തിരുവനന്തപുരം- ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ബി.ജെ.പിയും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പാലൊളി കമ്മിറ്റിയും ക്രിസ്ത്യൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കെ.ബി.കോശി കമ്മീഷനും നിയമിച്ചതു പോലെ ഹിന്ദു സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്നും ബിജെപി പ്രതിനിധി പി.ജെ കുര്യൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാ ആനുപാതികമായി നൽകണമെന്നും കുര്യൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയിൽ കേരളത്തിലെ ആറു ജില്ലകളിൽ മാത്രമെ ക്രിസ്ത്യൻ പ്രാതിനിധ്യമുള്ളൂ. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകൾക്ക് കേരളത്തിൽ ഒരു മതത്തിന്റെ കോച്ചിംഗ് സെന്റർ എന്നാണ് പേരു നൽകിയിരിക്കുന്നത്. അത് ന്യൂനപക്ഷ വിദ്യാർത്ഥി കോച്ചിംഗ് സെന്റർ എന്നാക്കി മാറ്റണം. കേരളത്തിലെ െ്രെകസ്തവ സമുദായത്തിന്റെ സമഗ്ര വികസനത്തിന് കർണാടക മോഡലിൽ ക്രിസ്ത്യൻ ഡെവലപ്പ്‌മെന്റ് കൗൺസിൽ രൂപീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് കേരള കോൺഗ്രസും ആവശ്യപ്പെട്ടു. 80:20 അനുപാതം റദ്ദാക്കണമെന്നും ആനുകൂല്യം തുല്യമായി വീതിക്കണമെന്നുമുള്ള വിധി നടപ്പാക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം. അതേസമയം, നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവ്വകക്ഷിയോഗത്തിൽ ധാരണയായി. ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും വീണ്ടും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ. വിജയരാഘവൻ (സി.പി.എം.) ശൂരനാട് രാജശേഖരൻ (കോൺഗ്രസ്.), കാനം രാജേന്ദ്രൻ (സി.പി.ഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദൾ എസ്), പി.സി. ചാക്കോ (എൻ.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), ജോർജ് കുര്യൻ (ബി.ജെ.പി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്.), അഡ്വ. വേണുഗോപാലൻ നായർ (കേരള കോൺഗ്രസ് ബി), ഷാജി കുര്യൻ (ആർ.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോൺഗ്രസ് ജേക്കബ്), വർഗ്ഗീസ് ജോർജ്(ലോക് താന്ത്രിക് ജനതാദൾ), എ.എ.അസീസ് (ആർ.എസ്.പി) എന്നവർ യോഗത്തിൽ സംസാരിച്ചു.