കോഴിക്കോട്- പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾ പരിപാലിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിച്ച് സംസാരിക്കുകയായരുന്നു അദ്ദേഹം.
ദിനാചരണത്തിന്റെ ഭാഗമായി വർഷംതോറും നിരവധി തൈകൾ സംസ്ഥാനത്തുടനീളം വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും അവയുടെ തുടർപരിപാലനം സാധ്യമാകാറില്ല. വനംവകുപ്പിനു പുറമേ കൃഷി-തദ്ദേശഭരണ-വിദ്യാഭ്യാസ വകുപ്പുകളും വിവിധ സർക്കാരിതര സംഘടനകളും പരിസ്ഥിതി ദിനത്തിൽ തൈകൾ നടാറുണ്ട്. ഇവയിൽ വളരെ ചെറിയ ശതമാനം ചെടികൾ മാത്രമേ പരിപാലിക്കപ്പെടുന്നുള്ളൂ. ഇവയുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു.
കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് കൃഷി-തദ്ദേശ ഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി.
വനം സംരക്ഷിക്കുന്നതിന് വനം വന്യജീവി വകുപ്പും തദ്ദേശ ഭരണ വകുപ്പും സംയുക്തമായി 'വനം സംരക്ഷിക്കുന്ന ജനങ്ങൾ, ജനങ്ങളെ സംരക്ഷിക്കുന്ന വനം' എന്ന ആശയം അടിസ്ഥാനമാക്കി പദ്ധതി ആവിഷ്‌കരിക്കുകയും ശുദ്ധമായ ജലം, വായു, മണ്ണ് എന്നിവ ഉറപ്പാക്കുകയും ചെയ്യും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന 49-ാമത് ലോക പരിസ്ഥിതി ദിനാചരണമാണിത്. ഇത്രയും വർഷങ്ങളായിട്ടും തൃപ്തികരമായ ഒരു ഹരിത മേലാപ്പ് സൃഷ്ടിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജീവന്റെ നിലനിൽപ്പിന് പ്രകൃതിസംരക്ഷണം കൂടിയേ തീരൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഹരിതകേരളം പദ്ധതിയുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ സമൂഹത്തിലെത്തിക്കുന്നതിൽ സുഗതകുമാരി, സുന്ദർലാൽ ബഹുഗുണ തുടങ്ങിയവർ ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽ ചെറു വനമാതൃകകൾ സൃഷ്ടിക്കാനുതകുന്ന വനം വകുപ്പിന്റെ 'നഗരവനം' പദ്ധതി കൂടുതൽ സജീവമാക്കുമെന്നും കാവു സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും വനം മന്ത്രി അറിയിച്ചു. ചകിരി നാരിൽ നിർമിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ മുഖ്യ വനംമേധാവി പി.കെ. കേശവൻ പരിസ്ഥിതിദിന സന്ദേശം നൽകി.