തിരുവനന്തപുരം- പ്രവാസികൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആവശ്യമായ രേഖകൾ ഇല്ലാത്തതു കാരണം നിരവധി അപേക്ഷകൾ ഇതോടകം തള്ളിക്കളഞ്ഞുവെന്നും അധികൃതർ അറിയിച്ചു.
രണ്ടാമത്തെ ഡോസ് വാക്‌സിന് അപേക്ഷിക്കുന്നവർ രേഖകൾ കൃത്യമായി അപ്ലോഡ് ചെയ്യണം. വ്യക്തമല്ലാത്ത രേഖകൾ ആദ്യഘട്ടത്തിൽ തന്നെ ഉദ്യോഗസ്ഥർ മാറ്റിവെക്കും. അതിനാൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യുന്ന രേഖകൾ വ്യക്തവും സ്പഷ്ടവുമായിരിക്കണമെന്നും ഉദ്യോഗസ്ഥർ ആവർത്തിച്ചു.
രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കാൻ പാസ്‌പോർട്ട് മാത്രമായി ചിലർ അപ്്‌ലോഡ് ചെയ്യുന്നുണ്ട്. ഇതുകാരണം നിരവധി അപേക്ഷകളാണ് നിരസിക്കുന്നത്. റീ എൻട്രി പേപ്പറിന്റെ പകർപ്പോ, വിസയുടെ പകർപ്പോ, ഇഖാമയോ ഏതെങ്കിലുമൊന്ന് അപേക്ഷയോടൊപ്പം അപ്്‌ലോഡ് ചെയ്യണം. അതുപോലെ നേരത്തെ ഒന്നാമത്തെ ഡോസ് ലഭിക്കാൻ സമർപ്പിച്ച ആധാർ/പാസ്‌പോർട്ട് തുടങ്ങിയ ഏത് രേഖകളാണോ സമർപ്പിച്ചത് അതിന്റെ പകർപ്പും അപ്ലോഡ് ചെയ്യണം. ഇതിന് പുറമെ, ഒന്നാമത്തെ ഡോസ് എടുത്ത ശേഷം ലഭിച്ച സർട്ടിഫിക്കറ്റും അപ്്‌ലോഡ് ചെയ്യണം. ഈ രേഖകളെല്ലാം കൃത്യമായി സമർപ്പിച്ചാൽ മാത്രമേ അപേക്ഷ സ്വീകരിക്കൂ.
READ MORE: രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ ലഭിക്കുന്നതെങ്ങിനെ
എല്ലാ അപേക്ഷകളും ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധിക്കുന്നത്. കംപ്യൂട്ടർ അധിഷ്ടിത പരിശോധയാകുമെന്നും രേഖകൾ അപ്്‌ലോഡ് ആയാൽ തന്നെ രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുന്നതിനുള്ള സൗകര്യം കിട്ടുമെന്നുമാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാൽ, ഓരോ അപേക്ഷയും കൃത്യമായി പരിശോധിച്ചാണ് രണ്ടാമത്തെ ഡോസിനുള്ള അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നത്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിൽ പ്രവാസികൾ കാര്യമായ സൂക്ഷ്മതയും ശ്രദ്ധയും പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.