സംഘ് പരിവാറിനെയും കേന്ദ്രം ഭരിക്കുന്ന കക്ഷിയെയും രൂക്ഷമായി വിമർശിക്കുന്നത് കേട്ട് വല്ലപ്പോഴും മൃദുവായെങ്കിലും എന്തെങ്കിലുമൊന്ന് പറയാൻ, കഴിഞ്ഞ അഞ്ച് കൊല്ലം ഒ. രാജഗോപാൽ എന്നൊരാൾ നിയമസഭയിലുണ്ടായിരുന്നു. പലപ്പോഴും ആ ഇടപെലുകൾ സംഘടനക്ക് ഗുണം കിട്ടാത്ത അവസ്ഥയിലായിപ്പോയിരുന്നുവെന്നതൊക്കെ മറ്റൊരു കാര്യം. പിന്നീടെപ്പോഴോ കറുത്ത കുപ്പായമൊക്കെ ധരിച്ച് പി.സി. ജോർജും (ജനപക്ഷം) രാജഗോപാൽ പക്ഷം ചേർന്നിരുന്നു. ഇതാ കേരളത്തിൽ സംഘ് പരിവാർ വളരുന്നു എന്ന് അതു കണ്ടു ആളുകൾ വായ്ക്കുരവയിട്ടു. അഞ്ചു കൊല്ലത്തിന് ശേഷം ഇതാ ഇതാദ്യമായി ബി.ജെ.പി പക്ഷത്തിനായി പറയാൻ ആരുമില്ലാതായ സഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണം കേന്ദ്ര ഭരണ കക്ഷി നേരിട്ടിരിക്കുന്നു.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിയമസഭാ പ്രമേയാവതരണത്തിൽ, സംഘ് പരിവാറിനും കേന്ദ്ര സർക്കാരിനും എതിരേ ആഞ്ഞടിച്ചാണ് പ്രതിപക്ഷം ഇടപെട്ടത്. ഇത് മുന്നിൽ കണ്ടാകാം നേരത്തെ തയാറാക്കി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയത്തിന്റെ പകർപ്പിൽ നിന്ന് വ്യത്യസ്തമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. കാവി, സംഘപരിവാരം എന്നീ പദങ്ങളൊന്നും നേരത്തെ വന്ന പ്രമേയത്തിലുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനവും ആദ്യ പ്രമേയത്തിൽ നിന്ന് ഒഴിവാക്കിയതാകാം.
സഗൗരവ പ്രതിജ്ഞയേക്കൾ പ്രധാനമാണ് രാഷ്ട്രീയ സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയെന്നതെന്ന് പിണറായി വിജയനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ബി.ജെ.പിക്കെതിരെയുള്ള കഠിന പദങ്ങളൊക്കെ തരാതരം ഇടം നേടിയപ്പോൾ ആ വഴിക്കുള്ള അനൈക്യവും ഇല്ലാതായിപ്പോയി. കേന്ദ്ര സർക്കാരിന് കീഴിലാണ് ലക്ഷദ്വീപെന്നും അതിനാൽ കേന്ദ്രത്തെ ശക്തമായി വിമർശിക്കണമെന്നും പ്രതിപക്ഷം പ്രമേയാവതരണത്തിന്റെ തുടക്കത്തിൽ തന്നെ സഭയിൽ ആവശ്യപ്പെട്ടിരുന്നു. അനൂപ് ജേക്കബ്, പി.ടി. തോമസ്, എൻ. ഷംസുദ്ദീൻ എന്നിവരാണ് ഭേദഗതി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പുതിയ പ്രമേയം വന്നതോടെ വിമർശനത്തിന്റെ മുനയൊടിഞ്ഞെങ്കിലും എന്തുകൊണ്ട് ആദ്യ പ്രമേയം ആവിധമായി എന്ന ചോദ്യം ബാക്കിയാകുന്നു. തന്റെ സംഘപരിവാര വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംഘപരിവാറിനും കേന്ദ്ര സർക്കാരിനും എതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. ലക്ഷദ്വീപിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സമർഥിച്ചു. രണ്ട് കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ലെന്നത് ഉൾപ്പെടെയുള്ള കരിനിയമങ്ങൾ അറബിക്കടലിൽ എറിയണം. സാംസ്‌കാരിക അധിനിവേശമാണ് അവിടെ നടക്കുന്നത്. നാളികേര, മൽസ്യ ഷെഡുകൾ പൊളിച്ചു നീക്കുന്നു.
അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാ അവകാശം ലംഘിക്കപ്പെടുകയാണ്. ജനതക്ക് കാവലാകേണ്ട ഭരണകൂടമാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്. ജനസംഖ്യാ നിയന്ത്രണവും ഗുണ്ടാ ആക്ടുമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. എല്ലാ കോവിഡ് നിയമവും കാറ്റിൽ പറത്തിയത് കോവിഡ് വ്യാപനത്തിനിടയാക്കി. ദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമായി ഉയർന്നു. സംഘപരിവാറിന്റെ രാഷ്ട്രീയത്തെ മുളയിലേ നുള്ളണം. നാടിന്റെ മതേതര മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവെക്കാൻ ശ്രമിക്കുന്ന നീക്കത്തിനെതിരേ, ഇന്ത്യക്ക് മാതൃകയാവാൻ കേരളത്തിന് കഴിയണം. പ്രമേയത്തെ ഞാൻ പിന്താങ്ങുന്നു -വി.ഡി. സതീശന്റെ സംഘപരിവാർ വിരുദ്ധ വീര്യത്തിന് ചേരുന്ന വാക്കുകൾ. കേന്ദ്ര സർക്കാരാണ് അഡ്മിനിസ്ട്രേറ്ററെക്കൊണ്ട് അരുതായ്മകളെല്ലാം ചെയ്യിക്കുന്നത്. അതിനാൽ കേന്ദ്ര സർക്കാരിനെ പേരെടുത്തു വിമർശിക്കണം. തിബത്തിൽ കമ്യൂണിസ്റ്റ് ചൈന ചെയ്ത പോലെയാണ് കേന്ദ്രം ഇപ്പോൾ ലക്ഷദ്വീപിൽ ചെയ്യുന്നതെന്നൊരു കുത്തും പതിവ് പോലെ സി.പി.എമ്മിനിട്ട് കൊടുക്കാൻ പി.ടി. തോമസ് മറന്നില്ല. ഉടൻ വിഷയത്തിൽ ഇടപെട്ട മന്ത്രി പി. രാജീവ് പി.ടിയുടെ പരാമർശത്തിനെതിരെ തർക്കിച്ച് തന്റെ പ്രത്യയശാസ്ത്രം പുറത്തെടുത്തു. പോളണ്ടിനെപ്പറ്റി മാത്രമല്ല, ചൈനയെപ്പറ്റിയും ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന അവസ്ഥ തന്നെ. ഈ പരാമർശം പ്രമേയ ചർച്ചയിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ എം.ബി. രാജേഷിന്റെ ഉറപ്പ്. പ്രമേയത്തിൽ സംഘപരിവാറും അവരാൽ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സർക്കാരും എന്നു തന്നെ പറയണം എന്നായിരുന്നു മുസ്‌ലിം ലീഗിലെ എൻ. ഷംസുദ്ദീന്റെ നിർദേശം. കശ്മീർ വെട്ടിമുറിച്ചത് പോലെയും പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്ന പോലെയുമാണ് ലക്ഷദ്വീപിലെ നീക്കങ്ങളും. അഡ്മിനിസ്ട്രേറ്ററെ നീക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ മുഴുവൻ ഉത്തരവുകളും നീക്കണം. ഇന്നലെ കശ്മീർ, ഇന്ന് ലക്ഷദ്വീപ്, നാളെയത് കേരളമാകാം -പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ശക്തമായിരുന്നു.
സംഘപരിവാരത്തിന് താൽപര്യമില്ലാത്ത നാടാണ് കേരളം. അവർക്ക് താൽപര്യമില്ലാത്ത നാടുകളിൽ ഇത്തരം പല കാര്യങ്ങളും നടപ്പിലാക്കാൻ അവർ ശ്രമിക്കും -കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾക്ക് ശങ്കാലേശമില്ലാതെ അടിവരയിടാൻ ജനതാദളിലെ മത്യു ടി. തോമസിനും അൽപം പോലും മടിച്ചു നിൽക്കേണ്ടി വന്നില്ല. ഹരേകൃഷ്ണ പ്രസ്ഥാനക്കാരെ ദ്വീപിന്റെ ഭക്ഷണ കാര്യങ്ങൾ ഏൽപിക്കുന്നതിലെ ഗൂഢ ലക്ഷ്യത്തെപ്പറ്റിയാണ് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് ഇ. ചന്ദ്രശേഖരൻ ഓർമിപ്പിച്ചത്. ഇന്ത്യയെന്ന മഹത്തായ ആശയത്തെയാണ് സംഘപരിവാർ വെല്ലുവിളിക്കുന്നത്. കേരള കോൺഗ്രസിലെ (ജോസ് മാണി വിഭാഗം) ഡോ. എൻ. ജയരാജും മോൻസ് ജോസഫുമെല്ലാം സംഘപരിവാർ വിരുദ്ധ പക്ഷം അണി ചേർന്ന് ദീപ് ജനതക്ക് ധൈര്യം പകർന്നു. കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളുമാണ് ലക്ഷദ്വീപിൽ അടിച്ചേൽപിക്കുന്നതെന്ന് പുതിയ ഉള്ളടക്കമുള്ള പ്രമേയമവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ട സംഘപരിവാര വിമർശത്തോട് ആവും മട്ടിൽ പക്ഷം ചേർന്നുകൊണ്ടാണ് എല്ലാ അംഗങ്ങളും സംസാരിച്ചത്. തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച്, ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി കടന്നാക്രമണം വളർന്നുകഴിഞ്ഞിരിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തു മാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും ലക്ഷദ്വീപിൽ ഉണ്ടായി.
