Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹുഫൂഫിൽ പതിനഞ്ചോളം തെരുവു നായ്ക്കൾ കൂട്ടംകൂടി ആക്രമിച്ചു, ബാലൻ മരിച്ചു

ദമാം - അൽഹസ ഹുഫൂഫിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ സൗദി ബാലന് ദാരുണാന്ത്യം. അൽഹസ അൽഉഖൈർ ബീച്ചിൽ വെച്ചാണ് ബാലനെ തെരുവു നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. പതിമൂന്നു വയസ് പ്രായമുള്ള തുർക്കി ബിൻ അബ്ദുറഹീം അൽഹമദ് രണ്ടാഴ്ചയോളം ആശുപത്രിയിൽ മരണവുമായി മല്ലടചിച്ചാണ് കഴിഞ്ഞ ദിവസം അന്ത്യശ്വാസം വലിച്ചത്. 
പതിനഞ്ചിലേറെ നായ്ക്കൾ ചേർന്ന് ബാലനെ ആക്രമിക്കുകയായിരുന്നു. പെരുന്നാൾ അവധിയിൽ വൈകീട്ട് 4.45 ന് ബീച്ചിൽ കുടുംബ സമേതം ഒഴിവു സമയം ചെലവഴിക്കുന്നതിനിടെയാണ് തന്റെ മകനെ തെരുവു നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചതെന്ന് അബ്ദുറഹീം അൽഹമദ് പറഞ്ഞു. ബീച്ചിൽ ഇരിക്കുന്നതിനിടെ തീറ്റ തേടി നായ്ക്കളിൽ ഒന്ന് തങ്ങളുടെ അടുത്തെത്തുകയായിരുന്നു. നായയെ കണ്ട കൗതുകത്തിൽ മകൻ നായയുടെ അടുത്തേക്ക് നീങ്ങി. മകൻ അടുക്കുന്തോറും നായ അകലേക്ക് മാറാൻ തുടങ്ങി. അഞ്ചു മിനിറ്റിനകം പതിനഞ്ചിലേറെ നായ്ക്കൾ കൂട്ടംചേർന്ന് മകനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 
നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ താൻ ഓടിയണഞ്ഞു. എന്നാൽ നായ്ക്കൾ പല വശങ്ങളിലൂടെയും ഓടി മകനെ ആക്രമിക്കുന്നത് തുടർന്നു. ഇതോടെ താൻ ബഹളം വെച്ച് സമീപത്തുള്ളവരുടെ സഹായം തേടി. ബഹളം കേട്ട് നിരവധി സ്ത്രീകൾ ഓടിക്കൂടി. ഇതോടെ നായ്ക്കൾ ഭയന്ന് ഓടിപ്പോവുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ റെഡ് ക്രസന്റിൽ ബന്ധപ്പെട്ട് സഹായം തേടിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസ് സ്ഥലത്തെത്തിയത്. 
അതുവരെ മകൻ രക്തം വാർന്ന് സ്ഥലത്ത് കിടക്കുകയായിരുന്നു. ആംബുലൻസിൽ ആദ്യം അൽഉയൂനിലെ ആശുപത്രിയിലാണ് എത്തിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഇവിടെ നിന്ന് വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മകൻ കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് അന്ത്യശ്വാസം വലിച്ചത്. തെരുവു നായ്ക്കളുടെ പ്രശ്‌നത്തിന് അൽഹസ നഗരസഭ സത്വര പരിഹാരം കാണണമെന്നും അൽഉഖൈർ ബീച്ചിൽ ആംബുലൻസ് സേവനം ലഭ്യമാക്കണമെന്നും അബ്ദുറഹീം അൽഹമദ് ആവശ്യപ്പെട്ടു. 
നേരത്തെ അൽഹസ നഗരസഭയും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസും ബന്ധപ്പെട്ട വകുപ്പുകളും തെരുവു നായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച ചില വിയോജിപ്പുകളും മൃഗസ്‌നേഹികളുടെ എതിർപ്പുകളും കാരണം തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പദ്ധതി അൽഹസ നഗരസഭ പിന്നീട് നിർത്തിവെക്കുകയായിരുന്നു. 


 

Latest News