ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളില്‍ ഇനി സര്‍ക്കാര്‍ നിരീക്ഷകന്‍

കൊച്ചി- ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ ഒരുങ്ങി ദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളെ നിരീക്ഷിക്കാനാണ് പുതിയ ഉത്തരവ്. മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണം.

സുരക്ഷയുടെ പേരില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയാണ്. ദ്വീപുകളിലേക്ക് എത്തുന്ന ഉരു, മറ്റ് പാസഞ്ചര്‍ വെസലുകള്‍ എന്നിവയിലും കര്‍ശന പരിശോധന നടത്തണം. കൊച്ചിക്കു പുറമെ ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കണം. ലഗേജുകള്‍ അടക്കം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഉത്തരവിലുണ്ട്.

വാര്‍ഫുകള്‍, ഹെലിബെയ്‌സ് എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ ഒരുക്കാനും ഭരണകൂടം നിര്‍ദ്ദശം നല്‍്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എന്നപേരില്‍ ഇറങ്ങിയിട്ടുള്ള മറ്റൊരു ഉത്തരവിലും വിവാദം ആകുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതു ഇടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഓല, തേങ്ങയുടെ തൊണ്ട്, ചകിരി എന്നിവ ഉപേക്ഷിക്കരുതെന്നും തേങ്ങ റോഡില്‍ കൂട്ടിയിടാന്‍ പാടില്ലെന്നുമാണ് നിര്‍ദേശം. ഇതുവരെ തുടര്‍ന്ന് വന്ന രീതികള്‍ ഇനി അനുവദിക്കില്ല എന്ന് തന്നെയാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

തിങ്കളാഴ്ച നടക്കുന്ന നിരാഹാരത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും ലഭിച്ചതായി സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയുള്ള പ്രക്ഷോഭം സംബന്ധിച്ച് സേവ് ലക്ഷദീപ് കൈക്കൊണ്ട തീരുമാനങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് കൈമാറി. എല്ലാ ദ്വീപുകളിലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, സാമൂഹിക സംസ്‌കാരിക വിദഗ്ധരെ ഉള്‍പ്പെടുത്തി ഉപദേശകസമിതി എന്നിവ രൂപീകരിച്ചിട്ടുണ്ട്.

 

Latest News