Sorry, you need to enable JavaScript to visit this website.

പശ്ചാത്തല വികസന പദ്ധതികൾക്ക് സ്വകാര്യ  മേഖലയുടെ സഹായം തേടും -ധനമന്ത്രി

  • 160 പദ്ധതികൾ സ്വകാര്യവൽക്കരിച്ച് 5,500 കോടി ഡോളർ സമാഹരിക്കും

റിയാദ്- സൗദിയിൽ പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാൻ സ്വകാര്യ മേഖലയുടെ സഹായം തേടാൻ ലക്ഷ്യമിടുന്നതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ. പശ്ചാത്തല പദ്ധതികൾക്ക് പണം മുടക്കൽ, നടത്തിപ്പ്, ആരോഗ്യ സേവനങ്ങൾ, നഗരങ്ങളിലെ ഗതാഗത നെറ്റ്‌വർക്കുകൾ, സ്‌കൂൾ കെട്ടിടങ്ങൾ, എയർപോർട്ട് സേവനങ്ങൾ, സമുദ്രജല ശുദ്ധീകരണ ശാലകൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ എന്നീ മേഖലകളിലെല്ലാം സ്വകാര്യ മേഖലയുടെ പങ്കാളിത്തവും സഹായവും തേടാനാണ് നീക്കം. 
കൂടുതൽ ഫലപ്രദമായും മെച്ചപ്പെട്ട നിലയിലും പദ്ധതികൾ നടപ്പാക്കുന്നത് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തും. ഊർജം, വസ്തുക്കൾ എന്നിവയുടെ ഉപയോഗം കുറക്കാനും പൗരന്മാർക്ക് മെച്ചപ്പെട്ട ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനും സ്വകാര്യ മേഖലാ പങ്കാളിത്തം സഹായിക്കും. ശക്തവും സമഗ്രവും സുസ്ഥിരവുമായ വളർച്ചക്ക് പശ്ചാത്തല വികസന മേഖല കരുത്തുറ്റ അടിത്തറയൊരുക്കുമെന്നും ധനമന്ത്രി പറഞ്ഞു. 
16 മേഖലകളിലെ 160 പദ്ധതികൾ സ്വകാര്യവൽക്കരിക്കാൻ സൗദി അറേബ്യ ലക്ഷ്യമിടുന്നതായി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. ഇതിലൂടെ 5,500 കോടി ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്തി വിൽപന, സ്വകാര്യ, സർക്കാർ മേഖലകൾ തമ്മിലെ പങ്കാളിത്തം എന്നിവയിലൂടെയാണ് ഇത്രയും പണം സമാഹരിക്കുക. സർക്കാർ, സ്വകാര്യ മേഖലാ പങ്കാളിത്തങ്ങളിലൂടെ മാത്രം 1,650 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 

Latest News