മക്ക - ഉംറയും സിയാറത്തും പുനരാരംഭിക്കുകയും സാധാരണയിൽ നല്ല തിരക്ക് അനുഭവപ്പെടുന്ന വേനലവധിക്കാലവുമായിട്ടും മുൻ വർഷങ്ങളെ അപേക്ഷിച്ച് മക്കയിലും മദീനയിലും ഹോട്ടൽ വാടക 40 ശതമാനം കുറവാണെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ ഹോട്ടൽ കമ്മിറ്റി മുൻ അംഗം സഅദ് ജമീൽ അൽഖുറശി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഹോട്ടലുകൾ തീവ്രശ്രമം നടത്തിവരികയാണ്. മക്കയിലും മദീനയിലും ഇരു ഹറമുകൾക്കും സമീപം ഏതാനും ദിവസം ചെലവഴിക്കാൻ ഉംറ തീർഥാടകരെ പ്രേരിപ്പിക്കുന്നതിന് ഹോട്ടലുകൾ ആകർഷകമായ ഇളവുകൾ അനുവദിച്ച് പ്രൊമോഷൻ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. ഇതേതുടർന്ന് മുൻ വാരങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളിൽ ഇപ്പോൾ ബിസിനസ് 15 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്.
മക്കയിലും മദീനയിലുമായി ഏഴായിരത്തിലേറെ ഹോട്ടലുകളുണ്ട്. കൊറോണ മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മൂലം ഭൂരിഭാഗം ഹോട്ടലുകളും നേരത്തെ പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഹോട്ടലുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും സഅദ് ജമീൽ അൽഖുറശി പറഞ്ഞു.