ദോഹ- ലക്ഷദ്വീപ് ജനതയുടെ തനതും സൈ്വര്യവുമായ ജീവിതത്തെ തകിടം മറിക്കാനും കുത്സിത രാഷ്ട്രീയ അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാനുമുള്ള കുടില നീക്കങ്ങൾക്കെതിരെ കേരളാ നിയമസഭ ഐകകണ്‌ഠേന പാസാക്കിയ പ്രമേയത്തെ ഖത്തറിലെ വിവിധ സംഘടനകളുടെ ഐക്യവേദിയായ പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റി സ്വാഗതം ചെയ്തു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നിൽക്കുന്ന മത്സ്യബന്ധനത്തെ തകർക്കുന്ന നടപടി, മറ്റു ജോലികളിൽ നിന്ന് പിരിച്ചുവിടൽ, സർക്കാർ കരാറുകളും മറ്റും കുത്തകകൾക്ക് കൈമാറൽ, ജനങ്ങളുടെ ഭക്ഷണ രീതി നിയന്ത്രിക്കൽ, ഡയറിഫാമുകൾ പൂട്ടൽ, തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കൽ, ഒട്ടും കുറ്റകൃത്യങ്ങൾ ഇല്ലാത്ത ദ്വീപിൽ ആക്ട് നടപ്പാക്കൽ, കള്ളക്കേസിൽ കുടുക്കി അടിച്ചമർത്താനുള്ള നീക്കങ്ങൾ തുടങ്ങിയുള്ള ഒട്ടേറെ നടപടികൾക്കാണ് അഡ്മിനിസ്‌ട്രേറ്റർ നേതൃത്വം നൽകുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ദ്വീപ് സമൂഹത്തോടൊപ്പം കേരള ജനത ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നിയമസഭ പാസ്സാക്കിയ പ്രമേയമെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. നാടിന്റെ ജനാധിപത്യത്തിലും നാനാത്വത്തിൽ ഏകത്വത്തിലും വിശ്വസിക്കുന്ന ആളുകളുടെ പിന്തുണ ലക്ഷദ്വീപ് വാസികൾക്ക് ഏറിവരികയാണ്. വിഷയത്തിൽ ദ്വീപ് നിവാസികൾക്ക് ശക്തി പകരാനാവശ്യമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
അഡ്വ. നിസാർ കോച്ചേരി, എസ്.എ.എം ബഷീർ, ജോപ്പച്ചൻ തെക്കെക്കുറ്റ്, കെ.സി. അബ്ദുൽ ലത്തീഫ്, എ. സുനിൽകുമാർ, വി.സി. മശ്ഹൂദ്, സമീർ ഏറാമല, ഷാജി ഫ്രാൻസിസ്, അഡ്വ. ജാഫർ ഖാൻ, ഖലീൽ പരീത്, താജ് ആലുവ, ഡോ. ലിയാക്കത്തലി, അഹമദ് കടമേരി, ബഷീർ പുത്തൂപാടം, യു.ഹുസൈൻ മുഹമ്മദ്, അബ്ദുല്ലത്തീഫ് നല്ലളം, ഫൈസൽ വാടാനപ്പളി, അശ്ഹദ് ഫൈസി, ആർ.എസ്. അബ്ദുൽ ജലീൽ, ഇസ്മയിൽ ഹുദവി, സമീൽ ചാലിയം, പ്രദോഷ്, മുഹമ്മദ് ഫൈസൽ, അബ്ദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.