Sorry, you need to enable JavaScript to visit this website.

അൽബാഹയുടെ വശ്യസൗന്ദര്യം 

അൽ ബാഹയിലെ കാഴ്ചകൾ 
അൽ ബാഹയിലെ കാഴ്ചകൾ 
അൽ ബാഹയിലെ കാഴ്ചകൾ 
ചുരം ആരംഭിക്കുന്നിടത്തെ റോഡ്. 
ചുരം ആരംഭിക്കുന്നിടത്തെ റോഡ്. 
ലേഖകൻ 
അൽ ബാഹയിലെ കാഴ്ചകൾ 
പുരാതന കോട്ട 
ദിഐൻ മാർബിൾ വില്ലജിലെ ചെറു അരുവി

സൗദി അറേബ്യയെന്ന പ്രകൃതിവിസ്മയങ്ങളുടെ മരുഭൂമിയിൽ നയനാസ്വാദ്യകരമായ സൗന്ദര്യ സദ്യയൊരുക്കുന്ന നിരവധി കേന്ദ്രങ്ങളാണുള്ളത്. 
കൊടൈക്കനാലിനോട് കിടപിടിക്കാവുന്ന സുഖവാസകേന്ദ്രമാണ് മലമുകളിലെ അൽബാഹ. വേനൽക്കാല തലസ്ഥാനമായ തായിഫും മനോഹരം തന്നെ. ജിദ്ദയിൽ നിന്നും ഏറെയൊന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന അൽബാഹ എത്തുമ്പോൾ വയനാട് ചുരം കയറുന്നതിന് മുമ്പ് അടിവാരത്തെത്തിയ അനുഭൂതിയാണ് സഞ്ചാരികൾക്ക്. 


പർവത നിരകൾ പ്രകൃതിയിൽ താളലയങ്ങളോടെ നൃത്തമാടുന്ന അതിമനോഹരമായ സൃഷ്ടിവൈഭവത്തിന്റെ നിറച്ചാർത്തുമായി ജിദ്ദയിൽനിന്നും ഏകദേശം അഞ്ഞൂറ് കിലോമീറ്ററകലെ ഹിജാസ ്പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. അൽബാഹ ... ഈ പേര് പറയാനും കേൾക്കാനും സുഖം നൽകുന്ന പോലെ കാണാനും അതിസുന്ദരിയാണ്. പ്രകൃതിദത്തമായ മരങ്ങളും കാർഷികനിലങ്ങളും വനങ്ങളും വന്യജീവിസങ്കേതങ്ങളും താഴ്‌വരകളും നിറയെ നില കൊള്ളുന്ന ഈ പ്രദേശം. ഖുൻഫുദ, തായിഫ്, ബിഷ എന്നീപ്രദേശങ്ങൾക്കു ചുറ്റുമാണ് പ്രകൃതിയുടെ വസന്തം തുളുമ്പുന്ന ഈ മനോഹര സ്ഥലം സ്ഥിതി ചെയ്യുന്നത്. 


പ്രകൃതി രമണീയതക്ക് പേര് കേട്ട ഈ പ്രദേശം സന്ദർശകരുടെ പറുദീസയാണ്... സന്ദർശകർക്ക് മാനസികോല്ലാസം നൽകാനാവുന്ന വിധം പ്രകൃതിവിഭവങ്ങളെ അതിമനോഹരമായി സംരക്ഷിച്ചു കൊണ്ടാണ് ഈ പട്ടണത്തേയും ചുറ്റുമുള്ള പൈതൃകങ്ങളേയും നിലനിർത്തിയിരിക്കുന്നത്. സമുദ്ര നിരപ്പിൽനിന്നും ഏകദേശം 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ കാലാവസ്ഥ സഞ്ചാരികളുടെ മുഖ്യആകർഷണമാണ്. ശൈത്യകാലത്തെ തണുപ്പാസ്വദിക്കാനും മനോഹരകാഴ്ചകൾ കണ്ടു രസിക്കാനും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര രാജ്യങ്ങളിൽ നിന്നും ഈ മല താണ്ടി വരുന്ന ഒരുപാടു സഞ്ചാരികളുണ്ട്. 


