Sorry, you need to enable JavaScript to visit this website.

മുജാഹിദ് സമ്മേളന വേദിയിൽ താൻ പ്രതിഷേധിച്ചിട്ടില്ലെന്ന് കെ എൻ എ ഖാദർ

മലപ്പുറം- കൂരിയാട് കഴിഞ്ഞ ദിവസം ആരംഭിച്ച ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് താൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന വാർത്ത തെറ്റെന്ന് കെ.എൻ.എ ഖാദർ എം.എൽ.എ. ഉദ്ഘാടന ദിവസം താൻ രണ്ടു തവണ സമ്മേളനത്തിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ മണ്ഡലമായ വേങ്ങരയിൽ നടക്കുന്ന പരിപാടി ആയതു കൊണ്ട് താൻ ഇന്നും സമ്മേളന നഗരയിൽ പോകുന്നുണ്ടെന്നും ഖാദർ മലയാളം ന്യൂസിനോട് പറഞ്ഞു. 

'വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്കു സമ്മേളന നഗരിയിൽ നടന്ന പരിപാടിയിലും എട്ടു മണിക്ക് നടന്ന മതസൗഹാർദ്ദ സമ്മേളനത്തിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. ഇന്നും പങ്കെടുക്കുന്നുണ്ട്,' ഖാദർ പറഞ്ഞു. താൻ പ്രതിഷേധിച്ചുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നതായും അങ്ങനെ ഒരു സംഭവം താനറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന ദിവസം മതസൗഹാർദ സമ്മേളനത്തിനു മുന്നോടിയായി നടന്ന മുൻനിശ്ചയിച്ചതു പ്രകാരമുള്ള പുസ്തക പ്രകാശന ചടങ്ങിൽ ഖാദറിനു പകരം മറ്റൊരാളാണ് പുസ്തക പ്രകാശനം നടത്തിയത്. ഈ സമയത്ത് ഖാദറിന് അടിയന്തിരമായി മറ്റൊരു പരിപാടിക്ക് പോകേണ്ടയിരുന്നത് കൊണ്ട് അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാനായില്ലെന്ന് സംഘാടകർ അറിയിച്ചു.
 

Latest News