Sorry, you need to enable JavaScript to visit this website.

ശ്രദ്ധിക്കുക, സൗദിയിൽ സൈക്കിളോടിക്കാനും നിയമമുണ്ട്, ഇല്ലെങ്കിൽ പിഴ വരും

റിയാദ് - സൈക്കിൾ യാത്രികർക്ക് ട്രാഫിക് നിയമവും വ്യവസ്ഥകളും ബാധകമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. റെഡ് സിഗ്നൽ കട്ട് ചെയ്യൽ, എതിർദിശയിൽ സഞ്ചരിക്കൽ, വാഹനങ്ങളുടെ ട്രാക്കുകൾ തടസ്സപ്പെടുത്തൽ, മൊബൈൽ ഫോൺ ഉപയോഗത്തിൽ മുഴുകൽ, മാലിന്യങ്ങൾ റോഡിലേക്ക് എറിയൽ, ഫുട്പാത്തിലൂടെയും കാൽനടയാത്രക്കാർക്കുള്ള സ്ഥലങ്ങളിലൂടെയും സൈക്കിൾ ഓടിക്കൽ, ഹെൽമെറ്റ് ധരിക്കാതിരിക്കൽ, ചെവികളിൽ ഇയർ ഫോർ സ്ഥാപിക്കൽ എന്നിവയെല്ലാം നിയമ ലംഘനങ്ങളാണ്. 
റോഡ് എല്ലാവർക്കുമുള്ളതാണെന്ന് സൈക്കിൾ യാത്രികരും മനസ്സിലാക്കണം. ഗതാഗത നിയമത്തിലെ അമ്പതാം വകുപ്പ് അനുസരിച്ച് റോഡുകൾ ഉപയോഗിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങൾ പരിഗണിക്കേണ്ടത് നിർബന്ധമാണ്. മറ്റു വാഹനങ്ങളിൽ സൈക്കിൾ യാത്രികർ പിടിച്ചുതൂങ്ങൽ, സ്വന്തത്തിനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും ഭീഷണിയാകുന്ന നിലക്ക് വസ്തുക്കൾ സൈക്കിളിൽ വഹിക്കൽ, വലിച്ചുകൊണ്ടുപോകൽ എന്നിവക്കും വിലക്കുണ്ട്. തൊട്ടടുത്തായി നിരനിരയായി സൈക്കിളുകൾ സഞ്ചരിക്കുന്നതും നിയമം വിലക്കുന്നു. പകരം ഒറ്റക്കൊറ്റക്ക് ഒരാൾക്ക് പിന്നിൽ മറ്റൊരാൾ എന്നോണം റോഡിന്റെ വലതു വശത്തുകൂടിയാണ് സൈക്കിൾ യാത്രികർ സഞ്ചരിക്കേണ്ടത്. ഒറ്റ കൈ ഉപയോഗിച്ച് സൈക്കിൾ ഓടിക്കുന്നതിനും അമിത വേഗത്തിൽ ഓടിക്കുന്നതിനും വിലക്കുണ്ടെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സൈക്കിൾ യാത്രികർ പാലിക്കേണ്ട നിയമങ്ങളെയും ഒഴിവാക്കേണ്ട നിയമ ലംഘനങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുന്ന വീഡിയോ സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തുവിട്ടു. 

Latest News