സൗദിയില്‍ വിദേശികളുടെ ആഭ്യന്തര യാത്ര; നിര്‍ദേശങ്ങളുമായി അധികൃതര്‍

റിയാദ് - സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്ക് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാതെ ആഭ്യന്തര യാത്ര നടത്താവുന്നതാണ്. എന്നാല്‍ തവക്കല്‍നാ ആപ്പില്‍ യാത്രക്കാരുടെ ആരോഗ്യനില 'രോഗബാധ സ്ഥിരീകരിച്ചിട്ടില്ല' എന്നായിരിക്കല്‍ നിര്‍ബന്ധമാണ്. മുഴുവന്‍ ആഭ്യന്തര സര്‍വീസുകളിലും യാത്ര ചെയ്യാന്‍ തവക്കല്‍നാ ആപ്പില്‍ ആരോഗ്യനില പ്രകടമാകണം.
ഇത് സൗദികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. പതിനഞ്ചില്‍ കുറവ് പ്രായമുള്ളവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ വേറിട്ട അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്മാര്‍ട്ട് ഫോണുകളില്‍ തവക്കല്‍നാ ആപ്പ് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മാത്രമാണ് നിലവില്‍ തവക്കല്‍നാ ആപ്പ് ലഭിക്കുന്നത്. തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വെബ്‌സൈറ്റ് വഴിയും സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
എയര്‍പോര്‍ട്ടുകളിലും മറ്റും വെച്ച് ഇന്റര്‍നെറ്റ് തടസ്സപ്പെട്ടാല്‍ ഉപയോക്താവിന്റെ ആരോഗ്യനിലയും നിറവും ഏറ്റവും ഒടുവില്‍ തവക്കല്‍നാ ആപ്പിലെ അപ്‌ഡേറ്റ് സമയവും 48 മണിക്കൂര്‍ നേരം പ്രകടമാകുന്നത് തുടരും. ഇതിനു ശേഷം നിറം ചാരവര്‍ണമായി മാറുമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

 

Latest News