കോഴിക്കോട്- ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ സ്‌കോർളർഷിപ്പ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ എടുത്ത നിലപാടിന് വിരുദ്ധമായി മുസ്‌ലിം ലീഗ് നേതാക്കൾ ഇപ്പോൾ അഭിപ്രായപ്രകടനം നടത്തുന്നത് മാന്യമായ രാഷ്ട്രീയരീതി അല്ലെന്നും ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കോടതിവിധിയിലൂടെ റദ്ദാക്കപ്പെട്ട സ്‌കോളർഷിപ്പുകൾ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട വിഭാഗത്തിന് പുനഃസ്ഥാപിച്ചുനൽകാൻ എന്താണ് പോംവഴി എന്നതായിരുന്നു യോഗത്തിലെ മുഖ്യ ചർച്ചാ വിഷയം. നിയമവശവും പ്രധാനമായിരുന്നു. ഈ വിഷയത്തിൽ ഒരു തീരുമാനത്തിലെത്തുമ്പോൾ സച്ചാർ കമീഷന്റെ കണ്ടെത്തലുകളും പാലോളി സമിതിയുടെ ശുപാർശകളും പരിഗണിച്ചാവണമെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാകാൻ പാടില്ലെന്നും എല്ലാവരും ഓർമിപ്പിച്ചു. കോടതി വിധിയോടെ 2008 ലെ ഉത്തരവ് റദ്ദാക്കപ്പെട്ട സ്ഥിതി ഇപ്പോൾ നിലനിൽക്കുന്ന ശൂന്യത നികത്തി എങ്ങനെ പുതിയ സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് വിദഗ്ധ സമിതിയെ വെച്ച്, വിഷയത്തിന്റെ നാനാവശങ്ങൾ പഠിച്ച്, എത്രയും പെട്ടെന്ന് ബദൽ പദ്ധതി ആവിഷ്‌കരിക്കാമെന്ന് ഭൂരിഭാഗം പ്രതിനിധികളും നിർദേശം വെച്ചത്. ഈ നിർദേശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി. സതിശനോ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയോ ഒരു തരത്തിലും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. അതല്ലാത്ത മറ്റൊരു നിർദേശം ഇവരാരും മുന്നോട്ടുവെച്ചിട്ടുമില്ല. കോടതിവിധിക്കെതിരെ അപ്പീൽ പോകുന്നതിനെക്കുറിച്ചും യു.ഡി.എഫ് നേതാക്കളാരും മിണ്ടിയിട്ടില്ല. ചർച്ച ആരോഗ്യകരമായിരുന്നു, സൗഹൃദാന്തരീക്ഷത്തിലുമായിരുന്നു.
എന്നാൽ, എല്ലാം കഴിഞ്ഞ് അങ്ങനെ ഒരു വിദഗ്ധ സമിതിയെ വെക്കാൻ യോഗം തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ലീഗ് നേതാക്കൾ പറയുന്നത് അവർ ഇതുവരെ കളിച്ചുതോറ്റ വൃത്തികെട്ട രാഷ്ട്രീയം വീണ്ടും എടുത്തുപയറ്റുന്നതാണെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കും. ന്യൂനപക്ഷക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നം പെട്ടെന്നൊന്നും പരിഹരിക്കപ്പെടരുത് എന്നതാണ് മുസ്‌ലിം ലീഗിൻെറ ഉള്ളിലിരിപ്പ്. മുസ്‌ലിംകളുടെ പ്രശ്‌നങ്ങൾ തങ്ങൾ വഴിയേ പരിഹരിക്കരിക്കപ്പെടാൻ പാടുള്ളൂവെന്ന പഴയ മനോഗതി മാറ്റാൻ, എത്ര അനുഭവച്ചറിഞ്ഞിട്ടും അവർ തയാറല്ല എന്നതിന്റെ തെളിവാണിത്. ഈ വിഷയത്തിൽ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യവും സർവാംഗീകൃതവുമായ പരിഹാര ഫോർമുലക്ക് രൂപം കൊടുക്കാൻ ഇടതുസർക്കാരിന് സാധിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.