Sorry, you need to enable JavaScript to visit this website.

 ലെവിയിൽ നിന്ന് ഒഴിവാക്കിയത് ആരെയെല്ലാം

റിയാദ് - ഒന്നു മുതൽ അഞ്ചു വരെ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളുൾപ്പെടെ എട്ടു വിഭാഗങ്ങളെ തിങ്കളാഴ്ച മുതൽ നടപ്പാക്കുന്ന വിദേശികൾക്കുള്ള പുതിയ ലെവിയിൽ നിന്ന് ഒഴിവാക്കിയതായി തൊഴിൽ, സാമൂഹിക മന്ത്രാലയം അറിയിച്ചു. മറ്റാരെയും ലെവിയിൽ നിന്ന് ഒഴിവാക്കില്ലെന്നും നേരത്തെ ഇഖാമ പുതുക്കിയവരുടെ പേരിലുള്ള കുടിശ്ശിക ലെവി ഏപ്രിൽ ഒന്നിന് മുമ്പ് സ്ഥാപനങ്ങൾ അടച്ചുതീർക്കണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
സൗദിയുടെ വിദേശി ഭാര്യ, സൗദി വനിതയുടെ വിദേശി ഭർത്താവ്, സൗദി വനിതക്ക് വിദേശി ഭർത്താവിലുള്ള മക്കൾ, നാടുകടത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിദേശ പൗരന്മാർ, ഒന്നു മുതൽ അഞ്ചുവരെ തൊഴിലാളികളുളള ചെറുകിട സ്ഥാപനങ്ങൾ,  ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിലെയും ഓഫീസുകളിലെയും തൊഴിലാളികൾ, ജിസിസി പൗരന്മാർ, ഒമ്പത് തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ നാലു പേർ എന്നീ വിഭാഗങ്ങളെയാണ് ലെവിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സ്വദേശികളായ ഭിന്ന ശേഷിക്കാർ, തടവുപുള്ളികകൾ, പാർട് ടൈം ജീവനക്കാർ, വിദ്യാർഥികൾ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉടമ എന്നിവരെ ഒരു സ്വദേശി ജീവനക്കാരനായാണ് പരിഗണിക്കുക. നേരത്തയുള്ളതിൽ നിന്നും വിഭിന്നമായി ദിവസാടിസ്ഥാനത്തിലാണ് പുതിയ ലെവി കണക്കാക്കുന്നത്.

അതേസമയം നേരത്തെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടും ഇഖാമ പുതുക്കാത്തവർക്ക് ജനുവരിയിൽ ഇഖാമക്ക് വേണ്ടിയുള്ള വർക്ക് പെർമിറ്റ് എടുക്കുകയാണെങ്കിൽ പുതിയ ലെവി പ്രകാരമുള്ള തുക അടക്കേണ്ടിവരും. ജനുവരിക്ക് മുമ്പുള്ള മാസങ്ങൾക്ക് അന്നത്തെ 200 റിയാൽ പ്രകാരമുളള ലെവി അടച്ചാൽ മതിയാവില്ലെന്നർഥം. എന്നാൽ സ്വദേശികളുടെ എണ്ണത്തിനനുസരിച്ച് 100 റിയാലാണോ 200 റിയാലാണോ അധികം അടക്കേണ്ടതെന്ന് തൊഴിൽ മന്ത്രാലയം പരിശോധിച്ചുറപ്പുവരുത്തും. അതിനനുസരിച്ചാണ് അവർക്ക് വർക്ക് പെർമിറ്റിനുള്ള ബില്ല് നൽകുക. ലെവി ഒന്നിച്ച് കൊമേഴ്‌സ്യൽ ബാങ്കുകൾ വഴിയാണ് അടക്കേണ്ടത്. പണമടച്ചത് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ അതേ ബാങ്കിനെയാണ് സമീപിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വരവ് ചെലവ് സന്തുലിതാവസ്ഥയിലെത്തിക്കുന്നതിന്റെ ഭാഗമായി 2022ൽ സന്തുലിത ബജറ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമാണ് പുതിയ ലെവി സൗദി സർക്കാർ നടപ്പാക്കുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വദേശികളെക്കാൾ കൂടുതലുള്ള വിദേശികൾക്ക് വർഷത്തിൽ 4800 റിയാലും സ്വദേശികളെക്കാൾ കുറവുള്ള വിദേശികൾക്ക് 3600 റിയാലുമാണ് അടക്കേണ്ടിവരിക. വിദേശികളുടെ ആശ്രിതർക്ക് പ്രതിമാസം 200 റിയാലും അടക്കണം. ഇതുവഴി 2018ൽ 24 ബില്യൻ റിയാലാണ് സർക്കാറിന് അധികവരുമാനമുണ്ടാവുക. 

2019 ജനുവരി ഒന്നു മുതൽ സ്വദേശികളെക്കാൾ കൂടുതലുള്ള വിദേശികൾക്ക് വർഷത്തിൽ 7,200 റിയാലും സ്വദേശികളെക്കാൾ കുറവുള്ള വിദേശികൾക്ക് 6,000 റിയാലും ആശ്രിതർക്ക് 300 റിയാലും അടക്കണം. ഇതുവഴി 44 ബില്യൻ റിയാൽ സർക്കാറിന് അധികവരുമാനമുണ്ടാകും. 2020 ജനുവരി ഒന്നു മുതൽ സ്വദേശികളെക്കാൾ കൂടുതലുള്ള വിദേശികൾക്ക് വർഷത്തിൽ 9,600 റിയാലും സ്വദേശികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് 8,400 റിയാലും ലെവിയായി അടക്കേണ്ടിവരും. ആശ്രിതർക്ക് 400 റിയാലും അടക്കണം. ഇതുവഴി 65 ബില്യൻ റിയാലാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
 

Latest News