തിരുവനന്തപുരം- പി.എസ്.സിയുടെ എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകളുടെ സിലബസ് ചോർന്നുവെന്ന് ആരോപണം. സിലബസ് ഔദ്യോഗിക സൈറ്റിൽ വരുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചുവെന്ന് ഉദ്യോഗാർത്ഥികൾ പരാതി ഉന്നയിച്ചു. എന്നാൽ സംഭവത്തിൽ അസ്വഭാവികതയില്ലെന്നും ചെയർമാർ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളിൽ എത്തിയെന്ന് അറിയില്ലെന്നും പി.എസ്.സി വിശദീകരിച്ചു. പി.എസ്.സിയുടെ വിശദീകരണം. എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്ന് രാവിലെയാണ് പി.എസ്.സി പുറത്തുവിട്ടത്. എന്നാൽ ഇന്നലെ രാത്രി മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂർണരൂപം പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെ പി.എസ്.സി. തയ്യാറാക്കിയ സിലബസാണ് ഇത്തരത്തിൽ ലഭിച്ചത്.
പരീക്ഷാ വിജ്ഞാപനം, സിലബസ്, റാങ്ക് ലിസ്റ്റ് തുടങ്ങി എല്ലാ ഔദ്യോഗിക വിവരങ്ങളും വാർത്താക്കുറിപ്പ് വഴിയോ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആണ് പുറത്തിറക്കാറുള്ളത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. എന്നാൽ ഇന്നലെ തന്നെ പി.എസ്.സി സിലബസിന് ഔദ്യോഗികമായി അംഗീകാരം നൽകിയതാണെന്നും സംഭവത്തിൽ അസ്വാഭാവികയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം.