റിയാദ് - വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ നിയമാനുസൃതമുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും തീർക്കൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൊബൈൽ ഫോൺ ബില്ലുകൾ അടക്കം മുഴുവൻ ബില്ലുകളും ഒടുക്കൽ നിർബന്ധമാണ്. കൂടാതെ സിസ്റ്റത്തിൽ വിദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനവും ഉണ്ടാകാൻ പാടില്ല.
സാമ്പത്തിക ബാധ്യതകൾ പൂർണമായും തീർക്കാത്തവർക്ക് ഫൈനൽ എക്‌സിറ്റ് അനുവദിക്കില്ല. ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കാൻ വിദേശിയുടെ പേരിൽ നേരത്തെ അനുവദിച്ച, ഉപയോഗിക്കാത്ത ഫാമിലി, വിസിറ്റ് വിസകളും ഉണ്ടാകാൻ പാടില്ല. അറുപതു ദിവസ കാലാവധിയുള്ള ഫൈനൽ എക്‌സിറ്റ് വിസയാണ് അനുവദിക്കുക. വിസ അനുവദിക്കുന്ന ദിവസം മുതൽ അറുപതു ദിവസത്തിനകം വിദേശി രാജ്യം വിട്ടിരിക്കണം. ഫൈനൽ എക്‌സിറ്റ് വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ല. വിദേശത്തുള്ള ആൾക്ക് ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ കഴിയില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.