ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് കൊളോണിയൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പകർച്ച വ്യാധി നിയന്ത്രണ നിയമത്തിന്റെ പുതുരൂപം 15-ാം നിയമ സഭയുടെ ഒന്നാം സമ്മേളനത്തിൽ പിറന്നു വീണു. അനേകം ലക്ഷം മനുഷ്യരുടെ ജീവനെടുത്ത പ്ലേഗ് നിയന്ത്രിക്കാൻ അന്ന് നിലവിൽ വന്ന നിയമത്തിന് രണ്ട് പേജുകളായിരുന്നു ഉണ്ടായിരുന്നതെന്ന് ചരിത്രം രേഖപ്പടുത്തുന്നു. 1897 ൽ നിലവിലുണ്ടായിരുന്ന ആ നിയമമാണ് രൂപവും ഭാവവും മാറ്റി കോവിഡ് 19 നേരിടാനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഉപയോഗിച്ചു വരുന്നത്. പ്രത്യേക ഉത്തരവിലൂടെ കേരളത്തിലും നിയമം നിലവിൽ വന്നിരുന്നു. ആ നിയമാണ് ഇന്നലെ ഔപചാരികമായി നിയമ സഭ പാസാക്കിയെടുത്തത്.
മനുഷ്യരെ അടി മുടി ബാധിക്കാനിടയുള്ള നിയമമായിരുന്നതിനാൽ സാവകാശം വേണമെന്ന പ്രതിപക്ഷ അംഗം കെ. ബാബുവിന്റെയും, സുപ്രീം കോടതി അഭിഭാഷകനുമായ കോൺഗ്രസ് അംഗം മാത്യു കുഴൽ നാടന്റെയുമൊന്നും എതിർപ്പുകൾ നില നിന്നില്ല. സാംക്രമിക രോഗ ബിൽ പാസാക്കാനുള്ള അനുമതി സ്പീക്കർ എം.ബി. രാജേഷ് റൂളിംഗിലൂടെ നൽകിയതോടെ ബില്ലവതരണത്തിനുള്ള തടസ്സം നീങ്ങി. ബില്ലവതരണ കാര്യത്തിൽ പുതിയ സ്പീക്കറിൽ നിന്നുണ്ടാകുന്ന ആദ്യ റൂളിംഗായിരുന്നു ഇത്. ബ്രിട്ടീഷ് രാജ്ഞി ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ എന്തു വിലകൊടുത്തും തന്റെ ഭരണ പ്രദേശത്തെ മാരക രോഗം ഉന്മൂലനം ചെയ്യണമെന്നാഹ്വാനം ചെയ്തപ്പോൾ പിറന്ന രണ്ട് പേജ് നിയമം ആ കാലമെല്ലാം കടന്ന് പുതിയ കാല ഭരണാധികാരികളിലും എത്തി നിൽക്കുന്നു. അന്ന് എലിസബത്ത് രാജ്ഞി. ഇന്ന് വീണാ ജോർജ്. രണ്ടു പേരുടെയും ലക്ഷ്യം ഒന്നു തന്നെ. മാർഗം മാത്രം വേറിട്ടു നിൽക്കുന്നു.
സാംക്രമിക രോഗ ബിൽ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. കേന്ദ്ര നിയമത്തിലെ ശിക്ഷാ നടപടികളുമായി വ്യത്യാസമുണ്ടെങ്കിൽ പിന്നീട് നിയമ ഭേദഗതി കൊണ്ടുവരാമെന്ന് സർക്കാരിന് സ്പീക്കർ എം.ബി. രാജേഷിന്റെ നിർദേശം. സാംക്രമിക രോഗം തടയാനുള്ള സർക്കാർ ഉത്തരവ് ലംഘിച്ചാൽ രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് ബിൽ. നിയമസഭ പാസാക്കിയ ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ- സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടാലോ ഭീഷണിയുണ്ടെങ്കിലോ സർക്കാരിന് നടപടി എടുക്കാം. അത്തരം ഘട്ടത്തിൽ ആഘോഷങ്ങളും ആരാധനകളും നിരോധിക്കുക, വ്യക്തികളെ ക്വാറന്റൈൻ ചെയ്യുക, സംസ്ഥാന അതിർത്തികൾ അടക്കുക, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക, തുടങ്ങിയവക്ക് സർക്കാരിന് അധികാരം നൽകുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ ആജ്ഞയിൽ നിർമിച്ച നിയമത്തിലെ സാമാന വരികൾ എഴുതുകയല്ലാതെ മറ്റൊരു വഴിയും ഒരു സർക്കാരിനുമില്ല. കാരണം ഇതൊരു കേന്ദ്ര നിയമവുമാണ്. അതിലുപരി ലോകനിയമവും.
കേന്ദ്ര ബിൽ നിലവിലുണ്ടെന്നും ശിക്ഷ വ്യത്യസ്തമാണെന്നും പ്രതിപക്ഷം ബില്ലവതരണ ഘട്ടത്തിൽ വാദിച്ചെങ്കിലും സ്വാഭാവികമായും അതൊന്നും സ്വീകരിക്കപ്പെട്ടില്ല. നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന നിലപാട് ആരോഗ്യ മന്ത്രി വീണാ ജോർജ് ആവർത്തിച്ചു. മന്ത്രി വീണയുടെ ആദ്യ ബില്ലാണിത്. ചർച്ചക്കിടെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ അപര്യാപ്തത പ്രതിപക്ഷം ഉന്നയിച്ചു വെങ്കിലും മന്ത്രി വീണാ ജോർജ് എല്ലാ ആരോപണങ്ങളും തള്ളി.
15-ാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ ആദ്യ ബില്ലനുഭവമായിരുന്നു ഇത്. സംക്രമിക രോഗബിൽ ചർച്ചക്കെടുത്തുകൊണ്ടാണ് അവരുടെ നിയമ നിർമാണ തുടക്കം. രോഗ കാലത്തിന് ചേരുന്ന തുക്കം തന്നെ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പൊതുജനാഭിപ്രായത്തിന് വിടണമെന്നുമൊക്കെയുള്ള ഭേദഗതികളെല്ലം സഭ തള്ളി.
കടവുകളിലും ബോട്ടു ജെട്ടികളിലും കാത്തിരുന്നായിരുന്നു പോയ കാലത്ത് സാംക്രമിക രോഗ നിയന്ത്രണ നിയമം കേരളത്തിലെ രാജാക്കന്മാർ നടപ്പാക്കിയത്. ഇന്ന് നിയമം ലംഘിക്കുന്നവരെ പിടിക്കാൻ റോഡിലും തെരുവിലും പോലീസുണ്ട്. കയറെടാ ജീപ്പിൽ എന്ന പോലീസിന്റെ അലർച്ച ഇന്ന് തെരുവായ തെരുവൊക്കെ കേൾക്കാം. തെറിവിളി മാത്രമല്ല പിടിച്ചാൽ നൈസായി രണ്ട് കൊല്ലം ജയിലിലും കിടക്കാം.
ഓൺ ലൈൻ പഠന സൗകര്യമില്ലായ്മ ഇന്ന് കേരളത്തിന്റെ ദുഃഖമാണ്. നാട്ടിൽ കത്തി നിൽക്കുന്ന വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം നിയമ സഭയിലെത്തിച്ചു.
കോൺഗ്രസിലെ റോജി എം. ജോൺ ആണ് അടിന്തര പ്രമേയ നോട്ടീസിൽ സംസാരിച്ചത്. അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി സഭയെ അറിയിച്ചു. മന്ത്രിയെന്ന നിലക്ക് ശിവൻ കുട്ടി നേരിട്ട ആദ്യത്ത അടിയന്തര പ്രമേയം. 'ഡിജിറ്റൽ പഠനസൗകര്യങ്ങളെക്കുറിച്ച് സർക്കാർ ഏതെങ്കിലും പഠനം നടത്തിയിട്ടുണ്ടോ. കുട്ടികൾക്കായുള്ള ലാപ് ടോപ് നിർമിക്കാനുള്ള കെൽട്രോൺ പദ്ധതി ഇപ്പോഴുണ്ടോ. കേരളത്തിൽ 17 ശതമാനം പേർക്ക് ഓൺലൈൻ സൗകര്യങ്ങളില്ലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എത്ര കുട്ടികൾക്കാണ് ലാപ് ടോപ്പും ടി.വിയും ഉള്ളത്. നമ്മുടെ നാട്ടിലെ എത്ര കുട്ടികൾക്കാണ് ടി.വി ചാനലിലൂടെ മന്ത്രിയോട് ചോദിച്ച് മൊബൈൽ ഉറപ്പാക്കാനാവുന്നത്. സ്വകാര്യ സ്‌കൂളുകൾ ഏറ്റവും ആധുനികമായ ഓൺലൈൻ പഠനസൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് പോലെ സംസ്ഥാന സർക്കാരിനും ചെയ്യാൻ കഴിയണം' -റോജി എം. ജോൺ കേരളത്തിന്റെ സമകാലീന അവസ്ഥ ഇങ്ങിനെ വിവരിച്ചു.
'ഏഴ് ലക്ഷം വിദ്യാർഥികൾക്ക് പഠനസൗകര്യമില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനമുണ്ട്. സംസ്ഥാനത്ത് 17 ലക്ഷം പേർക്ക് ഇന്റർനെറ്റ് സൗകര്യങ്ങളില്ല. ഈ അധ്യയന വർഷത്തിൽ സൗകര്യങ്ങൾ സംബന്ധിച്ച് പഠനം അനിവാര്യമായിരുന്നു' -പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിന്റ മർമ്മത്തിൽ തൊട്ടു. 'എല്ലാ വിദ്യാർഥികൾക്കും സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് സർക്കാർ നയം. ഘട്ടം ഘട്ടമായി ഓൺലൈനായി പഠനം മാറ്റാൻ കഴിയും. വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലെ വിദ്യാർഥികൾക്ക് പഠന സൗകര്യക്കുറവുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇത് വിവാദമാക്കേണ്ട വിഷയമല്ല. അതുകൊണ്ട് തന്നെ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ല' -പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി തന്റെ സർക്കാരിന്റെ നിലപാട് ഇ ങ്ങിനെ വിശദീകരിക്കുന്നു. സംസ്ഥാനത്ത് എത്ര വിദ്യാർഥികൾക്ക് മന്ത്രിമാരെ വിളിച്ച് പഠനസൗകര്യങ്ങൾ ഉറപ്പാക്കാനാവും. എന്ന ചോദ്യം അപ്പോഴും ഉത്തരമില്ലാതെ അവശേഷിച്ചു.