Sorry, you need to enable JavaScript to visit this website.

മതസംഘടനകളിൽനിന്ന് വരേണ്ടത് ഐക്യത്തിന്റെ സ്വരം- മുജാഹിദ് സമ്മേളനത്തിൽ റഷീദലി തങ്ങൾ

കോട്ടക്കൽ- മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ പങ്കെടുത്തു. സമസ്തയുടെ വിലക്ക് ലംഘിച്ചാണ് റഷീദലി തങ്ങൾ സമ്മേളനത്തിനെത്തിയത്. പള്ളി മദ്‌റസ മഹല്ലുകൾ നന്മയുടെ പ്രകാശ ഗോപുരങ്ങൾ എന്ന സെഷന്‍ ഉദ്ഘാടനം ചെയ്ത റഷീദലി തങ്ങൾ ഐക്യത്തിന്‍റെ ആവശ്യകതയിലേക്കാണ് പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. ഭിന്ന സ്വരങ്ങളല്ല സംഘടനകളിൽനിന്ന് വരേണ്ടതെന്നും ഐക്യത്തിന്റെ പാതകളാണ് വെട്ടിത്തുറക്കേണ്ടെതെന്നും റഷീദലി തങ്ങൾ പറഞ്ഞു. 

 

ഭിന്നിച്ചുനിൽക്കേണ്ട കാലമല്ല ഇത്. ഒരുമയുടെ കാലമാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ഭിന്നിച്ചുകൊണ്ട് നിലനിൽപ്പില്ല. അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനം നടക്കുമ്പോൾ പ്രസ്ഥാന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ഒറ്റക്കെട്ടായി നിൽക്കണം. മുജാഹിദുകൾ സുന്നികളെ വിമർശിക്കുമ്പോഴും സുന്നികൾ മുജാഹിദുകളെ വിമർശിക്കുമ്പോഴും ദീനിനെ മറന്നുകൊണ്ടാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന ഓർമ വേണം. പ്രസ്ഥാനത്തേക്കാൾ വലുതാണ് ദീൻ എന്ന് ഓർക്കണം. ഇസ്ലാം ഒരിക്കലും ഐക്യത്തിന്റെ പാതയിൽനിന്ന് പിൻവാങ്ങാൻ കൽപ്പിച്ചിട്ടില്ല. ആശയവ്യത്യാസങ്ങളിൽ സംഘട്ടനത്തിന് മുതിരാതെ മുസ്ലിം സമൂഹത്തിന്റെ പുരോഗതിയും നന്മയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുക. എങ്കിലേ ദേശീയ, അന്തർദേശീയ തലത്തിലും കേരളത്തിലും നേരിടുന്ന ഭീഷണി ഇല്ലാതാക്കാനാകൂ. ഐക്യം മാത്രമാണ് നാം നേരിടുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനുള്ള ഏക മാർഗം. ഞാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശം പൂർണമായും ഉൾക്കൊള്ളുന്ന ഒരു വ്യക്തിയാണ്. എന്റെ ആദർശം ആരുടെ മുന്നിലും പണയം വെച്ചല്ല ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തിന് നിങ്ങളുടെയെല്ലാം പിന്തുണ വേണം. 
മുജാഹിദുകൾ രണ്ടു വിഭാഗമായപ്പോൾ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും എന്റെ പിതാവ് ഉമറലി തങ്ങളും ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ആ പാതയിൽ ഞാനുമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാണക്കാട് റഷീദലി തങ്ങൾ പങ്കെടുക്കുന്നതിനെതിരെ സമസ്ത രംഗത്തുവന്നിരുന്നു. ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് സമസ്തയുടെ നിലപാടുകൾക്ക് വിരുദ്ധമാണ് എന്നായിരുന്നു സമസ്തയുടെ വിശദീകരണം. എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രമുഖ പ്രഭാഷകൻ റഹ്മത്തുല്ല ഖാസിമിയും സമാന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ തന്റെ ഭാഗം വിശദീകരിച്ച് റഷീദലി തങ്ങൾ രംഗത്തെത്തി. സമ്മേളനത്തിൽ വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിൽ സമ്മേളനത്തിൽ പങ്കെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

