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് യശോദ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പരിസ്ഥിതി പ്രവർത്തകരായ ആനന്ദൻ പേക്കടം, ടി.എം സുസ്മിത, കാർഷിക സർവകലാശാല പിലിക്കോട് പ്രാദേശിക കേന്ദ്രത്തിലെ മഹേഷ് കുമാർ എന്നിവർ ക്ലാസുകളെടുത്തു. അധ്യാപകരായ റാംമനോഹർ, കെ.വി ജിജി, പൂർണിമ എന്നിവർ നേതൃത്വം നൽകി.

Latest News