ചെയറിലിരുന്ന് സ്പീക്കർ നൽകുന്ന നിർദേശം നിയമസഭയുടെ നിയമമായി തീരുന്നതാണ് രീതി. അങ്ങിനെയെങ്കിൽ ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുമ്പോൾ സ്പീക്കർ എം.ബി. രാജേഷ് കൊടുത്ത നിർദേശം ഇനിയെല്ലാവരും പാലിക്കേണ്ടി വരും. ബഹുമാനപ്പെട്ട അംഗം മാസ്‌കിട്ട് സംസാരിക്കണമെന്നായിരുന്നു സ്പീക്കറുടെ നിർദേശം. രണ്ടു തവണ കോവിഡ് വന്ന് മാറിയതാണെന്നും ശ്വസിക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് ഇങ്ങിനെ എന്ന് വിശദീകരിച്ച സതീശൻ അതുവരെധരിച്ചിരുന്ന രണ്ട് മാസ്‌കിന് പകരം ഒരെണ്ണം ധരിച്ച് പ്രസംഗം തുടർന്നു. എം.എൽ.എ മാർ മാസ്‌കിടാതെ നിയമസഭയിലെക്ക് വരുന്നതൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയും ചിത്രവുമൊക്കെയായതാണ്. ഏതായാലും മാസ്‌കിടാതെ പ്രസംഗിച്ചതിന്റെ പേരിൽ സ്പീക്കർ പ്രതിപക്ഷ നേതാവിന് നൽകിയ നിർദേശം കോവിഡ് കാല നിയമ സഭയുടെ തുടർനടത്തിപ്പുകാലത്തെല്ലാം പ്രസക്തമായിരിക്കും. മാസ്‌കിടാതെ പ്രസംഗിക്കാൻ നിൽക്കുന്നവരെ ഇനി അംഗങ്ങൾ ഇരു പക്ഷത്തു നിന്നും ഓർമിപ്പിച്ചു കൊണ്ടിരിക്കും. ബഹുമാനപ്പെട്ട അംഗം ..മാസ്‌ക്..മാസ്‌ക്..
മന്ത്രി വീണ ജോർജിന്റെ മാധ്യമ പ്രവർത്തകയെന്ന നിലക്കുള്ള തിളക്കകാലങ്ങളിലൊന്ന് ഡോ. എം.കെ. മുനീർ തുടങ്ങിവെച്ച് പിന്നീട് ഇല്ലാതായിപ്പോയ ഇന്ത്യവിഷനിലായിരുന്നു. അന്നത്തെ മാധ്യമ മുതലാളിയും ഇന്നത്തെ മന്ത്രിയും മനുഷ്യർ നേരിടുന്ന മഹാമാരിയുടെ കാര്യത്തിൽ കുറച്ചൊന്ന് ഏറ്റുമുട്ടി. കോവിഡ് വാക്‌സിൻ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ഡോ. എം.കെ. മുനീർ ഒരു ഡോക്ടർ എന്ന നിലക്ക് വിഷയം സമഗ്രമായി തന്നെയാണ് അവതരിപ്പിച്ചത്. വൈദ്യ ശാസ്ത്രം പഠിച്ചവർക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങളുമുണ്ടല്ലോ. മന്ത്രി വീണ ജോർജിന് തന്റെ പഴയ മാധ്യമ മുതലാളിയുടെ നിലപാടിനോട് ഒരിഞ്ച് യോജിക്കാനാകുമായിരുന്നില്ല. മന്ത്രി അതി രൂക്ഷമായി തന്നെ പ്രതികരിച്ചു. ഇതു കേട്ട് പ്രതിപക്ഷ അംഗങ്ങൾ സ്വാഭാവികമായും ക്ഷുഭിതരായി. ഡോ. മുനീർ മന്ത്രിയും മന്ത്രി വീണ പ്രതിപക്ഷത്തുള്ളയാളും എന്ന മട്ടിലായിപ്പോയല്ലോ കാര്യങ്ങളെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഡോ. മുനീർ ഡോക്ടർ എന്ന നിലക്കുള്ള തന്റെ അഭിപ്രായം ഇത്ര നന്നായി പറഞ്ഞിട്ടു പോലും മന്ത്രിക്ക് അതൊക്കെ പുല്ലുവിലയായിപ്പോയല്ലോ എന്ന് കുഞ്ഞാലിക്കുട്ടി രൂക്ഷമായി.
ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞതാണ് കാര്യങ്ങൾ പ്രകോപനത്തിലെത്തിച്ചത്. മാസങ്ങളായി സർക്കാറും പാർട്ടിയും പറഞ്ഞുറപ്പിച്ച കാര്യം മാറ്റി പറയൽ മന്ത്രിക്കസാധ്യം. മന്ത്രിയുടെ കണക്കുകൾ വിശ്വസനീയമല്ലെന്ന് പ്രതിപക്ഷം മറുപടി നൽകിയതോടെയായിരുന്നു ബഹളം.
