Sorry, you need to enable JavaScript to visit this website.

ഓൺലൈൻ തട്ടിപ്പിനെതിരെ  കാമ്പയിനുമായി ഷാർജ പോലീസ് 

ദുബായ് - സൈബർ തട്ടിപ്പിനും അപകടങ്ങൾക്കുമെതിരെ കരുതിയിരിക്കുക എന്ന പ്രമേയത്തിൽ ഷാർജ പോലീസ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ പെരുകിവരുന്ന സാഹചര്യത്തിലാണ് പുതിയ കാമ്പയിൻ പ്രഖ്യാപിച്ചത്. 
ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ തട്ടിപ്പുകൾ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം ശക്തമാക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഓൺലൈൻ ബ്ലാക്ക് മെയിൽ, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയ കാര്യങ്ങളിൽ സമഗ്ര ബോധവൽക്കരണം നൽകുകയാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഷാർജ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റ് ഡയരക്ടർ കേണൽ ഉമർ അഹമ്മദ് അബു അൽസൗദ് പറഞ്ഞു. 


സോഷ്യൽ മീഡിയയിലൂടെയും വെബ്‌സൈറ്റുകൾ വഴിയും രാജ്യത്തിനകത്തും പുറത്തുമുള്ള കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത് പതിവായിരിക്കുകയാണ്. നിഷ്‌കളങ്കരായ നിരവധി പേരാണ് ഇത്തരം കെണികളിൽ കുരുങ്ങുന്നത്. ഹണി ട്രാപ്പ് മുതൽ ചാരിറ്റി തട്ടിപ്പ് വരെ ഓൺലൈനിൽ നടക്കുന്നുണ്ട്. ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളിൽ ബോധവൽക്കരണ ലഘുലേഖകൾ പുറത്തിറക്കും. എങ്ങനെയാണ് ഇത്തരം ഘട്ടങ്ങളിൽ പെരുമാറുകയും പ്രതികരിക്കുകയും നിയമപരമായി മുന്നോട്ടു പോവുകയും ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന ലഘുലേഖകളാണ് പുറത്തിറക്കുന്നത്. സോഷ്യൽ മീഡിയ വഴിയും ബസ്സുകളിലും അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തും. സോഷ്യൽ മീഡിയയിൽ അപരിചതിരോട് പെരുമാറുമ്പോഴും സാമ്പത്തിക ആവശ്യവുമായി എത്തുന്നവരെ കൈകാര്യം ചെയ്യുമ്പോഴും സൂക്ഷിക്കണമെന്ന് കേണൽ അബു അൽസൗദ് പറഞ്ഞു. 


സ്വകാര്യ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതർക്ക് പങ്കുവെക്കരുത്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ ഷാർജ പോലീസ് ഇതിനകം തന്നെ സൈബർ പട്രോളിംഗ് നടത്തിവരികയാണ്. ദുരൂഹമായ നിരവധി അക്കൗണ്ടുകൾ മരവിപ്പിക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തു. 
അക്കൗണ്ട് ഹാക്ക് ചെയ്തും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തും പണം തട്ടുന്ന സംഘം വിലസുന്നുണ്ട്. ചില തട്ടിപ്പുകാർ വിദേശ രാജ്യങ്ങളിൽ ആയതിനാൽ ഇരകൾക്ക് നിയമപരമായ പരിരക്ഷ പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. ഏതെങ്കിലും തരത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 065943228 എന്ന ഫോൺ നമ്പറിലേക്കോ 0559992158 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ വിവരം അറിയിക്കണമെന്ന് ഷാർജ പോലീസ് നിർദേശിച്ചു.
999 നമ്പറിൽ വിളിച്ചും അടിയന്തര ഘട്ടങ്ങളിൽ വിവരം പറയാവുന്നതാണ്. കോവിഡ് കാലത്ത് ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്ന റിപ്പോർട്ട് വന്നതോടെയാണ് ഇങ്ങനെയൊരു കാമ്പയിനുമായി ഷാർജ പോലീസ് രംഗത്തിറങ്ങിയത്. 

 

Latest News