Sorry, you need to enable JavaScript to visit this website.

മുസ്‌ലിം നവോത്ഥാനത്തിന്റെ കേരള മോഡൽ  രാജ്യത്തിന് മാതൃക: സൽമാൻ ഖുർഷിദ്

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർശിദ് ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- മുസ്‌ലിം നവോത്ഥാനത്തിന്റെ കേരള മോഡൽ ഇന്ത്യയിലെ മുഴുവൻ സമൂഹത്തിനും മാതൃകയാണെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സാമൂഹ്യ മത സാംസ്‌കാരിക മേഖലകളിൽ പ്രമാണങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച നവോത്ഥാന ശ്രമങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വർഗീയതയും വിഭാഗീയതയും കളംനിറഞ്ഞാടുന്ന ഉത്തരേന്ത്യൻ സമൂഹത്തിൽ കേരള മുസ്‌ലിം നവോത്ഥാനം ഗൗരവത്തോടെ അവതരിപ്പിക്കേണ്ട ഒന്നാണ്. സ്നേഹവും സമാധാനവും സഹവർത്തിത്വവും  ഏതൊരു രാജ്യത്തും നിലനിൽക്കണമെങ്കിൽ മഹത്തായ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരിഷ്‌കരണ പ്രവർത്തനങ്ങൾ അനിവാര്യമാണ്. മൗലാനാ അബുൽകലാം ആസാദ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, വക്കം മൗലവി തുടങ്ങിയവർ തുടക്കം കുറിച്ച മഹത്തായ നവോത്ഥാനം ഉദാത്തമായ മാതൃകകളാണ് ഇന്ത്യക്ക് സംഭാവന ചെയ്തത്. 
ഇന്ത്യയിലെ ദളിത് ന്യൂനപക്ഷങ്ങൾ ഏറെ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു പരിഹാരമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണം. ഏതെങ്കിലുമൊരു മതവിഭാഗത്തിനു നേരെ ഉയരുന്ന അതിക്രമങ്ങൾ ന്യായീകരിക്കാൻ കഴിയില്ല. എല്ലാ വിഭാഗം ജനങ്ങളും സുരക്ഷിതരാവുമ്പോൾ മാത്രമേ രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് കരുതാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുക: 
മുജാഹിദ് സമ്മേളനം

