റിയാദ് - പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. പതിനേഴു വയസ് പൂർത്തിയായ ആൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നുണ്ട്. ഇതേ പോലെ പതിനേഴു വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ലൈസൻസ് നേടാവുന്നതാണ്.
പതിനേഴു വയസ് തികഞ്ഞ പെൺകുട്ടികൾ ആറു ഫോട്ടോകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡ്രൈവിംഗ് സ്‌കൂളിനാണ് ലൈസൻസ് അപേക്ഷ നൽകേണ്ടത്. ഇവർക്ക് ഒരു വർഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ആണ് അനുവദിക്കുക. പതിനെട്ടു വയസ് പൂർത്തിയായ ശേഷം ഇവരുടെ ലൈസൻസ് മാറ്റി നൽകും. അപേക്ഷകർ പ്രകടിപ്പിക്കുന്ന താൽപര്യം അനുസരിച്ച് അഞ്ചോ പത്തോ വർഷ കാലാവധിയുള്ള ലൈസൻസ് ആണ് അനുവദിക്കുക.
പതിനെട്ടു വയസ് പൂർത്തിയായവർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് അപേക്ഷകർ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരാകരുതെന്ന് വ്യവസ്ഥയുണ്ട്. വാഹനം ഓടിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വൈകല്യങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അപേക്ഷകർ മുക്തരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ടെസ്റ്റ് പാസാവുകയും ഫീസ് അടക്കുകയും നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടെങ്കിൽ അവ അടക്കുകയും വേണം. വിദേശികൾക്ക് നിയമാനുസൃത ഇഖാമയും ഉണ്ടായിരിക്കണം. സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിൽ തിയറി പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നവർക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുക.