ഇടുക്കി-രാജഭരണകാലത്ത് തമിഴ്‌നാട്ടിലേക്കുണ്ടായിരുന്ന കാട്ടുപാത ദേശീയ പാതയായി മാറുന്നു. കൊച്ചിയിൽ നിന്നും ആരംഭിച്ച് തമിഴ്‌നാട് അതിർത്തിയിലെ ചതുരംഗപ്പാറ വരെ നീളുന്ന പാത യാഥാർഥ്യമാകുമ്പോൾ എറണാകുളത്ത് നിന്ന് തേനിയിലേക്കുളള ദൂരം 100 കി.മീ കുറയും. എൻ. എച്ച് 85 ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ എന്നാണ് പുതിയ പാതയുടെ പേര്. കേന്ദ്ര സർക്കാരിന്റെ ഫളാഗ്ഷിപ് പദ്ധതിയായ ഭാരത് മാല പദ്ധതിയിലാണ് പാത ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയുടെ 80 ശതമാനവും ഇടുക്കി പാർലമെന്റ് മണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നത്. നിലവിലുള്ള കൊച്ചി-ധനുഷ്‌കോടി എൻ. എച്ച് 85ന്റെ ഒരിടത്തും ഈ പദ്ധതി കൂട്ടിമുട്ടുന്നില്ല.
എറണാകുളം കണയന്നൂർ താലൂക്കിലെ മരട് തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം, വില്ലേജുകളും കുന്നത്ത്‌നാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും, മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും, കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും, ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുകളും, ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും, ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻചോല, കൽക്കൂന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് പാത കടന്നു പോകുന്ന പ്രദേശങ്ങൾ. ആറു മാസത്തിനകം നിർമാണ പൂർവ നടപടികൾ പൂർത്തിയാക്കുമെന്ന ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.