റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഏപ്രിലിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃതം സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 349 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. ഏപ്രിലിൽ 1,328 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2020 ഏപ്രിലിൽ ഇത് 979 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസ് 35.6 ശതമാനം തോതിൽ വർധിച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
തുടർച്ചയായി 12 -ാം മാസമാണ് വിദേശികളുടെ റെമിറ്റൻസ് വർധിക്കുന്നത്. ഏപ്രിൽ മാസത്തിൽ വിദേശികൾ അയച്ച പണത്തിൽ രേഖപ്പെടുത്തിയ വളർച്ച പത്തു മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ വിദേശികൾ അയച്ച പണത്തിൽ 5.5 ശതമാനം കുറവ് രേഖപ്പെടുത്തി. മാർച്ചിൽ വിദേശികൾ 1,405 കോടി റിയാൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ വിദേശികൾ ആകെ 5,069 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ആദ്യത്തെ നാലു മാസത്തിനിടെ വിദേശികളുടെ റെിറ്റൻസ് 4,364 കോടി റിയാലായിരുന്നു. ഈ കൊല്ലം റെമിറ്റൻസിൽ 16.1 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ വിദേശികൾ 704 കോടി റിയാലാണ് അധികം അയച്ചത്.