Sorry, you need to enable JavaScript to visit this website.

കടലിനും കോവിഡിനും ഇടയിലായിപ്പോയ ജനങ്ങളെ ഓർത്ത്

എന്തുകണ്ടാലും മിണ്ടാത്ത പ്രതിപക്ഷമാണ് ഞങ്ങളുടെ ഊർജം എന്നത് ഒരു പ്രമുഖ ചാനലിന്റെ രാഷ്ട്രീയ തമാശ പരിപാടിയുടെ പഞ്ച് ഡയലോഗാണ്. 15-ാം കേരള നിയമ സഭയിലെ പ്രതിപക്ഷത്തിന്റെ കാര്യത്തിൽ അത് തിരുത്തേണ്ടി വരുമെന്ന് തോന്നുന്നു. ആരായാലും തളർന്നു പോകുന്ന തോൽവിയുമായി സഭയിൽ കാലെടുത്തു വെച്ചവരാണവർ. 
അങ്ങിനെയൊരു തോന്നലെ അവർക്കില്ലെന്ന് നിയമ സഭയയുടെ തുടക്കദിനങ്ങളിൽ തന്നെ തെളിയുകയാണ്. പുതിയ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ മുൻനിർത്തി വലിയൊരു ആരോപണം ഇന്നലെ പ്രതിപക്ഷം കൊണ്ടു വന്നപ്പോൾ എല്ലാവരും ഞെട്ടിയിരിക്കും. ഇവരിത് എന്തു വിചാരിച്ചാണ്, എന്ന് അനുഭാവികൾ പോലും പേടിച്ചു പോകുന്ന അവസ്ഥ. അഞ്ച് കൊല്ലങ്ങൾക്ക് ശേഷം മാത്രം നടക്കുമെന്ന് ഉറപ്പില്ലാത്ത കാര്യത്തിനായി ഇപ്പോഴെ ഇറങ്ങണോ ? ഇറങ്ങണം എന്ന് തന്നെയാണ് അവരുടെ തീരുമാനമെന്ന് കോൺഗ്രസിലെ പി.ടി. തോമസിന്റെയൊക്കെ ശരീര ഭാഷ കണ്ടാലറിയാം.   അവരെ നയിക്കുന്ന വി.ഡി. സതീശനും, വീണ്ടും സഭയിലെത്തിയ പി.സി. വിഷ്ണുനാഥുമൊക്കെ ഒന്നിനൊന്ന് മുന്നിൽ. പിന്നിലാകില്ലെന്ന് പ്രഖ്യാപിച്ച്  ടി. സിദ്ദീഖുമുമണ്ട് പിന്നിലും മുന്നിലുമൊക്കെയായി.

മീഡിയ റൂമിൽ വയനാട്ടിലെ ഈട്ടിതടി കടത്തൽ വിഷയം എടുത്തിട്ടത് ടി. സിദ്ദീഖാണ്. മന്ത്രി ശശീന്ദ്രനെതിരെ ഉന്നയിച്ച ആരോപണത്തിൽ  ഇടതുപക്ഷ ചാനൽ എഡിറ്ററെയൊക്കെ തോമസ് ചേർത്ത് വെക്കുന്നതു കേട്ടു. രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ആദ്യ ആരോപണമാണിത്. വനം കൊള്ളക്കാരുമായി മന്ത്രി ശശിന്ദ്രൻ കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷ അംഗങ്ങൾ സംശയം കൂടാതെ പറയുന്നത്. എന്തായിരിക്കും അടുത്തതെന്ന് ആർക്കുമറിയില്ല. 


നിയമസഭാ അംഗങ്ങൾ സഭയിൽ സംസാരിക്കുമ്പോൾ മാസ്‌ക്ധരിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിരന്തരം കലഹിച്ചു കൊണ്ടിരുന്നതാണ്. അതൊന്നും ആരും തരിമ്പും പാലിക്കുന്നില്ലെന്ന് ഇപ്പോൾ ചാനലുകളിലും എല്ലാവരും കാണുകയാണ്. സി.പി.എമ്മിൽ എം. സ്വരാജിനൊപ്പം ആ പാർട്ടിക്കാർ ചേർത്ത് പറയുന്ന അംഗമാണ് പ്രതിഭ. അവരും തന്റെ നിയമസഭാ പ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ മാസ്‌ക് മാറ്റിയപ്പോൾ സ്വന്തം അനുയായികൾ തന്നെ തത്സമയം പ്രതികരിക്കുന്നതുകാണാമായിരുന്നു. പ്രസംഗിക്കുമ്പോൾ മിക്ക ആളുകളുടെയും മാസ്‌ക് കഴുത്തിൽ തന്നെയാണ്. മുഖ്യമന്ത്രി ഇപ്പോൾ ഈ കാര്യത്തിൽ മാതൃകയാകുന്നുണ്ട്. മാസ്‌ക് മാറ്റാതെ തന്നെ പ്രസംഗിക്കുന്നു. 
ഇത്തരമൊരു സാഹചര്യത്തിൽവേണം സഭയിൽ സജീവമായിരുന്ന രണ്ട് പേർക്ക് - മന്ത്രി പി.രാജീവിനും, അരുവിക്കര അംഗം സ്റ്റീഫനും രോഗ ലക്ഷണങ്ങൾ കാണുകയും അവർ ആശുപത്രിയിലാവുകയും ചെയ്ത അവസ്ഥ കാണേണ്ടത്. 


