Sorry, you need to enable JavaScript to visit this website.

ഹൗസ് ഡ്രൈവർമാർക്ക് അടക്കം ഇൻഷുറൻസ്: ഓഫറുകളുമായി കമ്പനികൾ

നിയോം സിറ്റി - ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ ഉറപ്പുവരുത്തുന്നതിന് ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെ ഇൻഷുറൻസ് കമ്പനികൾ ഓഫറുകൾ സമർപ്പിക്കാൻ തുടങ്ങി. രണ്ടു വർഷ കാലാവധിയുള്ള ഇൻഷുറൻസ് പോളിസി രണ്ടായിരം റിയാലിന് നൽകാൻ തയാറാണെന്ന് പ്രമുഖ കമ്പനികളിൽ ഒന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ അറിയിച്ചതായി റിക്രൂട്ട്‌മെന്റ് മേഖലാ വൃത്തങ്ങൾ വെളിപ്പെടുത്തി. മറ്റൊരു ഇൻഷുറൻസ് കമ്പനി ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ നിരക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ അറിയിക്കും. കൂടുതൽ ഇൻഷുറൻസ് കമ്പനികൾ വൈകാതെ നിരക്കുകൾ മന്ത്രാലയത്തെ അറിയിക്കുമെന്നാണ് കരുതുന്നത്. വ്യത്യസ്ത കമ്പനികൾ വ്യത്യസ്ത നിരക്കുകളാകും ഈടാക്കുകയെന്നും റിക്രൂട്ട്‌മെന്റ് മേഖലാ വൃത്തങ്ങൾ പറഞ്ഞു.
ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നത് സൗദി പൗരന്മാർക്ക് ഗുണം ചെയ്യുമെന്നും വേലക്കാർ തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത സാഹചര്യങ്ങളിൽ തൊഴിലുടമകൾക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ഇൻഷുറൻസ് മേഖലാ വിദഗ്ധൻ നാജിം അൽതമീമി പറഞ്ഞു. ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുകയാണ് ഇൻഷുറൻസ് ചെയ്യുന്നത്. ഗാർഹിക തൊഴിലാളികൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് തൊഴിലാളികളുടെയും സൗദി പൗരന്മാരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കും. കൂടാതെ സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്ന ബോധ്യവും ഇൻഷുറൻസ് പദ്ധതി നൽകും. രണ്ടു വർഷ കാലാവധിയുള്ള ഇൻഷുറൻസിന് 1,200 റിയാൽ മുതൽ 2,000 റിയാൽ വരെയാകും നിരക്ക് എന്നാണ് കരുതുന്നത്. തൊഴിൽ കരാർ കാലാവധിക്കിടെ ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം, ജോലി ചെയ്യാൻ വിസമ്മതിക്കൽ, മരണം, അപകടങ്ങളിൽ പെടൽ, വേതനം നൽകാതിരിക്കൽ അടക്കം സ്‌പോൺസർമാരുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളും വീഴ്ചകളും എന്നിവയുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിച്ചാകും ഇൻഷുറൻസ് കമ്പനികൾ പോളിസി നിരക്കുകൾ നിശ്ചയിക്കുകയെന്നും നാജിം അൽതമീമി പറഞ്ഞു.
 

Latest News