കോഴിക്കോട്- ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധസമിതി വേണ്ടെന്ന് മുസ്്‌ലിം ലീഗും എസ്.വൈ.എസും. അതേസമയം കോടതി വിധി നടപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് ജോസ് കെ.മാണി. ലീഗിന്റെ നിലപാട് മാറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന് ഐ.എന്‍.എല്‍ വിമര്‍ശം.
കോടതിവിധി നടപ്പാക്കുമ്പോള്‍ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇടതുമുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി നല്‍കണം എന്നാണ് നിയമം പറയുന്നത്. അത് ഭരണഘടനാപരമായി പറയുന്നതാണ്. അതുകൊണ്ടാണ് കോടതി അത് പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇനി ഇതിനകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് എന്തെങ്കിലും കുറവുകളാണ് ഉണ്ടാവുന്നതെങ്കില്‍ അത് ഒരു പാക്കേജായി സാമൂഹിക ക്ഷേമവകുപ്പ് വഴി അതുമായി ബന്ധപ്പെട്ട് കൊടുക്കാന്‍ കഴിയണം- ജോസ് കെ.മാണി പറഞ്ഞു.
വിഷയം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് തീരുമാനിച്ചത് സര്‍വകക്ഷിയോഗത്തിലല്ലെന്നും അത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും മുസ്്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.