കോഴിക്കോട് - ലക്ഷദ്വീപിലെ ജനങ്ങളുടെ ഹിതത്തിനെതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രമുഖ പണ്ഡിതൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ടെലിഫോണിൽ വിളിച്ചാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. ലക്ഷദീപിലെ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ലിയാർ അമിത് ഷാക്ക് കത്തയച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് വായിച്ച ശേഷമാണ് അദ്ദേഹം നേരിൽ വിളിച്ച് നിലപാട് വ്യക്തമാക്കിയത്.
കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക. ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞു.
അതേസമയം, ദ്വീപ് വാസികൾ ഇപ്പോഴും കടുത്ത ആശങ്കകളിലാണെന്നും, അവർക്ക് മേൽ കഴിഞ്ഞ ആറു മാസങ്ങളിൽ ചുമത്തപ്പെട്ട നിയമങ്ങൾ ഒഴിവാക്കണമെന്നും കാന്തപുരം സംഭാഷണത്തിൽ ആവശ്യപ്പെട്ടു.