കൊച്ചി- എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പണം നൽകിയെന്ന് വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു. സി.കെ. ജാനു പണം ചോദിച്ചതിനെക്കുറിച്ചും പണം കൈമാറുന്നതിനെക്കുറിച്ചും ജെ.ആർ.പി. ട്രഷറർ പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിൽ നടത്തിയ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടത്. കെ.സുരേന്ദ്രനുമായാണ് താൻ സംഭാഷണം നടത്തിയതെന്നും ശബ്ദരേഖ സത്യമാണെന്നും പ്രസീത പറഞ്ഞു.
അതേസമയം, ആരോപണം തെറ്റാണെന്നും പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.കെ ജാനു പ്രതികരിച്ചു. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നതെന്നും ജാനു വ്യക്തമാക്കി. തന്നെ ഇല്ലാതാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ജാനു പറഞ്ഞു.
പ്രസീതയാണ് സുരേന്ദ്രനെ ഫോണിൽ വിളിക്കുന്നത്. സി.കെ ജാനു പത്തുകോടി ആവശ്യപ്പെട്ടത് നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമാണെന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ജാനു ഇപ്പോഴെന്താണ് പറയുന്നത് എന്ന സുരേന്ദ്രന്റെ അന്വേഷണത്തിന് വിശദമായ മറുപടി പ്രസീത നൽകുന്നുണ്ട്. അതിങ്ങനെയാണ്.
പ്രസീത: നിലവിൽ, ഇപ്പോ... ഞാൻ കാര്യം തുറന്നുപറയാം സാറിനോട്. നമ്മൾ അവിടെന്ന് ഇങ്ങോട്ട് വരുന്ന വഴിയിൽ നമ്മൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. കാരണം സാറ് പറഞ്ഞത് നമ്മൾക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ട്. അവർക്ക് അത് അധികം ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല. അവർ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവർ ലാസ്റ്റ് ടൈമിൽ ഒരുകാര്യം പറഞ്ഞു. അവർ മുമ്പ് സി.പി.എമ്മിൽ ഉണ്ടായ സമയത്ത്, അതായത് നമ്മൾ ആ ഒരു സഹകരണ സമയത്ത് അവർ ആരോടൊക്കെയോ കുറച്ച് കാശ് ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നേ. അപ്പോ ആ കാശ് കൊടുക്കാതെ എനിക്ക് എൻഡിഎയുടെ ഭാഗമായിട്ട് വന്നാൽ അവർ പ്രശ്‌നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത് ലക്ഷം രൂപ ഇപ്പോ വേണമെന്നാണ് അവർ പറയുന്നത്. ഇതിൽ നമുക്ക് ഒരു റോളുമില്ല. അപ്പോ അത് അവർക്ക് കൊടുക്കുകയാണെങ്കിൽ ഈ ഏഴാം തീയതിയിലെ അമിത് ഷായുടെ പരിപാടി തുടങ്ങിയാൽ മുതൽ അവർ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവർക്ക് മത്സരിക്കേണ്ട ഒരു സീറ്റ്, വേറെ നമുക്ക് വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്റ്റ് പറഞ്ഞത് ഇലക്ഷൻ കഴിഞ്ഞിട്ട്. അതൊക്കെ നമ്മൾ പറഞ്ഞ് റെഡിയാക്കി അവേരോട്. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മൾ ഒരു മൂന്ന് മണിക്ക് ശേഷമാണ് അവിടെന്ന് വിട്ടത്. കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയിട്ട്. ക്യാഷിന്റെ കാര്യം സാറിന് എങ്ങനെയാണ് ഡീൽ ചെയ്യാൻ പറ്റുന്നതെന്ന് വെച്ചാൽ ചെയ്‌തോ. അവർക്ക് ഡയറക്ട് കൊടുക്കാൻ പറ്റുന്നുണ്ടെങ്കിൽ ചെയ്‌തോ. അല്ലെങ്കിൽ പിന്നെ എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്റ്റാർട്ടിങ്ങിന്റെ, നമ്മുടെ കുറച്ച് പ്രശ്‌നങ്ങളുമുണ്ട് ഇതിൽ. നമുക്ക് എന്തെങ്കിലും കുറച്ച് പൈസ നമുക്ക് കൂടി തരണം. കാരണം നമ്മുടെ പാർട്ടിയുടെ വർക്കിനാണേ, നമ്മുടെ ഞാൻ പേഴ്‌സണലി അല്ല പറയുന്നത് എന്നും പ്രസീത വ്യക്തമാക്കുന്നു.
ഈ സംഭാഷണത്തിന് ഒടുവിൽ ഏഴാം തിയതി നേരിട്ടു വരുമ്പോൾ ക്യാഷ് തരാമെന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുന്നത് എളുപ്പമുള്ള പണിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കുന്നു. ആറാം തിയതി തന്നെ ജാനുവിന് പണം നൽകാം എന്ന വാഗ്ദാനത്തിലാണ് ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത്.