Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും പ്രതികള്‍

തിരുവനന്തപുരം-  സ്വര്‍ണക്കടത്ത് കേസില്‍  യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.

യു.എ.ഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.  ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്.  ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യ മന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍കിയത്.

കോണ്‍സല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.

ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ  ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു.

നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു.  

 

Latest News