കൊല്ലം- നാട്ടുകാര്‍ അവഗണിക്കുന്നതിലും പരിഹസിക്കുന്നതിലുമുള്ള അപകര്‍ഷതാബോധം യുവാവിനെ അക്രമാസക്തനാക്കി. വീടുകള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ട ഡി.ബി കോളജിനു സമീപമാണ് അക്രമം നടത്തിയത്. മനക്കര ഷീലാ ഭവനം അജിത്ത് (22), മനക്കര രാജഗിരി പുത്തന്‍ വീട്ടില്‍ സ്റ്റെറിന്‍ (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൂന്നു ബൈക്കുകള്‍ പ്രതികള്‍ തീയിട്ടു നശിപ്പിച്ചത്. കോളജ് റോഡില്‍ ഡിവൈ.എസ്.പി ഓഫിസിന്റെ കവാടത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളും തകര്‍ത്തു. മൂന്നു വീടുകളുടെ വൈദ്യുതി സര്‍ക്യൂട്ടിന്റെ ഫ്യൂസുകള്‍ ഊരിമാറ്റി.
സമീപത്തെ വീട്ടുമുറ്റത്ത് പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ടയര്‍ പഞ്ചറാക്കി. കോളജ് റോഡില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന മണല്‍ ലോറിക്ക് നേരെയും ആക്രമണമുണ്ടായി.
അജിത്തിന്റെ അപകര്‍ഷതാബോധമാണ് ആക്രമണത്തിന് പ്രേരകമായതെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം ഒളിവില്‍ പോയ യുവാക്കളെ പിടികൂടി കോടതിയില്‍ ഹാജരാക്കി.