മലപ്പുറം- സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സമൂഹം പ്രതിജ്ഞാബദ്ധരാകണമെന്ന് കൂരിയാട് സലഫി നഗറിൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന ഖുർആൻ സമ്മേളനം ആഹ്വാനം ചെയ്തു. വർഗീയതയും തീവ്രവാദ നിലപാടുകളും നാടിന്റെ സമാധാനം തകർക്കും. വ്യത്യസ്ത മത വിഭാഗങ്ങളുമായി അടുത്ത് ഇടപഴകി തെറ്റിദ്ധാരണകൾ അകറ്റണമെന്നും ആരാധനകളും ആഘോഷങ്ങളും അപരന്റെ സ്വാസ്ഥ്യം കെടുത്തുന്ന വിപത്തിലേക്ക് വഴിമാറരുതെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഖുർആൻ സമ്മേളനം പ്രധാന പന്തലിൽ മൗലാനാ അബ്ദുൽഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. സെക്രട്ടറി അബ്ദുറഹ്മാൻ മദനി പാലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. മായിൻകുട്ടി സുല്ലമി, പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ജമാലുദ്ദീൻ ഫാറൂഖി, എൻ.എ.എം. ഇസ്ഹാഖ് മൗലവി, ഉബൈദുല്ല താനാളൂർ, എ. കുഞ്ഞാലൻകുട്ടി മദനി പ്രസംഗിച്ചു. 
'സഹിഷ്ണുത' വേദിയിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം മുതിർന്ന മാധ്യമ പ്രവർത്തകൻ സീതി കെ. വയലാർ ഉദ്ഘാടനം ചെയ്തു. അബൂ പാറാട് അദ്ധ്യക്ഷതവഹിച്ചു. ഡോ. കെ.എം.മുസ്തഫ, ഡോ. പി. അബ്ദുസ്സലഫി, ബഷീർ അഹമ്മദ്, പി.എൽ.കെ. അബ്ദുറസാഖ്, പി. ഫജറുസ്സാദിഖ്, മുസ്തഫ മദനി പുളിക്കൽ പ്രസംഗിച്ചു.
ഉച്ചക്ക് പ്രധാന പന്തലിൽ നടന്ന ജുമുഅ നമസ്‌കാരത്തിലെ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി. സ്ത്രീകൾ ഉൾപ്പെടെ നിരവധി വിശ്വാസികളാണ് ജുമുഅ നമസ്‌കാരത്തിൽ പങ്കാളികളായത്. കെ.എൻ.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി നമസ്‌കാരത്തിന് നേതൃത്വം നൽകി. വിശ്വാസി സമൂഹം ഖുർആനും പ്രവാചക ചര്യയും മുറുകെപ്പിടിച്ച് ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരസ്പര വിദ്വേഷവും പകയും നാശത്തിന് മാത്രമേ കാരണമാകൂ. സഹിഷ്ണുതയും സമാധാനവുമാണ് മതങ്ങളുടെ കാതൽ. പരസ്പര സ്നേഹം കാത്തുസൂക്ഷിക്കണമെന്ന ഇസ്ലാമിന്റെ സന്ദേശം പ്രയോഗവത്കരിക്കാൻ വിശ്വാസികളായ നമുക്ക് ബാധ്യതയുണ്ട്. ഇതരരെ ബഹുമാനിക്കാനും അവരെ സ്നേഹിക്കാനും നമുക്ക് സാധിക്കണം. ഇസ്ലാമിക ആദർശങ്ങൾ മുറുകെപ്പിടിച്ച് തന്നെ സൗഹാർദ്ദത്തോടെ കഴിയാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും അബ്ദുല്ലക്കോയ മദനി ഓർമ്മിപ്പിച്ചു. 
ഹദീസ് സമ്മേളനം മൗലാനാ അബൂസഹ്ബാൻ റൂഹുൽ ഖുദ്സ് നദ്വി ലക്നൗ ഉദ്ഘാടനം ചെയ്തു. മുഹ്യുദ്ദീൻ മദനി അദ്ധ്യക്ഷതവഹിച്ചു. കെ. നാസർ സുല്ലമി, പ്രൊഫ. പി. മൂസ മൗലവി, പ്രൊഫ. കെ.പി. സകരിയ്യ, ഹദ്യത്തുല്ല സലഫി പ്രസംഗിച്ചു.
നവോത്ഥാന സമ്മേളനം മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ് ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ. അഹ്മദ്കുട്ടി അദ്ധ്യക്ഷംവഹിച്ചു. ഡോ. എം.ജി.എസ്. നാരായണൻ, പി. ഉബൈദുല്ല എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, കെ.എൻ.എം സെക്രട്ടറി ഡോ. സുൽഫിക്കർ അലി,  ഡോ. ഇ.കെ. ഫസലുറഹ്മാൻ, പി.എം.എ. ഗഫൂർ, ശഫീഖ് അസ്ലം പ്രസംഗിച്ചു. 
സാംസ്‌കാരിക സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ. എ.എ. ബഷീർ കണ്ണൂർ അദ്ധ്യക്ഷതവഹിച്ചു. കെ.എം. ഷാജി എം.എൽ.എ, ടി.വി. ഇബ്രാഹീം എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, മുസ്തഫ തൻവീർ, കെ.കെ. രാമകൃഷ്ണൻ, പി. സുരേന്ദ്രൻ, കെ.പി. രാമനുണ്ണി, പി. ഹംസ സുല്ലമി, നാസർ മുണ്ടക്കയം പ്രസംഗിച്ചു.

നവോത്ഥാന ശ്രമങ്ങളെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ 
പുരോഗതിയുടെ ശത്രുക്കൾ

മലപ്പുറം- കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പിൻമുറക്കാരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ നവോത്ഥാന പരിശ്രമങ്ങളെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ പുരോഗതിയുടെ ശത്രുക്കളാണെന്ന്  മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.  ചരിത്ര യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നത് വിവേകമല്ല. കേരളീയ മുസ്ലിം പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച നവോത്ഥാന ആശയങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ എതിർക്കപ്പെടണം. നവോത്ഥാനത്തെ തള്ളിപ്പറയുന്നവർ വികസനത്തിന്റെയും പുരോഗതിയുടെയും ശത്രുക്കളാണ്.  നവോത്ഥാനത്തിന്റെ സദ്ഫലങ്ങളായ ഉന്നതവിദ്യാകേന്ദ്രങ്ങൾ, അറബിക് കലാലയങ്ങൾ, മദ്റസകൾ, അനാഥാലയങ്ങൾ എന്നിവ തകർക്കാനുള്ള യാഥാസ്ഥിക - ഫാഷിസ്റ്റ് കൂട്ടുകെട്ടിനെ ചെറുത്തു തോൽപിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.  പുതു തലമുറയുടെ വൈജ്ഞാനിക ദാഹം ശമിപ്പിക്കാൻ ഉതകുന്ന രൂപത്തിൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ നവീകരിക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണരോടും സമുദായ നേതാക്കളോടും സമ്മേളനം ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശം റദ്ദ് ചെയ്ത് വൈവിധ്യങ്ങൾ തകർത്ത് ഏകശിലാസംസ്‌കാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് സാംസ്‌കാരിക സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. 'മുത്വലാഖ്' പോലുള്ള വിഷയങ്ങൾ ഏക സിവിൽ കോഡിന് വേണ്ടി വാശിപിടിക്കുന്നവരുടെ ചൂണ്ടയിലെ ഇരയായി മാറാതിരിക്കാൻ കരുതൽ വേണമെന്നും ഇസ്ലാമിക ശരീഅത്തിനെതിരെയുള്ള ഏതു നീക്കവും മുസ്ലിം സമുദായം ഒറ്റകെട്ടായി മത നിരപേക്ഷ കക്ഷികളുമായി ചേർന്ന് നേരിടണമന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഇസ്ലാമിന്റെ മൗലിക തത്വങ്ങൾ അവഗണിക്കുന്ന സൂഫി - ശീഈ ചിന്താധാരകളുടെ സ്വാധീനം സാംസ്‌കാരിക - വിദ്യാഭ്യാസ രംഗത്ത് വർധിച്ച് വരുന്നത് കരുതലോടെ കാണണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മുസ്ലിം ലോകത്തോട് പരസ്യമായ യുദ്ധം പ്രഖ്യാപിച്ച ശീഈ മിലീഷ്യകളെ തിരിച്ചറിയണമെന്നും ശീഈ സായുധ സംഘങ്ങളുടെ ദുഷ്ടലക്ഷ്യങ്ങൾ സമൂഹം മനസ്സിലാക്കണമെന്നും അത് പുറത്ത് കൊണ്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്ലാമിക പ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ വിവേചന പൂർണമായ നടപടികൾ സ്വീകരിക്കുന്നതിനെ സമ്മേളനം അപലപിച്ചു. മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചാർത്തുന്നത് ഹീനമായ നടപടിയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരിൽ കൊലക്കത്തിക്ക് ഇരയാകുന്ന വർഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിർബന്ധമത പരിവർത്തനം ഇസ്ലാമിന് അന്യമാണെന്നും തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് മത വിശ്വാസികൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങൾ സമൂഹം തിരിച്ചറിയണമെന്നും മുജാഹിദ് സമ്മേളനം ഓർമ്മപ്പെടുത്തി.

 

Latest News