റിയാദ് - തട്ടിപ്പ് എസ്.എം.എസ്സുകളെ കുറിച്ച് ഒരു മാസത്തിനിടെ ഉപയോക്താക്കളിൽ നിന്ന് 63,000 ലേറെ പരാതികൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അറിയിച്ചു. സി.ഐ.ടി.സി ഏർപ്പെടുത്തിയ സൗജന്യ നമ്പറായ 33030 ൽ ആണ് തട്ടിപ്പ് എസ്.എം.എസ്സുകളെ കുറിച്ച പരാതികൾ കമ്മീഷൻ സ്വീകരിക്കുന്നത്.
പ്രാദേശിക ബാങ്കിൽ നിന്നോ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നോ വ്യാപാര സ്ഥാപനങ്ങളിൽ നിന്നോ തപാൽ, കൊറിയർ ഏജൻസികളിൽ നിന്നോ ഉള്ളതാണെന്ന് അവകാശപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്നാണ് തട്ടിപ്പ് എസ്.എം.എസ്സുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. സമ്മാനം അടിച്ചതായി അറിയിക്കുകയോ വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുകയോ പാർസലും കൊറിയറും എത്തിയതായി അറിയിക്കുകയോ സമ്മാനവും മറ്റും കൈമാറാൻ മുൻകൂട്ടി പണം അടക്കാൻ ആവശ്യപ്പെടുകയോ ചെയ്താണ് തട്ടിപ്പ് എസ്.എം.എസ്സുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മെയ് മാസത്തിൽ തട്ടിപ്പ് എസ്.എം.എസ്സുകളെ കുറിച്ച് ഉപയോക്താക്കളിൽ നിന്ന് 63,000 ലേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. സേവന ദാതാക്കളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് പരാതികളിൽ വേണ്ട നടപടികൾ കമ്മീഷൻ സ്വീകരിക്കുന്നുണ്ട്. ഉപയോക്താക്കളിൽ എത്തുന്നതിനു മുമ്പായി ഇത്തരം എസ്.എം.എസ്സുകൾ ബ്ലോക്ക് ചെയ്യുന്ന സ്മാർട്ട് ഫിൽറ്റൽ സംവിധാനം ആക്ടിവേറ്റ് ചെയ്ത് തട്ടിപ്പ് എസ്.എം.എസ്സുകൾക്ക് തടയിടാൻ ഒരുകൂട്ടം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പറഞ്ഞു.