റിയാദ്- ആണവോർജ മേഖലയിൽ റഷ്യയുമായി സൗദി അറേബ്യ സഹകരിക്കുന്നതായി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദിയിൽ ആണവ റിയാക്ടറുകൾ നിർമിക്കുന്നതിലും രൂപകൽപന ചെയ്യുന്നതിലും റഷ്യ സഹകരിക്കുന്നുണ്ട്. എണ്ണ മേഖലയിലും മറ്റു മേഖലകളിലും സൗദി അറേബ്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്നും സൗദി ഊർജമന്ത്രി പറഞ്ഞു.
റഷ്യൻ ഊർജമന്ത്രി അലക്സാണ്ടർ നോവാകുമായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം ചർച്ച നടത്തി. ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കാൻ സ്വീകരിക്കേണ്ട പുതിയ നടപടികളെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ആഗോള വിപണിയിൽ എണ്ണയാവശ്യം നിറവേറ്റുന്നതിന് എന്നും മതിയായ എണ്ണ വിതരണം ചെയ്യും. എണ്ണ വിതരണവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് രൂപീകരിക്കുന്നതിനു മുമ്പ് എണ്ണയാവശ്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് രൂപീകരിക്കണമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.