മനോഹരമായ വാസ്തുവിദ്യയുടെ അത്ഭുതാവഹമായ ഗോപുരങ്ങളും ചെറിയ ചെറിയ കൽച്ചീളുകൾ അടുക്കിവെച്ച പോലെ പണിതുയർത്തിയ പുരാതനനിർമിതികളും നിറയെ കാണാനാവുന്ന പ്രദേശമാണ് അൽബാഹ. വാസ്തു നിർമിതിയുടെ വിസ്മയിപ്പിക്കുന്ന ബഖ്‌റോഷ്ബിൻ അല്ലാസ് എന്ന പ്രസിദ്ധമായ ഒരു കോട്ടയാണ് അൽബാഹയിലേക്കു പ്രവേശിക്കുന്നതിന് മുന്നേ നമ്മെ സ്വീകരിക്കുന്നത്. ഇരുനൂറിലേറെ വർഷങ്ങൾക്കു മുമ്പ് നിർമിക്കപ്പെട്ട ഈ കോട്ട, പന്ത്രണ്ടാം നൂറ്റാണ്ടിലെ തന്റെ ഭരണകാലത്തു, അറേബ്യൻ ഉപദീപിലെ ചില ഭാഗങ്ങളിൽ സൈനിക ആക്രമണം നടത്തിയ ഓട്ടോമൻ, ആക്രമണകാരികൾക്കെതിരെ യുദ്ധം ചെയ്യാൻ അല്ലാസ്സ് ഉപയോഗിച്ചതായി ചരിത്രം പറയുന്നു.

അതിന്റെ ശേഷിപ്പുകൾ കോട്ടയിൽ പലഭാഗത്തും ഇപ്പോഴും കാണാനാവും. തൂവെള്ള സാരികളണിഞ്ഞു നൃത്തമാടുന്ന അതിസുന്ദരികളായ തരുണികളെപ്പോലെ നിരനിരയായി തലക്കു മീതെ തത്തിക്കളിച്ചു കൊണ്ടിരിക്കുന്ന മഞ്ഞുപാളികൾ സന്ധ്യാനേരത്ത് അൽബാഹയിലേക്കു കടക്കുന്ന യാത്രികന് സമ്മാനിക്കുന്ന അനുഭൂതി അവർണനീയമാണ്. കയ്യെത്തും ദൂരത്തു തുഷാര വലയങ്ങൾ തീർക്കുന്ന ആകാശ ചാരുത വാക്കുകൾക്കതീതമാണ്. 'മരംകോച്ചുന്ന' തണുപ്പനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തായിഫ് പോലെ തണുപ്പിന്റെ സദ്യവിളമ്പുന്ന പ്രദേശമാണിവിടവും. 

പ്രധാന വിനോദസഞ്ചാരസ്ഥലങ്ങൾ

ഖർയത്ത് ദിഐൻ (ദിഐൻ മാർബിൾ വില്ലജ്)

അൽബാഹയുടെ തെക്ക് ഭാഗത്താണ് ദിഐൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്, മിഖ്‌വായിലെ വാദിബൈദയിലെ വെള്ള മാർബിളിന്റെ പുറത്താണ് ഈ മനോഹരസൗധം നിർമ്മിച്ചിരിക്കുന്നത്. 'മാർബിൾ വില്ലേജ്' എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. ക്യൂബിക് ആകൃതിയിലുള്ള ഇവിടുത്തെ കെട്ടിടങ്ങൾ 400 വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ടവയാണെന്നാണ് പറയപ്പെടുന്നത്, 'ഐൻ' എന്ന പദം സൂചിപ്പിക്കുന്ന പോലെ അരുവിയുടെ ഒരു ഉറവിടമുണ്ട് ഈ മലക്ക് മുകളിൽ.. ഇവിടുത്തെ ഇടുങ്ങിയ ഇടവഴികളിലൂടെ കിളിശബ്ദങ്ങളും ജലമർമരങ്ങളും ശ്രവിച്ചു പ്രകൃതിയെ ആസ്വദിച്ച് നടക്കുന്നത് തീർത്തും വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരിക്ക് പ്രദാനം ചെയ്യുന്നത്.

