Sorry, you need to enable JavaScript to visit this website.

ക്ലബ് ഹൗസ് ടി.വി ചർച്ചകളുടെ നടുവൊടിക്കുന്നു, സജീവമായി പുതിയ പ്ലാറ്റ്‌ഫോം

കൊച്ചി- സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പുതുമുഖമായ ക്ലബ് ഹൗസ് ടി.വി ചർച്ചകളുടെ നടുവൊടിച്ചേക്കും. നിരവധി വിഷയങ്ങളിൽ ചർച്ച നടക്കുന്ന ഇടമായി ക്ലബ് ഹൗസ് മാറിയതോടെ ദിവസങ്ങൾക്കകം തന്നെ ക്ലബ് ഹൗസ് താരമായി. കേരളത്തിലെ അറിയപ്പെടുന്ന പാനലിസ്റ്റുകളിൽ പലരും നിലവിൽ ക്ലബ് ഹൗസിൽ സജീവമാണ്. കാണികളും സംഘാടകരുമെന്ന വ്യത്യാസമില്ലാതെ ആർക്കും ചർച്ചയിൽ പങ്കെടുക്കാമെന്നതാണ് ക്ലബ് ഹൗസ് ചർച്ചകളുടെ പ്രത്യേകത. ദിവസവും നടക്കുന്ന ടി.വി ചർച്ചകളിൽ നിന്ന് വ്യത്യസ്തമായ രീതിയാണിത്. ക്ലബ് ഹൗസിലെ പല ചർച്ചകൾക്കും വൻ പ്രാതിനിധ്യവുമുണ്ട്. ഇത് കൂടുതൽ സജീവമാകുന്നതോടെ ടി.വി ചർച്ചകളിൽ ആളുകൾ കുറയുമെന്ന ധാരണയും ശക്തമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് വിവിധ ചാനലുകളും മാധ്യമങ്ങളും ക്ലബ് ഹൗസിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എന്നാൽ ടി.വി ചർച്ചകൾക്ക് പകരം ക്ലബ് ഹൗസ് ചർച്ചകളെ എങ്ങിനെ ഉപയോഗിക്കാം എന്ന കാര്യത്തിൽ ധാരണയില്ല. അതേസമയം, ക്ലബ് ഹൗസ് സജീവമായതോടെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചെലവിടുന്ന സമയം ആളുകൾ കുറച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിൽ സജീവമായിരുന്ന പലരും ഇതോടകം തന്നെ ക്ലബ് ഹൗസിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇത് ഫെയ്‌സ്ബുക്കിന്റെ ആകർഷണത്തിലും കുറവുണ്ടായി. സർക്കാർ അനുകൂലമല്ലാത്ത പോസ്റ്റുകൾക്ക് ഫെയ്‌സ്ബുക്കിൽ അടക്കം റീച്ച് കുറയുന്നുവെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. ഈ പശ്ചാതലത്തിലാണ് ക്ലബ് ഹൗസിലേക്കുള്ള കൂടുമാറ്റത്തിന് വേഗം കൂടിയത്. 
ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വാട്‌സാപ്പിനും ഇന്ത്യയിൽ മോഡി സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സഹചര്യത്തിൽ കൂടിയാണ് ക്ലബ് ഹൗസ് എത്തിയത്. യുവാക്കളെ കൂടുതൽ ആകർഷിക്കുന്ന പ്ലാറ്റ്‌ഫോമായി ക്ലബ് ഹൗസ് മാറിയതും വളരെ പെട്ടെന്നാണ്. 
നിരവധി സിനിമാ താരങ്ങളും നിലവിൽ ക്ലബ് ഹൗസിൽ സജീവമാണ്. കഴിഞ്ഞ ദിവസം ഉർവശി തിയേറ്റേഴ്‌സ് എന്ന പേരിൽ നടന്ന ചർച്ചയിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. അതേസമയം, തന്നെ ഫെയ്ക്ക് എക്കൗണ്ടുകളും ക്ലബ് ഹൗസിലുണ്ട്. നടൻ സുരേഷ് ഗോപിയുടെ പേരിൽ ഉണ്ടാക്കിയ എക്കൗണ്ടിനെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു. 

Latest News