വേങ്ങര- ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകിയ ട്രാൻസ്‌ജെൻഡർ അനന്യകുമാരിയോട് പർദ ധരിക്കാനും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമർശം നടത്താനും വിവാദ ദല്ലാൾ നന്ദകുമാർ നിർബന്ധിച്ചതായി വെളിപ്പെടുത്തൽ. സ്ഥാനാർത്ഥി അനന്യകുമാരി തന്നെയാണ് ഇക്കാര്യം ആവർത്തിച്ചത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് എന്ന പാർട്ടിയുടെ പേരിലാണ് അനന്യകുമാരി വേങ്ങരയിൽ പത്രിക നൽകിയിരുന്നത്. എന്നാൽ പാർട്ടിയുടെ നിലപാട് കാരണം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവർ മത്സരത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ പത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞതിനാൽ ഔദ്യോഗിക പിൻമാറ്റം നടന്നില്ല.
പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍ |
കുണ്ടറ, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, അരൂർ, തൃക്കാക്കര, കോഴിക്കോട്, ഗുരുവായൂർ, വേങ്ങര എന്നീ മണ്ഡലങ്ങളിലാണ് ഡി.എസ്.ജെ.പി സ്ഥാനാർത്ഥികൾ മത്സരിച്ചത്. ഈ സ്ഥാനാർത്ഥികൾക്കെല്ലാം വേണ്ടി ലക്ഷങ്ങളാണ് നന്ദകുമാർ ചെലവിട്ടത്. ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസുകളെ പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. നന്ദകുമാറിനെ ഇന്നോ നാളെയോ പോലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട അനന്യ കുമാരിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമ്പോൾ പർദ ധരിക്കാൻ നന്ദകുമാർ നിർദ്ദേശിച്ചത്. നന്ദകുമാറിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാൻ അനന്യയോട് ആവശ്യപ്പെട്ടത്.
പാർട്ടിയുടെ യോഗങ്ങളിൽ നന്ദകുമാറിന് പുറമെ, ഇ.എം.സി.സി പ്രസിഡന്റ് ഷിജു വർഗീസ്, പാർട്ടി പ്രസിഡന്റ് മല്ലേലിൽ ശ്രീധരൻ നായർ, ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ തുടങ്ങിയവരെ കണ്ടിരുന്നുവെന്നും അനന്യയുടെ മൊഴിയുണ്ട്. പാർട്ടിയിൽ അംഗമല്ലെങ്കിലും കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് നന്ദകുമാറാണ് എന്നാണ് അനന്യയുടെ മൊഴി. കേരള നിയമസഭയിലേക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന് ആദ്യമായി മത്സരിച്ചയാളാണ് അനന്യ. കേരള രാഷ്ട്രീയത്തിൽ മുമ്പും ഏറെ വിവാദങ്ങളുണ്ടാക്കിയ സംഭവങ്ങളിലെ കേന്ദ്ര കഥാപാത്രമായിരുന്നു ദല്ലാൾ നന്ദകുമാർ.