നോട്ടീസിൽ പറയുന്ന കാര്യങ്ങൾ വാസ്തവമല്ല. സംസ്ഥാനത്തിന്റെ ചികിത്സാ സൗകര്യം വർധിപ്പിച്ച് രണ്ടാം തരംഗത്തെ നേരിടാനാണ് സർക്കാർ ശ്രമിച്ചത്. ഇത് വലിയതോതിൽ വിജയം കണ്ടു -വീണാ ജോർജ് വാദിച്ചു നിന്നു. അടിയന്തര പ്രമേയ നോട്ടീസിലെ പ്രധാന കാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു. മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്‌മെന്റ് കമ്മിറ്റിയല്ല ഡോക്ടർമാരാണ്. മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലെ പ്രധാന ആവശ്യം. 41 മുതൽ 59 വയസ്സുവരെയുള്ളവരുടെ മരണനിരക്ക് വളരെ ആശങ്കയുണ്ടാക്കുന്നതായും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പോലെയല്ല കുറച്ചുകൂടി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഓരോ മരണവും കോവിഡിന്റെ ഏത് വകഭേദം മൂലമാണെന്ന് രേഖപ്പെടുത്തണമെന്ന് ഡോക്ടറുടെ പ്രൊഫഷനിലിസത്തോടെ എം.കെ. മുനീർ നിർദേശിച്ചിരുന്നു. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ് കോവിഡ് മരണങ്ങൾ കോവിഡ് മരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നില്ല. വാക്‌സിനേഷൻ കാര്യക്ഷമമല്ല. ഒന്നാം ഡോസ് വാക്‌സിനെടുത്ത തനിക്ക് രണ്ടാം ഡോസ് ലഭിച്ചില്ല. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. സർക്കാരിനെ പ്രതികൂട്ടിലാക്കാനല്ല മറിച്ച് കുറെക്കൂടി കാര്യക്ഷമമാക്കാനാണ് പ്രതിപക്ഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് -ഡോ. മുനീർ ശൈലജ ടീച്ചറുടെ കാലത്തെന്ന പോലെ തനിക്കറിയാവുന്ന കാര്യങ്ങൾ പങ്കു വെച്ചു. കോവിഡിന്റെ തുടക്ക ഘട്ടത്തിലൊക്കെ മുനീർ പറയുന്നതിനെ ചേർത്ത് പിടിച്ചായിരുന്നു ടീച്ചറുടെ മറുപടി രീതി. ആ ഗണത്തിലല്ല താനെന്ന് മന്ത്രി വീണ തെളിയിക്കാൻ ശ്രമിക്കുകയാണോ? സർക്കാരിന്റെ ഏറെ പ്രശംസിക്കപ്പെട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാണിക്കുന്നതായിമാത്രമെ ഇതിനെയൊക്ക മന്ത്രിക്ക് കാണാനാവുന്നുള്ളൂ. നിങ്ങൾ എത്ര ചീത്ത പറഞ്ഞാലും കോവിഡ് കാര്യത്തിൽ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷം കൂടെയുണ്ടാകും അതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം മറിച്ചൊരു തീരുമാനം ഉണ്ടായാൽ ജനങ്ങൾക്ക് രാഷ്ട്രീയത്തോട് പുച്ഛം തോന്നുകയും ജനങ്ങൾ ആരാഷ്ട്രീയ വാദികളാകുകയും ചെയ്യുമെന്ന് സതീശന്റെ സഹകരണ പ്രഖ്യാപനം. നിങ്ങളെ ഓർത്തല്ല ജനങ്ങളെ ഓർത്താണ് ഈ സഹകരണമെന്ന് കുഞ്ഞാലിക്കുട്ടിയുടെ കൂട്ടിച്ചേർക്കൽ. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോൾ ഇറങ്ങിപ്പോകാതെ പ്രതിപക്ഷം.
ഉപക്ഷേപങ്ങൾ അനുവദിച്ച ദിവസമായിരുന്നു ഇന്നലെ. മന്ത്രി മുഹമ്മദ് റിയാസിനും, ആന്റണി രാജുവിനും മന്ത്രിമാർ എന്ന നിലക്ക് മറുപടി പറയാൻ ആദ്യാവസരം.
ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ച അവസാനിച്ചു. തീരാൻ നേരം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വീണ്ടും പോര്. വിഷയം നേമത്തെ കെ. മുരളീധരന്റെ മത്സര സാന്നിധ്യം തന്നെ. മുരളി ഇല്ലായിരുന്നുവെങ്കിൽ ശിവൻ കുട്ടി നിയമ സഭയിലുണ്ടാകുമായിരുന്നോ എന്ന ചോദ്യം വി.ഡി. സതീശൻ ആവർത്തിച്ചപ്പോൾ രാഷ്ട്രീയ തർക്കുത്തരത്തിൽ തന്റെ പ്രാവീണ്യം മുഖ്യമന്ത്രി പിണറായി വിജയനും പുറത്തെടുത്തു- കഴിഞ്ഞ തവണ കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് കൊടുത്തെന്ന് സമ്മതിക്കുകയാണോ ? എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം.
ദേവികുളം എം.എൽ.എ എ. രാജയുടെ സത്യപ്രതിജ്ഞയിലെ പ്രതിസന്ധി തീരുന്നില്ല. സാമാജികനല്ലാതെ സഭയിൽ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും സ്പീക്കർ തെരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനെ തുടർന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലാതിരുന്ന സാഹചര്യത്തിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം.
സാമാജികനല്ലാതെ സഭയിൽ മൂന്നുദിവസം ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. തമിഴിൽ തന്നെയായിരുന്നു ഇത്തവണയും സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് ഭാഷാന്തരം ചെയ്തപ്പോഴുണ്ടായ പിഴവിനെ തുടർന്നായിരുന്നു ഇത്. പ്രോടേം സ്പീക്കർ പി.ടി.എ. റഹീമിന് മുമ്പാകെയായിരുന്നു ആദ്യ സത്യപ്രതിജ്ഞ.