സമ്മേളനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് റഷീദലി തങ്ങൾ പോസ്റ്റ് ചെയ്ത് ഫെയ്‌സ്ബുക്ക് കുറിപ്പ്

ആശയപരമായ വിയോജിപ്പുകൾക്കിടയിലും, പൊതുവായി ഐക്യപ്പെടാവുന്ന മേഖലകളിലൊക്കെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുൻപെങ്ങുമില്ലാത്ത വിധം കാലഘട്ടം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. 
ലോകാടിസ്ഥാനത്തിൽ തന്നെ മുസ്ലിംകളെയും മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തേയും ശിഥിലമാക്കാനുള്ള ആസൂത്രിതപദ്ധതികൾ നടന്നുകൊണ്ടിരിക്കുമ്പോൾ, മതേതര ഇന്ത്യയിൽ മുസ്ലിം പേരും കോലവും വിശ്വാസവും ഒക്കെ നിഷ്‌കരുണം കൊലചെയ്യപ്പെടാനുള്ള സംഘ് പരിവാർ മാനദണ്ഡങ്ങളായിക്കൊണ്ടിരിക്കുമ്പോൾ, മലയാളമണ്ണിലേക്കും അതിമതത്തിന്റെ വിഷക്കാറ്റ് മെല്ലെ വീശാൻ തുടങ്ങുന്നുവെന്ന് ഭയക്കേണ്ട കാലത്ത് സമുദായം ഒന്നിച്ചിരുന്ന് പൊതുവായ വിഷയങ്ങളിലും ചർച്ചകളിലും ഒക്കെ യോജിപ്പിന്റെ രേഖ തേടേണ്ടതും ,വിശ്വ കീർത്തി നേടിയ സാമുദായിക സാഹോദര്യത്തിനു കാവലേകേണ്ടതും വലിയ ദൗത്യമാണ്.

അതിനുള്ള ശ്രമങ്ങൾക്കാണു കാലം കാതോർക്കുന്നത്, വിഘടിച്ച് ഇരുചേരികളിൽ നിന്ന് ആശയ/ സംഘടനാ വിയോജിപ്പുകളാൽ പോർവിളികളുയർത്തേണ്ടവരല്ല സമുദായം, മറിച്ച് പരമാവധി യോജിപ്പിന്റെ വഴികൾ കാണേണ്ടവർ തന്നെയാണു.
ആശയ നൈർമ്മല്യത്തിലൂടെയും വിശ്വാസാനുഷ്ടാനങ്ങളുടെ തനത് വഴികൾ പഠിപ്പിക്കുന്നതിലൂടെയും കേരളീയ മുസ്ലിം പരിസരത്ത് സാർത്ഥകമായ പ്രവർത്തനങ്ങളുമായി നൂറ്റാണ്ടോടടുക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ ക്രാന്തദർശ്ശികളായ നേതൃനിരയും സമുദായ രാഷ്ട്രീയ സംഘചേരിയുടെ നേതൃത്വവും ആഗ്രഹിച്ചതും ആഹ്വാനം ചെയ്തതും ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളിൽ ഇത്തരം ഏകതാബോധത്തിൽ നിന്നു കൊണ്ടുള്ള നിലപാടുകളാണു.
പ്രിയപ്പെട്ട വല്ല്യുപ്പ പി.എം.എസ്.എ പൂക്കോയതങ്ങളുടെ കാലത്തു തന്നെ ആദർശ്ശപരമായി ഭിന്നിച്ച് നിൽക്കുന്നവരെ കൂട്ടിയിരുത്താനും വിഷയങ്ങളുടെ പ്രസക്തിക്കും ദൗരവത്തിനുമനുസൃതം ചർച്ചാ വേദികളുണ്ടാക്കാനുമുള്ള എത്രയോ വിജയിച്ച ശ്രമങ്ങളുണ്ടായിട്ടുണ്ട്. 
സമസ്തയുടെ പോഷകഘടകങ്ങളുടെ ഉന്നതസാരഥ്യത്തിലിരിക്കുമ്പോഴും ചേരിതിരിവുകൾ വലിച്ചെറിഞ്ഞ് യോജിക്കാൻ കഴിയുന്ന മേഖലകളിലൊക്കെ ഒന്നിച്ച് നിൽക്കണമെന്ന വലിയ സന്ദേശം നൽകുന്ന നീക്കങ്ങളനേകാമായിരുന്നു.

