കൊച്ചി - മലപ്പുറം ജില്ലയിലെ വാക്സിൻ വിതരണത്തിലെ നടപടികളെ കുറിച്ചു സംസ്ഥാന സർക്കാരിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. തിരൂരങ്ങാടി എം.എൽ.എ കെ.പി.എ. മജീദ്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.സി. നസീർ എന്നിവർ സമർപ്പിച്ച ഹരജികൾ പരിഗണിച്ചപ്പോഴാണ് കോടതി നിർദേശമുണ്ടായത്.
മലപ്പുറം ജില്ലയിൽ രജിസ്ട്രേഷനു ജനങ്ങൾ എത്താത്തുമൂലമാണ് വാക്സിൻ വിതരണം ശരിയായി നടക്കാതെ വന്നതെന്നു അഡ്വക്കറ്റ് ജനറൽ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ സർക്കാരിന്റെ വാദം യാഥാർഥ്യത്തിനു നിരക്കാത്തതാണെന്നു ഹരജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. ജില്ലയിലെ മതപണ്ഡിതന്മാർ റമദാൻ മാസത്തിൽ പോലും വാക്സിനെടുക്കണമെന്നു നിർദേശം നൽകിയിരുന്നു വെന്നു ഹരജിഭാഗം അഭിഭാഷകനായ സി.എം. മുഹമ്മദ് ഇഖ്ബാൽ കോടതിയിൽ ബോധിപ്പിച്ചു.
വാക്സിനില്ലാത്തതാണ് കാരണമെന്നും സർക്കാർ വാദം ശരിയല്ലെന്നും ജനങ്ങൾ വാക്സിനെടുക്കാൻ തയാറായിരുന്നുവെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
കോവിഡ് രോഗികൾക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നൽകുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു കോടതി സർക്കാരിനു നിർദേശം നൽകി. അത്യാഹിത സാഹചര്യത്തിൽ കുറച്ചു വെന്റിലേറ്ററുകളെങ്കിലും നൽകുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആശുപത്രികളുടെ ഡാഷ് ബോർഡിൽ വെന്റിലേറ്റർ സൗകര്യം പൂജ്യമെന്നാണ് കാണിക്കുന്നതെന്നു കെ.പി.എ മജീദിന്റെ അഭിഭാഷകൻ ജേക്കബ് സെബാസ്റ്റിയൻ കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് അത്യാവശ്യത്തിനു കുറച്ചു വെന്റിലേറ്ററുകളെങ്കിലും നൽകണമെന്നു കോടതി നിർദേശിച്ചത്.
ജനസംഖ്യാനുപാതികമായി കോവിഡ് വാക്സിൻ വിതരണം നടത്തിയില്ലെന്നു ഹരജിക്കാർ കോടതിയിൽ ആരോപിച്ചു. വിവിധ ആവശ്യങ്ങളിൽ വിശദമായ പത്രിക സമർപ്പിക്കണമെന്നു കോടതി നിർദേശിച്ചു.
സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണകുറുപ്പ് ഹാജരായി. ജൂൺ എട്ടിനു കേസ് പരിഗണിക്കുമ്പോൾ വിശദമായ പത്രിക സമർപ്പിക്കണമെന്നു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.