സന്ധ്യാ നേരത്തെ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ വെളുത്ത മാർബിളിൽ പ്രതിഫലിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ സരാവത ് പർവതനിര വർണ്ണാഭമായ ഉടയാടകളോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സമയത്തു ദിഐൻ ഗ്രാമം കാണേണ്ട കാഴ്ച തന്നെ. സഞ്ചാരികളുടെ സൗകര്യത്തിനനുസരിച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള വൃത്തിയും സ്വകാര്യതയുമുള്ള ഇടങ്ങളും കളിസ്ഥലങ്ങളും അതിനടുത്തായി സംവിധാനിച്ചിട്ടുണ്ട്. 


അൽബാഹയിൽനിന്നും ഇവിടേക്കുള്ള മലയിടുക്കിൽ നിർമിക്കപ്പെട്ട തുരങ്കപാതയിലൂടെയുള്ള റോഡ് യാത്ര തീർച്ചയായും കണ്ണിനും മനസ്സിനും കുളിർമ പകരുന്നതാണ്. ഇരുഭാഗത്തും ആകാശമേലാപ്പ് താങ്ങിനിർത്തുന്ന പോലെ വിഭിന്നരൂപത്തിലുള്ള വെട്ടിത്തിളങ്ങുന്ന പർവതനിരകൾക്കിടയിലൂടെയുള്ള ഈ അര മണിക്കൂർ യാത്ര തീർച്ചയായും സഞ്ചാരികൾക്ക് ഹൃദ്യ സദ്യ തന്നെയാണ്. 


റാഗ്ദാൻ ഫോറസ്റ്റ് പാർക്ക്

നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സറാവത് പർവത നിരകളിൽ, ഒരു കാലത്ത് വന പ്രദേശമായിരുന്നു റാഗ്ദാൻ വനം, ഇന്ന് സന്ദർശകർക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. മരങ്ങൾനിറഞ്ഞ ഹരിതാഭമായ കുന്നുകളിലേക്ക് നടന്നു പോവാനുള്ള നടപ്പാതകളും മുകളിൽ നിന്ന് ചുറ്റുമുള്ള പർവതങ്ങളുടെയും താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിയ്ക്കാനുള്ള സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.

മുകളിൽ പറഞ്ഞ ദിഐൻ ഗ്രാമത്തിലേക്ക് അൽബാഹയിൽനിന്നും കുന്നിൻ ചെരുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന അതിസുന്ദരിയായ റോഡും ഇവിടെനിന്നും കണ്ടുനിൽക്കുന്നത് നയനാന്ദകരമാണ്.. വയനാട്ടിലും മറ്റും പോവുന്ന പ്രതീതി പോലെ, കുരങ്ങുകളും ഇതര ജീവികളും കിളികളും വനത്തിനുള്ളിലെ കാഴ്ചകൾക്കു നിറംകൂട്ടുന്നു... പ്രകൃതിയുടെ മണവും രുചിയും കാറ്റും ഒരു പോലെ മനുഷ്യശരീരത്തെ കുളിരാട്ടുന്ന ഈ പാർക്കു മൂന്നാറിലെയും മറ്റും തേയിലത്തോട്ടങ്ങളുടെ പ്രതീതിയാണ് അനുസ്മരിപ്പിക്കുന്നത്..

അൽബാഹ മ്യൂസിയം

പൗരാണികമായ അൽബാഹയുടെ ചരിത്രത്തെയും പുരാവസ്തുശേഖരങ്ങളുടെയും നേർകാഴ്ച സമ്മാനിക്കുന്ന ഒരിടമാണ് ഈ മ്യൂസിയം. ചരിത്രാതീത, ഇസ്‌ലാമിക, ആധുനിക കാലഘട്ടം മുതലുള്ള നിരവധി അപൂർവ കരകൗശല വസ്തുക്കൾ ഉൾക്കൊള്ളുന്ന നാല് വ്യത്യസ്ത ഹാളുകളാണ് അൽബാഹ മ്യൂസിയത്തിൽ ഉള്ളത്. 