കേരളത്തിലെ ജനങ്ങൾ കോവിഡിനും, കടലിനുമിടയിലാണെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. കേരള തീരങ്ങളിലെ കടലാക്രമണവും ദയനീയാവസ്ഥയും അടിയന്തര പ്രമേയമായി എത്തിച്ചു സംസാരിക്കവെയായിരുന്നു ഈ പ്രയോഗം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനാവുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് സഭ ചേരുന്നതെന്ന് ചോദിച്ചത് കുണ്ടറയിൽനിന്ന് മേഴ്‌സിക്കുട്ടി അമ്മയോട് പൊരുതി ജയിച്ചു വന്ന വിഷ്ണു നാഥ്. മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കടലോരത്തിന്റെ ദയനീയാവസ്ഥമാറ്റാൻ വരുന്ന അഞ്ച് വർഷം ചെയ്യാൻ പോകുന്ന കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കുണ്ടായി. പതിനഞ്ചാം സഭയിലെ ആദ്യ ഇറങ്ങിപ്പോക്ക്. പിന്നാലെ കൂടുന്ന പ്രതിപക്ഷത്തെ കണ്ട് ഈ കാര്യങ്ങളിലൊക്കെ ഭരിക്കുന്നവർക്ക് വാശി വർദ്ധിക്കട്ടെ എന്നാണ് ജനങ്ങളാഗ്രഹിക്കുന്നത്.


മലപ്പുറം ജില്ലയില വാക്‌സിൻ വിഷയം രണ്ട് അംഗങ്ങളാണ് സഭയിലെത്തിച്ചത്. അതിലൊരാൾ പൊന്നാനിയിൽ നിന്നുള്ള സി.പി.എം നവാഗതൻ പി. നന്ദകുമാർ. മറ്റൊന്ന് കോൺഗ്രസിലെ എ.പി. അനിൽകുമാർ.  വാക്‌സിൻ കാര്യത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എ.പി. അനിൽ കുമാറിന്റെ വിമർശത്തിന് മറുപടി പറഞ്ഞു. പൊന്നാനി അംഗം പിനന്ദകുമാറിന്റെ ആദ്യ ശ്രദ്ധക്ഷണിക്കലായിരുന്നു ഇത്. ശ്രദ്ധ ക്ഷണിക്കിലിനിടക്ക് മലപ്പുറത്ത് വാക്‌സിനേഷന്റെ അളവ് വർദ്ധിപ്പിക്കണമെന്നും അംഗം ആവശ്യപ്പെട്ടിരുന്നു.
ആർ.എം.പി അംഗം കെ.കെ. രമയുടെ കാര്യത്തിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. തനിക്ക് കിട്ടിയ ഒന്നാമത്തെ അവസരത്തിൽ തന്നെ അവർ ക്യാപ്ടനെതിരെ തന്റെ വിമർശന കുന്തമുന തിരിച്ചു വെച്ചു.   


കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയമായിരുന്നുവെന്ന് രമ കാര്യകാരണങ്ങൾ നിരത്തി. ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തിൽ ഏറെ അഭിമാനമുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും, സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങൾ സഹിഷ്ണുതയോടെ പുലർത്തുന്നത് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട്. അപ്പോൾ മാത്രമേ ഇത്തരം ഇടപെടലുകൾ ആത്മാർഥവും അർത്ഥപൂർണവുമാകൂവെന്ന രമയുടെ വാക്കുകൾ പലരുടെയും നാട്യങ്ങൾ തകർക്കുന്നതായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ കന്നി പ്രസംഗം നടത്തുകയായിരുന്നു രമ.


സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പൊതുസമൂഹവും പ്രതിപക്ഷവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സർക്കാരും അതേ പോലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.


ഈ സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണെന്ന് രമ പറയുമ്പോൾ ഒരു കാലത്തെ, രമയുടെയും രാഷ്ട്രീയ ഗുരുവായ വി.എസിന്റെ നിലപാടുകൾ ഓർമയിലെത്തി. ചരിത്രം ആവർത്തിക്കുകയാണോ ? നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സർക്കാർ ലജ്ജയില്ലാതെ പറയുന്നു. 
കെ-റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20,000 ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണ്? കിഫ്ബി കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാൻ സർക്കാർ തയാറാകണം. ഈ നയപ്രഖ്യാപനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. 
സി.പി.എം എന്ന പാർട്ടിയും അതിന്റെ പുതിയ നായകരും ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാക്കുകൾക്ക് രമ തുടക്കമിട്ടിരിക്കന്നു. ഇനിയും എത്രയെത്ര പ്രസംഗങ്ങൾ. നിലപാടുകൾ... 
കെ.ടി. ജലീലിന്റെ പ്രസംഗവും, അതിനെ തുടർന്ന് കോൺഗ്രസിലെ സണ്ണി ജോസഫിന്റെ ഇടപെടലും തെരഞ്ഞെടുപ്പിന് മുമ്പുള്ള തർക്കങ്ങളുടെ ഓർമയിലേക്ക് സഭയെ എത്തിച്ചു. അപ്പോഴും ജലീലിനെതിരായ ലോകായുക്ത വിധി പുറത്ത് വന്നത് തെരഞ്ഞെടുപ്പിന് മുമ്പായിരുന്നുവെങ്കിൽ...എന്നത് ഒരുനെടുവീർപ്പായി അവശേഷിക്കുന്നു.

Latest News