Sorry, you need to enable JavaScript to visit this website.

ബത്തേരിയില്‍ എത്തിച്ചത് ഒന്നേ കാല്‍ കോടി, ബി.ജെ.പി കുഴല്‍പണം അന്വേഷണം ഉന്നതങ്ങളിലേക്ക് 

കൊച്ചി-സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട് നിന്നാണ് മാര്‍ച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്‌സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാല്‍ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസര്‍കോട്ടേക്ക് ആയിരുന്നു. രണ്ടു ജില്ലാ നേതാക്കള്‍ രണ്ടുകാറുകളിലായിട്ടാണ് യാത്ര നടത്തിയത്. പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. കാസര്‍കോട് ബിജെപി ഓഫീസിലെത്തിയ ഇവര്‍ അവിടെ നിന്ന് 50 ലക്ഷം രൂപയുമായി മടങ്ങി എന്നാണ് വിവരം. തുടര്‍ന്ന് കൊടകര മോഡലില്‍ ബാക്കി പണം എത്തിച്ചു. ഇതില്‍ 25 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ഥിക്ക് കൈമാറി. ബാക്കി പണം ചെലവഴിച്ചത് ബിജെപി തന്നെയാണ്. എന്നാല്‍ പണം ചെലവഴിക്കുന്നതില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ് ചുമതല നല്‍കിയിരുന്നത്.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറിയായ എ.എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം ആലപ്പുഴ ജില്ലയിലേക്ക് വേണ്ടിയാണെന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങി നാലുജില്ലകളിലെ തെരഞ്ഞെടുപ്പ് ജോലിയാണ് പത്മകുമാറിന് ഉണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയാണ് പത്മകുമാര്‍. നേരത്തേ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. പണം കര്‍ത്തയ്ക്ക് കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതടക്കമുളള കാര്യങ്ങളും മേഖലാ സംഘടനാസെക്രട്ടറിയോട് ചോദിച്ച് അറിയും. കവര്‍ച്ചാപണം കണ്ടെത്തുന്നതിനായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘം ഇന്ന് തിരികെയെത്തും. പ്രതികളുടെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങി പോലീസ് തയ്യാറാക്കിയവരുടെ പട്ടികയിലുളളവരോട് തൃശ്ശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
കേസിലെ പ്രധാന പ്രതികളായ മാര്‍ട്ടിന്‍, രഞ്ജിത് എന്നിവര്‍ക്കെതിരേ ആളൂര്‍ പോലീസ് സ്‌റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയില്‍ നിന്ന് ലോണെടുത്ത് നല്‍കാം എന്ന് വിശ്വസിപ്പിച്ച് അവിട്ടത്തൂര്‍ സ്വദേശിനിയില്‍ നിന്ന് ഭര്‍ത്താവിന്റെ പേരിലുളള 38 സെന്റ് ആധാരവും പലപ്പോഴായി 80,000 രൂപയും വാങ്ങിയെടുത്ത് വഞ്ചിച്ചതിനാണ് കേസ്. രഞ്ജിത്തിനെതിരേ തൃശ്ശൂര്‍ മാള പോലീസ് സ്‌റ്റേഷനില്‍ വഞ്ചനാകേസ് നിലവിലുണ്ട്. പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
 

Latest News