മൂത്താപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശംസുൽ ഉലമായും ഒക്കെ ഐക്യ ശ്രമങ്ങൾക്ക് ജീവിതം സമർപ്പിച്ചവരായിരുന്നുവല്ലോ..
മുജാഹിദ് സംഘടനയിലെ ഒരു തർക്കത്തിന്റെയോ പിളർപ്പിന്റെയോ സമയത്ത്, ഉപ്പ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമ്മാനായിരിക്കെ ഇരു വിഭാഗം മുജാഹിദ് നേതാക്കളും വീട്ടിൽ വന്ന് ഒരു മേശക്ക് ചുറ്റും പരിഹാര ചർച്ചക്കായി ഇരുന്നത് ഇന്നുമോർക്കുകയാണു. 
ഉപ്പയും അന്നത്തെ മുജാഹിദ് നേതാക്കളും സംഘടനാപരമായ വിയോജിപ്പുകൾക്കപ്പുറത്ത് ചിന്തിച്ചത്, ഒരു മുസ്ലിം സംഘടന/കൂട്ടായ്മ എന്ന നിലയിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ട് ഐക്യപ്പെടണം എന്നാണു.

കാലം ഒരുപാട് മാറി, ഇന്ത്യയിലെ മുസ്ലിംകൾക്ക് ഇന്ന് നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള സാഹചര്യമാണു. മുൻപത്തേക്കാളും വലിയ രീതിയിലുള്ള ഐക്യ ചർച്ചകളും ശ്രമങ്ങളും ഉണ്ടാവേണ്ടത് കാലമാവശ്യപ്പെടുന്ന ഇടപെടലാണു. വളഞ്ഞിട്ടാക്രമിക്കപ്പെടുമ്പോൾ ഭിന്നതകൾ മറന്ന് ഒന്നിക്കേണ്ടവരനു നാം.
മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന 'പള്ളി ,മദ്രസ, മഹല്ല് സമ്മേളന'ത്തിലേക്ക് ക്ഷണിക്കപ്പെട്ടത് കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിലാണു. പള്ളി മദ്രസ തുടങ്ങിയ വഖഫ് സംവിധാനങ്ങളെയും മഹല്ല് സമ്പ്രദായത്തേയും ഒക്കെ കുറിച്ചുള്ള ചർച്ചാ സെഷന്റെ ഉദ്ഘാടകനായി കൊണ്ട്. 
വഖഫ് സ്വത്തുവകകളുമായും ഇടപാടുകളുമായും ബോർഡിന്റെ വിവിധ വിഭ്യഭ്യാസ  സ്‌കോളർഷിപ്പ്  ക്ഷേമ പ്രൊജക്ടുകളുമായും ഒക്കെ ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളും അത്തരം സിമ്പോസിയങ്ങളിൽ ചർച്ചക്ക് വരേണ്ടതാണു. 
ശക്തമായ ആദർശ്ശ വിയോജിപ്പിനിടയിലും ക്ഷണം സ്വീകരിക്കുന്നത് കാലങ്ങളായി കൊടപ്പനക്കൽ കുടുംബം നടത്തുന്ന ഐക്യ ശ്രമങ്ങൾക്ക് ജനം ചാർത്തുന്ന ഹൃദയാംഗീകാരത്തിനും പ്രാർത്ഥനക്കും കടപ്പാട് കാട്ടണം എന്നുള്ളത് കൊണ്ടുകൂടിയാണ്.

 

Latest News