ഖൈറ ഫോറസ്റ്റ് പാർക്ക് 

അൽബാഹയിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഖൈറ ഫോറസ്റ്റ് പാർക്ക്. മനോഹരമായ പ്രകൃതിസമ്പത്തുള്ള ഈ ഉദ്യാനത്തിന്റെ സവിശേഷത സുന്ദരമായ പാറകൾ, വെള്ളച്ചാട്ടങ്ങൾ, വിശാലമായ പച്ചത്തുരുത്തുകൾ എന്നിവയാൽ ചുറ്റപ്പെട്ട ജലാശയങ്ങളുടെ സാന്നിധ്യമാണ്. എല്ലായിടത്തുമുള്ളതു പോലെ പ്രശാന്തവും സുരക്ഷിതത്വവും നൽകുന്ന സന്ദർശകർക്ക് ആവശ്യമായ എല്ലാ സേവനസൗകര്യങ്ങളും ഖൈറ ഫോറസ്റ്റ് പാർക്കിലുണ്ട്. കുട്ടികളുടെ വിനോദത്തിനായി പ്രത്യേക സ്ഥലങ്ങളും കുടുംബങ്ങൾക്ക് രസകരമായ വിനോദങ്ങൾ നിറഞ്ഞ ആസ്വാദ്യമായ സമയം ചെലവഴിക്കാൻ തണലും തണുപ്പും വിരിച്ച ഇരിപ്പിടങ്ങൾ അടക്കം എല്ലാം സജ്ജീകരിച്ചിട്ടുണ്ടിവിടെ. 

 

അൽ ജനാബിൻ ഡാം 

അൽബാഹയിലെ തൊട്ടടുത്ത പ്രദേശമായ ബൽജർഷി പട്ടണത്തിൽനിന്നും ഇരുപത് കിലോമീറ്റർ അകലെ ആണ് ഈ ഡാമും വിനോദസഞ്ചാരകേന്ദ്രവും നിലകൊള്ളുന്നത്. അൽബാഹയിലെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നാണ് ജനാബിൻ ഡാം പാർക്ക്. 154 മീറ്റർനീളവും 28 മീറ്റർ ഉയരവുമുള്ള വാദി അൽജനാബിൻ അണക്കെട്ടിന്റെ സംഭരണശേഷി അഞ്ച് ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെടുന്നു. കുടുംബത്തോടൊപ്പം ആസ്വാദ്യകരമായ സമയം ചെലവഴിക്കുന്നതിനും, ശുദ്ധവായു ആസ്വദിക്കുന്നതിനും കുട്ടികൾക്കും സന്ദർശകർക്കും വിനോദത്തിനായി നിരവധി കളിസ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബൽജർഷിയിൽ നിന്നും അങ്ങോട്ടുള്ള യാത്രയും ഏറെ സന്തോഷദായകമാണ്. 


കണ്ടതെല്ലാം സുന്ദരം .. കാണപ്പെടാത്തത് അതിസുന്ദരം എന്ന് മാത്രമേ ഈ മരുഭൂവസന്തത്തെക്കുറിച്ചു കുറിക്കാനാവൂ ... ഇത് പോലെ നയനാന്ദകരമായ, വശ്യമനോഹരമായ എത്രയൊ ചാന്ദ്‌പൊട്ടുകൾ ഇനിയും അൽബാഹയുടെ മാറിടത്തിലുണ്ടാവും ... ഓരോ യാത്രികനും ഓരോ യാത്രയും സമ്മാനിക്കുന്നത് അത്തരം മധുരിതമായ നവരസങ്ങളായിരിക്കും ... തീർച്ച. 


 

Latest News