കേരളവും ദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി വിശദീകരിച്ചു. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബർ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാർ ജില്ലയുടെ ഭാഗവുമായിരുന്നു. ചരിത്രപരമായി നിലനിൽക്കുന്ന കേരളവുമായുള്ള പാരസ്പര്യ ബന്ധത്തെ തകർക്കുവാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ആ നാടിന്റെ ഭാവി ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യൻ ജനതയുടെയാകെ മനസ്സിൽ ഉയരുന്നു. കേരളം ആ ആശങ്ക പങ്കുവെയ്ക്കുന്നു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം ഈ സഭ ഐകകണ്ഠ്യേന പാസാക്കണമെന്ന് ആവശ്യപ്പെടുന്നു -ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന പ്രമേയത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നേമത്ത് 35,000 വോട്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പിടിച്ചില്ലായിരുന്നുവെങ്കിൽ അവിടെ അവരുടെ അക്കൗണ്ട് തുറന്നു തന്നെ കിടക്കുമായിരുന്നുവെന്ന് ഗവർണറുടെ പ്രസംഗത്തിന് നന്ദി പറയുന്ന പ്രമേയ ചർച്ചയിൽ മുസ്‌ലിം ലീഗിലെ എൻ. ഷംസുദ്ദീൻ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ശബരിമല പ്രശ്‌നത്തിൽ മാപ്പ് പറഞ്ഞിരുന്നില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം വന്നതും ചർച്ചക്കിടയിൽ. പോലീസ് നടപടിയിലാണ് ഖേദം പ്രകടിപ്പിച്ചത്. അല്ലാതെ ശബരിമലയിലെ സർക്കാർ ഇടപെടലിലല്ല. ശോഭ സുരേന്ദ്രനെ പോലൊരു ബി.ജെ.പി സ്ഥാനാർഥിയി കഴക്കൂട്ടത്ത് ഏറ്റുമുട്ടുമ്പോൾ കാണിച്ച രാഷ്ട്രീയ കൗശലത്തിന്റെ പുതിയ വ്യാഖ്യാനം. ഇനിയിപ്പോൾ എന്തായാലെന്ത്, അഞ്ച് കൊല്ലം കഴിഞ്ഞല്ലേ ഇനി തെരഞ്ഞെടുപ്പ്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കാനുള്ള ദൗത്യമാണ് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ പാർട്ടി ഏൽപിച്ചത്. അതവർ ഭംഗിയായി നിറവേറ്റി. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുന്ന ആദ്യ വനിതയായി അവർ മാറി.
ഇടതുപക്ഷം മൃദുഹിന്ദുത്വം കാണച്ചെന്ന് മനസ്സിലാക്കാൻ എം.എൽ.എമാരുടെ തലയെണ്ണി നോക്കിയാൽ മതിയെന്ന് കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മർമത്തിൽ കുത്തും ചർച്ചക്കിടയിൽ കേട്ടു.
പ്രതിപക്ഷത്തിന് മാത്രമല്ല സർക്കാരിനെ താറടിച്ചു കാണിച്ച മാധ്യമങ്ങൾക്കുമുള്ള തിരിച്ചടിയായാണ് പി.വി. അൻവർ തെരഞ്ഞെടുപ്പ് വിധിയെ കാണുന്നത്. അഞ്ച് പൈസ മോഡി കേരളത്തിന് തരില്ലെന്ന് പറഞ്ഞപ്പോൾ പാണക്കാട്ടും കെ.പി.സി.സിയിലും ബിരിയാണി വെച്ചിരുന്നുവെന്ന് അൻവറിന് ഉറപ്പാണ്.