തിരുവനന്തപുരം- വി.എസ് അച്യുതാനന്ദൻ വഹിച്ചിരുന്ന ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എത്തുന്നു. ഒഴിവുവരുന്ന രാജ്യസഭ സീറ്റ് സി.പി.എം ഏറ്റെടുക്കാനും നീക്കം. ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദൻ വഹിച്ച സ്ഥാനമാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാമത്തെ സർക്കാർ കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ സ്ഥാനം വി.എസ് രാജിവെച്ചത്. ഈ സമിതി നൽകിയ റിപ്പോർട്ടുകളിൽ പലതും നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഈ സഹചര്യം നിലനിൽക്കെയാണ് ജോസ് കെ മാണിയെ ഭരണപരിഷ്‌കാര ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽനിന്ന് മത്സരിച്ച ജോസ് കെ മാണി, മാണി സി കാപ്പനോട് തോറ്റിരുന്നു. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് പ്രതിനിധിയായി റോഷി അഗസ്റ്റിൻ മന്ത്രിസഭയിലുണ്ട്. നേരത്തെ ഉണ്ടായിരുന്ന രാജ്യസഭ അംഗത്വം രാജിവെച്ചാണ് ജോസ് കെ മാണി യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്ക് പോയത്. ഈ സഹചര്യത്തിൽ ജോസ് കെ മാണിക്ക് ഔദ്യോഗിക പദവികൾ ഒന്നുമില്ല. ഇതുകൂടി കണക്കിലെടുത്താണ് ഭരണപരിഷ്‌കാര ചെയർമാൻ സ്ഥാനം നൽകുന്നത്. ഫലത്തിൽ മന്ത്രി സ്ഥാനത്തിന് തുല്യമായ പദവിയാണിത്. ഒരു മന്ത്രിയുടെ കീഴിൽ വരുന്ന വകുപ്പല്ല. നേരിട്ട് മുഖ്യമന്ത്രിക്കാണ് റിപ്പോർട്ട് ചെയ്തത്. 21 സ്റ്റാഫും തിരുവനന്തപുരത്ത് ഓഫീസും ലഭിക്കും.
അതേസമയം, ജോസ് കെ മാണിക്ക് ഈ പദവി നൽകിയാൽ സി.പി.എമ്മിനകത്ത് അമർഷമുണ്ടാകുമെന്ന സൂചനയുമുണ്ട്. അങ്ങിനെയങ്കിൽ കാർഷിക കമ്മീഷൻ അധ്യക്ഷ പദവി കാബിനറ്റ് റാങ്കോടെ നൽകാനുള്ള ആലോചനയുമുണ്ട്.